Friday December 02, 2016
Latest Updates

ഇന്ത്യയ്ക്ക് സ്വര്‍ണ്ണമോ വെള്ളിയോ ?ഇന്നറിയാം

ഇന്ത്യയ്ക്ക് സ്വര്‍ണ്ണമോ വെള്ളിയോ ?ഇന്നറിയാം

റിയോയില്‍ വെള്ളിയാഴ്ച രാത്രി 7.30ന് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മാരിനെ ഇന്ത്യയുടെ പി.വി സിന്ധു നേരിടും

റിയോ ഡി ജനിറോ : റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന്റെ കരുത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ കടന്നതും ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പാക്കിയതും. സ്‌കോര്‍: 21-18, 21-10.

മെഡല്‍ നേട്ടത്തിനു പിന്നാലെ, സിന്ധുവിനും റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിനും ഖേല്‍രത്ന പുരസ്‌കാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഗുസ്തിയിലാണ് സാക്ഷി വെങ്കലം നേടിയത്.

ഇന്ത്യന്‍ ബാഡിമിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക് ബാഡ്മിന്റണ്‍ ഫൈനലിന് ഒരു താരം യോഗ്യത നേടുന്നത്.വെള്ളിയാഴ്ചയാണ് സിന്ധു ഫൈനലില്‍ മാറ്റുരയ്ക്കുക. ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കരോലിന മാരിനെയാണ് ഫൈനലില്‍ സിന്ധു നേരിടുക. വെള്ളിയാഴ്ച രാത്രി 7.30നാണ് ഫൈനല്‍.ലോക രണ്ടാം നമ്പര്‍ താരവും ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവുമായ ചൈനീസ് താരം യിഹാന്‍ വാങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയതെന്നതിനാല്‍ കരോലിനയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായിരിക്കും ഇന്നത്തേത്.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ സിന്ധു പിന്നീട് ഒരിക്കല്‍ പോലും പിന്നാക്കം പോയില്ല.

സ്മാഷുകളും ഡ്രോപ് ഷോട്ടുകളും ബാക് ഹാന്‍ഡ്-ക്രോസ് കോര്‍ട്ട് ഷോട്ടുകളുമായി സിന്ധു അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞാടുകയായിരുന്നു.

ഒകുഹാര ഒരു ഘട്ടത്തില്‍ 17-15 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ സിന്ധു 21-19 ന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 3-0 ലീഡ് സിന്ധു നേടിയെങ്കിലും തിരിച്ചടിച്ച ഒകുഹാര തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി എതിരാളിയെ അമ്പരപ്പിച്ചു. ഇരുവരും ഒപ്പത്തിനൊപ്പം സ്മാഷുകള്‍ പായിച്ചപ്പോള്‍ 5-5, 8-8, 10-10 എന്നിങ്ങനെ നിലകളിലേക്ക് പോയിന്റ് നില മാറിമാറിയെത്തി.

പിന്നീടാണ് സിന്ധു കത്തിക്കയറിയത്. ഡ്രോപ് ഷോട്ടുകളും ബാക്ഹാന്‍ഡ് ഷോട്ടുകളും അനായാസം ഉതിര്‍ത്ത സിന്ധുവിനു മുന്നില്‍ അടിയറ പറഞ്ഞ ഒകുഹാര തുടര്‍ച്ചയായി 11 പോയിന്റ് വഴങ്ങി.

Scroll To Top