Sunday September 24, 2017
Latest Updates

ഭാരതസഭയുടെ ആഘോഷം :എല്ലാ വഴികളും രാജഗിരിവാലിയിലേക്ക്

ഭാരതസഭയുടെ ആഘോഷം :എല്ലാ വഴികളും രാജഗിരിവാലിയിലേക്ക്

കൊച്ചി: കാക്കനാട് രാജഗിരിവാലി ഇന്നു ഭാരതസഭയുടെ ആഘോഷവേദിയാകും. തങ്ങള്‍ക്കായി ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം യാചിക്കാന്‍ രണ്ടു വിശുദ്ധരെക്കൂടി ലഭിച്ചതിന്റെ ആത്മീയ ആഘോഷം. കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും വിശുദ്ധപദവിയുടെ ആഘോഷത്തില്‍ കൃതജ്ഞതയര്‍പ്പിക്കാന്‍ ഒത്തുകൂടുമ്പോള്‍, ഈ പകല്‍ കേരളസഭയ്ക്ക് അഭിമാനത്തിന്റെ ചരിത്രം.ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭ്യമാണ് http://www.livingfaithchannel.com/

ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഭാരതസഭയുടെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും കാക്കനാട് രാജഗിരിവാലിയിലെ ചാവറഎവുപ്രാസ്യ നഗറിലാണു നടക്കുന്നത്. ഉച്ചയ്ക്ക് 1.30നു മെത്രാന്മാരും വൈദികരും ബലിയര്‍പ്പണത്തിന് ഒരുക്കമായി പ്രദക്ഷിണമായി ബലിവേദിയിലേക്കെത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്ഞതാബലിയര്‍പ്പണം. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി എന്നിവരും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികത്വം വഹിക്കും. പ്രമുഖ ഗായകരുള്‍പ്പെടുന്ന 150 അംഗ ഗായകസംഘമാണു ഗാനശുശ്രൂഷ നയിക്കുന്നത്. കൃതജ്ഞതാബലിക്കു മുന്നോടിയായി റെക്‌സ്ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടാകും. 

രാജഗിരിവാലിയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 50,000 പേര്‍ക്ക് ഇരിക്കാന്‍ കസേരകളുണ്ടാകും. പ്രധാന വേദിക്കു പുറമെ ഗായകസംഘത്തിനായി പ്രത്യേക വേദി നിര്‍മിച്ചിട്ടുണ്ട്. പന്തലിലെ എല്ലാവര്‍ക്കും പരിപാടികള്‍ വീക്ഷിക്കുന്നതിനു വലിയ ടെലിവിഷന്‍ സ്‌ക്രീനുകളുണ്ട്. കൃതജ്ഞതാബലിയെത്തുടര്‍ന്ന് എല്ലാവര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്യും. പന്തലില്‍ ഫാനുകള്‍, കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. താത്കാലിക മൂത്രപ്പുരകളും മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാണ്. വാര്‍ത്താമാധ്യമങ്ങള്‍ക്കു തത്സമയ സംപ്രേഷണത്തിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 

സ്‌നേഹവിരുന്നിനെത്തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മത, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തോടുബന്ധിച്ച് സിഎംഐ, സിഎംസി സഭകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യസേവന സംരംഭങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും. 

കാക്കനാട് രാജഗിരിവാലിയിലെ തിരുക്കര്‍മങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കുമായി വിശ്വാസികളുമായെത്തുന്ന ബസുകള്‍ക്കു കാക്കനാട് മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്കും പാര്‍ക്കിംഗിനു വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 6,500 കാറുകള്‍ക്കും 1,000 ബസുകള്‍ക്കും പാര്‍ക്കിംഗിനു സൌകര്യമുണ്ടാകും. 

Scroll To Top