Monday September 25, 2017
Latest Updates

സ്ലൈഗോയില്‍ ഇന്ത്യാ ഐറിഷ് ബന്ധത്തിന്റെ സൗഹൃദ ഗീതാഞ്ജലി ഇന്നുയരും,ആഹ്ലാദ പൂര്‍വ്വം ഇന്ത്യന്‍ സമൂഹം 

സ്ലൈഗോയില്‍ ഇന്ത്യാ ഐറിഷ് ബന്ധത്തിന്റെ സൗഹൃദ ഗീതാഞ്ജലി ഇന്നുയരും,ആഹ്ലാദ പൂര്‍വ്വം ഇന്ത്യന്‍ സമൂഹം 

ന്ന് സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ ദിവസമാണ്.2012 ഡിസംബര്‍ 13ന് അന്നത്തെ ഇന്ത്യന്‍ അമ്പാസിഡര്‍ ദേവാശിഷ് ചക്രവര്‍ത്തിയ്ക്ക് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ നല്കിയ ഒരു നിവേദനത്തിലാണ് ഐറിഷ്ആംഗലേയ സാഹിത്യകാരന്മാരില്‍ പ്രമുഖനായ ഡബ്ല്യൂ.ബി യീറ്റ്‌സിന്റെ സമകാലികനും,ഉറ്റ സുഹൃത്തുമായ നോബല്‍ സമ്മാനജേതാവും വിശ്വവിഖ്യാത എഴുത്തുകാരനായ രബീന്ദ്രനാഥടാഗോറിന് അവര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ പ്രതീകമായി സ്ലൈഗോയില്‍ ഒരു സ്മാരകം ഒരുക്കണം എന്ന നിര്‍ദേശം ആദ്യമായി സമര്‍പ്പിച്ചത്.റിക്കാര്‍ഡ് വേഗതയിലാണ് ഇന്ത്യാ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ നീക്കിയത് എന്നത് സ്ലൈഗോയിലെ ഇന്ത്യന്‍ വംശജരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന കാര്യമാണ്.ഇന്ത്യന്‍ അസോസിയേഷന്റെ ആവശ്യത്തിന് സ്ലൈഗോയിലെ യീറ്റ്‌സ് സൊസൈറ്റിയും സ്ലൈഗോ കൌണ്ടി കൌണ്‍സിലും നല്കിയ പിന്തുണയുടെ കരുത്തില്‍ ടാഗോറും ഡബ്ല്യൂ ബി യീറ്റ്‌സും തമ്മിലുണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിന്റെ സ്മരണ പുതുക്കുവാനും ഇത് ചരിത്രത്തില്‍ എഴുതി ചേര്‍ക്കുവാനായി ജൂണ്‍ 23 നു സ്ലൈഗോയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജനറല്‍ വി.കെ.സിംഗ് ടാഗോറിന്റെ അര്‍ത്ഥകായ പ്രതിമ അനാഛാദനം ചെയ്യും.yeat ta

ഇന്ത്യ അയര്‍ലണ്ട് സാംസ്‌കാരിക ബന്ധത്തിന്റെ ഒരു ഊട്ടി യുറപ്പിക്കലായാണ് ടാഗോര്‍-ഡബ്ല്യൂ.ബി യീറ്റ്‌സ് ബന്ധത്തെ കരുതപ്പെടുന്നത്.ഈ അവസരത്തില്‍ ഡബ്ല്യൂ.ബി യീറ്റ്‌സ്‌ന് ടാഗോറുമായും ഇന്ത്യയുമായുമുള്ള ബന്ധത്തെക്കുറിച്ച് ഒരു അവലോകനം നടത്തുന്നത് പ്രയോജനപ്രദം ആയിരിക്കും. 

