Thursday December 08, 2016
Latest Updates

ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റ്; യു എസിനെതിരെ ആഞ്ഞടിച്ച് പുടിന്‍

ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റ്; യു എസിനെതിരെ ആഞ്ഞടിച്ച് പുടിന്‍

ഫിഫ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച യുഎസ് നടപടികളെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ രംഗത്ത്. മറ്റു രാജ്യങ്ങളുടെ അധികാര പരിധിയില്‍ യുഎസ് കടന്നുകയറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫിഫയുടെ കാര്യങ്ങളില്‍ യുഎസ് ഇടപെടേണ്ടതില്ല. അറസ്റ്റിലായവര്‍ യുഎസ് പൗരന്‍മാരുമല്ല. സെപ് ബ്ലാറ്റര്‍ക്ക് റഷ്യയുടെ പിന്തുണയുണ്ടായിരുന്നുവെന്നും, സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ തലവനായി തിരഞ്ഞെടുക്കപ്പെടുന്നത് തടയുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും പുടിന്‍ ആരോപിച്ചു.

ഫിഫ തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്ററുമായി ഏറെ അടുപ്പമുള്ള ഒന്‍പതോളം ഉദ്യോഗസ്ഥര്‍ കോഴക്കേസില്‍ ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അറസ്റ്റിലയത്. ഫിഫ വൈസ് പ്രസിഡന്റ് ജെഫ്രി വെബ് അടക്കമുള്ള പ്രമുഖരും അറസ്റ്റിലായവരില്‍ പെടുന്നു.

ലോകകപ്പുകള്‍ക്ക് രാജ്യങ്ങള്‍ക്ക് ആതിഥേയത്വം അനുവദിക്കുന്നതിലും രാജ്യാന്തര സൗഹൃദമല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കോടികളുടെ അഴിമതി നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. അതിനിടെ, ഫിഫയിലെ ഉന്നതര്‍ അഴിമതി നടത്തിയെന്ന കണ്ടെത്തല്‍ ഞെട്ടിച്ചുവെന്നും നിലവിലെ സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് ആറുമാസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവേഫ അധികൃതരും രംഗത്തെത്തി.

 

Scroll To Top