Tuesday May 23, 2017
Latest Updates

മജീദിനെ തള്ളി, പി.വി അബ്ദുള്‍ വഹാബ് മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

മജീദിനെ തള്ളി, പി.വി അബ്ദുള്‍ വഹാബ് മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

മലപ്പുറം: നീണ്ട അനിശ്ചിതത്വത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പി.വി അബ്ദുല്‍ വഹാബ് തെരഞ്ഞെടുക്കപെട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്.

രാജ്യസഭാ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് വെള്ളിയാഴ്ച നടന്ന പ്രവര്‍ത്തക സമിതിയിലുണ്ടായത്. സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുള്ള ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബ് എന്നിവരെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയര്‍ന്നു. കൂടുതല്‍ ജില്ലാ കമ്മിറ്റികളും മജീദിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സമയാവ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.

2004 മുതല്‍ 2010 വരെ ലീഗിന്റെ രാജ്യ സഭാംഗമായിരുന്നു വഹാബ്. അന്ന് പാര്‍ട്ടിയില്‍ കാര്യമായ ചുമതലകളൊന്നുമില്ലാതിരുന്ന വഹാബിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രധിഷേധിച്ച് അന്നു തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടി കാട്ടി പി.വി. അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടേതായി വന്ന ഫേസ്ബുക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

വഹാബിനെ സമസ്ഥ പിന്തുണച്ചതാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ ഇങ്ങിനെയൊരു തീരുമാനത്തിന് ശിഹാബ് തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. തങ്ങള്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട് മറ്റ് പേരുകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകുമെന്ന് പി.വി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. പണക്കാരനായതു കൊണ്ടല്ല താന്‍ സ്ഥാനാര്‍ഥിയായത്. മുന്‍പും തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും എല്ലാ ആരോപണങ്ങളെയും തുറന്ന മനസോടെയാണ് കാണുന്നതെന്നും വഹാബ് പറഞ്ഞു. തന്റെ പ്രവര്‍ത്തനം കണക്കിലെടുത്താണ് സംസ്ഥാനസമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമാക്കിയത്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് താന്‍ വളര്‍ത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് രണ്ടാം തവണയും രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍പരിചയം ഉള്ളതുകൊണ്ട് ഇത്തവണ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വാസവും ആവേശവുമുണ്ടെന്നും. പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടിയുടെ കീഴ് വഴക്കം അനുസരിച്ച് ഹൈദരലി തങ്ങളുടേതാണ് അന്തിമ തീരുമാനമെന്നും മജീദ് പറഞ്ഞു.

Scroll To Top