ടാഗോറിന്റെ പ്രശസ്തമായ ഗീതാജ്ഞലിക്ക് അവതാരിക എഴുതിയത് ഡബ്ല്യൂ.ബി യീറ്റ്‌സാണ്.ഗീതാജ്ഞലിയുടെ അവതാരികയില്‍ അദ്ദേഹം ഇങ്ങിനെ എഴുതി.’ദിവസങ്ങളായി ഞാന്‍ ഗീതാജ്ഞലിയുടെ ഇംഗ്ലീഷ് വിവര്‍ത്തനവുമായി നടക്കുന്നു; ബസിലും, ട്രെയിനിലും ഒക്കെ ആയി ഞാന്‍ ഇതു വായിക്കുന്നു, എന്നിരുന്നാലും ആള്‍ക്കൂട്ടം ഉള്ളിടത്ത് വച്ച് ഞാനിതു തുറക്കാറില്ല, കാരണം ചിലപ്പോള്‍ ഗീതാജ്ഞലിയിലെ വരികള്‍ എന്നെ വികാരാധീനനാക്കും.അത്രയ്ക്ക് ഈ രചന എന്നെ സ്വാധീനിച്ചിരിക്കുന്നു. ഗീതാജ്ഞലിയുടെ ഉള്ളടക്കവും , അതില്‍ നിറഞ്ഞു നില്‍ക്കുന്ന തത്വചിന്തകളും ഞാന്‍ സ്വപ്നം കണ്ടിരുന്ന ഒരു സാങ്കല്പിക ലോകത്തെ ക്കുറിച്ചാണ്; ഇവിടെ ഞാന്‍ കവിതയും അദ്ധ്യാത്മികതയും ഒന്നാണെന്ന് തിരിച്ചറിയുന്നു.’ 

അയര്‍ലണ്ടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളും ബംഗാളിന്റെ ഗ്രാമങ്ങളും തമ്മിലുള്ള സാമ്യതകള്‍ ഡബ്ല്യൂ.ബി യീറ്റ്‌സ് പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്.ഇംഗ്ലീഷ് കൊളോണിയലിസത്തിന്റെയും , സാമ്രാജ്യത്വതിന്റെയും ഭാഗമായി നശിപ്പിക്കപ്പെട്ടെന്നു കരുതുന്ന രണ്ടു സംസ്‌കാരങ്ങളെ പറ്റിയുള്ള ആകുലതകള്‍ ആകാം ഈ രണ്ടു കവികളെയും ഒന്നിച്ചു ചേര്‍ത്തത്. ഇന്ത്യയെ ആസ്പദമാക്കി യീറ്റ്‌സ് The Indian to his Love , The Indian upon God, Anushuya and Vijaya എന്നീ മൂന്നു കവിതകള്‍ രചിച്ചിട്ടുണ്ട്.ഉപനിഷത്തിനെ ആധാരമാക്കി യീറ്റ്‌സും പുരോഹിത് സ്വാമിയുമായി ചേര്‍ന്ന് The Ten Principal Upanishads എന്ന പുസ്തകവും രചിച്ചിട്ടുണ്ട് . 

കാളിദാസന്റെ രചനകളിലും യീറ്റ്‌സ് അകൃഷ്ട്ടനായിരുന്നു എന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.1913 ഇല്‍ യീറ്റ്‌സ് മുന്‍കൈയെടുത്താണ് ടാഗോറിന്റെ പ്രശസ്ഥമായ ‘The Post Office ‘ എന്ന നാടകം ഡബ്ലിനില്‍ പ്രദര്‍ശിപ്പിച്ചത്.ഇന്ത്യയും ടാഗോറുമായും ഇത്രയൊക്കെ ബന്ധം ഉണ്ടായിട്ടും യീറ്റ്‌സിനു ഒരിക്കല്‍ പോലും ഇന്ത്യ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിട്ടില്ല.അയര്‍ലണ്ടിലെയും പ്രത്യേകിച്ച് സ്ലൈഗോയിലെയും ഇന്ത്യന്‍ സമൂഹത്തിന് ജൂണ്‍ 23 നു നടക്കുന്ന അനാഛാദന ചടങ്ങ് അഭിമാനത്തിന്റെ ദിനമാണ്.ഇന്ത്യ അയര്‍ലണ്ട് പരസ്പര ബന്ധത്തിന് ഈ സംരംഭം ഒരു നാഴികക്കല്ല് ആയിരിക്കും എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ്.dr s p

ഡോ .സുരേഷ് പിളള

(സ്ലൈഗോ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി ഗവേഷണ വിഭാഗം മേധാവിയാണ് ഡോ .സുരേഷ് പിളള.കോട്ടയം ചമ്പക്കര സ്വദേശിയായ ഡോ.സുരേഷ് പിളള 1998 മുതല്‍ അയര്‍ണ്ടിലെ താമസക്കാരനാണ്.)

Scroll To Top