Wednesday November 22, 2017
Latest Updates

രാഹുല്‍ ഗാന്ധി ചൈനീസ് യാത്രയും റദ്ദാക്കുന്നു

രാഹുല്‍ ഗാന്ധി ചൈനീസ് യാത്രയും റദ്ദാക്കുന്നു

ന്യൂഡല്‍ഹി: നോട്ടു വിഷയം കത്തി നില്‍ക്കെ പുതുവത്സരത്തിനു മുമ്പായി 11 ദിവസത്തെ അവധിയെടുത്തുള്ള യൂറോപ്പ് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വരുന്ന വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനവും റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്.

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം വിട്ടുകളഞ്ഞു ട്രിപ്പ് നടത്തുന്നതില്‍ പരക്കെയുള്ള വിമര്‍ശനം കാരണമാണ് യാത്രകള്‍ റദ്ദാക്കേണ്ടി വന്നത്.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. രാഹുലിന്റെ യുകെ യൂറോപ്യന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം മാറ്റിവയ്ക്കുകയായിരുന്നു.

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പോകാനിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ രാഹുല്‍ പോകുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഇപ്പോഴും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് പാര്‍ലമെന്റ് ബജറ്റ് സമ്മേളന വേളയില്‍ രാഹുലിന്റെ രണ്ടു മാസത്തോളം നീണ്ട മുങ്ങല്‍ ചര്‍ച്ചയായിരുന്നു.

Scroll To Top