Tuesday September 19, 2017
Latest Updates

പുനര്‍ജന്മങ്ങള്‍ ( കഥ സെബി സെബാസ്റ്റ്യന്‍ )

പുനര്‍ജന്മങ്ങള്‍ ( കഥ സെബി സെബാസ്റ്റ്യന്‍ )

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി ബുക്ക് ഷെല്‍ഫില്‍ നിന്ന് ആ പഴയ ഓട്ടോഗ്രാഫ് തപ്പിയെടുത്തു.1992 ലെ നിറം മങ്ങിയ ഒരു ഡയറി . നാട്ടില്‍ നിന്ന് കൊണ്ടുപോന്ന പുസ്തക ശേഖരത്തില്‍ പെട്ടതാണ്.അതിലെ താളുകള്‍ മറി ച്ചുകൊണ്ടിരുന്നപ്പോള്‍ ആ പേജു കണ്ടെത്തി.പ്രീ ഡിഗ്രി ക്ലാസ്സിലെ അവസാന ദിവസം എനിക്ക് അവന്‍ എഴുതി തന്ന അക്ഷരങ്ങളിലൂടെ ഒന്ന് കൂടി കണ്ണോടിച്ചു. 

‘ജീവിതത്തിന്റെ ഏതെങ്കിലും വഴികളില്‍ വച്ചു ഇനിയും കണ്ടുമുട്ടുവാന്‍ എന്നെങ്കിലും ഭാഗ്യം ഉണ്ടാവുകയാണെങ്കില്‍ നമുക്ക് പങ്കുവയ്ക്കാന്‍ സന്തോഷത്തിന്റെ കഥകള്‍ മാത്രം ഉണ്ടാകട്ടെ ‘
സ്‌നേഹപൂര്‍വ്വം ജസ്റ്റിന്‍ പോള്‍ .

ഒരു 17 വയസ്സുകാരന്റെ വാക്കുകള്‍. നാളെയാണ് അവന്‍ എന്നെ കാണാന്‍ ഈ വീട്ടില്‍ വരുന്നത്. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ..!.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഡബ്ലിനിലും അവന്‍ ലണ്ടനിലും ആണെന്ന് ഞങ്ങള്‍ പരസ്പരം അറിയുന്നത്. ഫേസ് ബൂക്കിലൂടെ യാദൃശ്ചികമായി സംഭവിച്ചതാണ്.അവന്‍ ജോലി ചെയുന്ന കമ്പനിയുടെ ആവശ്യത്തിനായി 2 ദിവസത്തേക്ക് ഭാര്യയോടും കുട്ടികളോടുമൊപ്പം ഡബ്ലിനില്‍ വരുന്നു .ഒരു ഷോര്‍ട്ട് വിസിറ്റ് .ഇന്ന് തന്നെ നഗരത്തിലെ ജോലിതിരക്കുകള്‍ തീര്‍ത്തു നാളെ രാവിലെ 10 മണിയുടെ ഈ വീട്ടില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കട്ടിലില്‍ ഉറക്കം വരാതെ കിടന്നപ്പോള്‍ ആലോചിക്കുകയായിരുന്നു ,23 വര്‍ഷത്തെ കഥകളാണ് ഞങ്ങള്‍ക്ക് പരസ്പരം പങ്കുവയ്ക്കാനുള്ളത്. കോളേജില്‍ നിന്ന് പിരിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ഇന്നലെ വരെ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ …..
പിറ്റേന്നു 10 മണിയോടെ ഒരു ടാക്‌സി കാര്‍ വീടിനു മുന്‍പില്‍ വന്നു നിന്നു .അതില്‍ നിന്ന് ജസ്റ്റിനും അവന്റെ ഭാര്യയും 7 വയസ് തോന്നിക്കുന്ന ഒരാണ്‍കുട്ടിയും 5 വയസു തോന്നി ക്കുന്ന ഒരു പെണ്‍കുട്ടിയും ഇറങ്ങി വന്നു. ഒരു ഗാഡമായ ആലിംഗനത്തോടെ ഞാന്‍ അവനെ സ്വീകരിച്ചു .നീണ്ട 23 വര്‍ഷങ്ങള്‍ ഞങ്ങളുടെ ശരീരത്തില്‍ എന്ത് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കി .!

ചായക്കു ശേഷം അധികം വൈകാതെ കുറച്ചു ദൂരെ കാഴ്ചകള്‍ കാണിക്കാനായി അവരെ കൂട്ടികൊണ്ട് പോയി.കാറില്‍ ഞങ്ങള്‍ ഇരുവരും കൊച്ചുകുട്ടികളെ പോലെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.വൈകുന്നരം തിരിച്ചു വന്നു കുളിച്ചു ഫ്രഷ് ആയി വീടിനു പുറകിലെ ഗാര്‍ഡനിലെ കസേരകളില്‍ പോയിരുന്നു .ഐസും, സ്ലൈസ് ചെയ്ത ലെമനും ഇട്ടുവച്ചിരിക്കുന്ന 2 ഗ്ലാസുകളിലേക്ക് റഷ്യന്‍ വോഡ്ക പകര്‍ന്ന് കൊണ്ട് ഞങ്ങള്‍ ജീവിത കഥകളുടെ ഭാണ്ഡങ്ങള്‍ അഴിക്കാന്‍ തുടങ്ങി …

.അവന്റെ കുട്ടികള്‍ എന്റെ കുട്ടികള്‍ക്കൊപ്പം എല്ലാം മറന്നു തൊട്ടപ്പുറത്ത് കളികളില്‍ മുഴുകിയിരിക്കുന്നു.പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷമാണവര്‍ക്ക്.അവന്റെ നേഴ്‌സ് ആയ ഭാര്യ ജെന്നിയും എന്റെ ഭാര്യയും അടുക്കളയിലെ കസേരകളില്‍ ഇരുന്നു ബ്രിട്ടനിലെയും ഐര്‍ലണ്ടിലെയും നഴ്‌സിംഗ് കാരിയറിനെ പറ്റിയും ജീവിത സാഹചര്യങ്ങളെ പറ്റിയും വിശദമായ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുന്നു. ആ സമയം ഞാന്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ എന്റെ ചങ്ങാതിയുമൊത്തു പുറത്തു പുതിയ ഒരു ലോകം തീര്‍ക്കുകയായിരുന്നു…കോളേജില്‍ നടന്ന സംഭവങ്ങള്‍ ഒരൊന്നായി ഞങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .അന്ന് പഠിച്ച പലരുമായും ജസ്റ്റിനു ഇപ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ട് എന്നത് എന്നില്‍ ആശ്ചര്യമുളവാക്കി. അവന്‍ ഓരോരുത്തരെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു.തണുത്ത വോഡ്ക നുകര്‍ന്നുകൊണ്ട് ഞാന്‍ എന്റെ കൌമാരത്തിലേക്കു പുനര്‍ജനിക്കുകയായിരുന്നു. ..

ആനന്ദു വീട്ടുകാരെ എതിര്‍ത്തു വിവാഹം കഴിച്ചു ബംഗ്ലൂരില്‍ സെറ്റിലാണ്. ക്രിക്കറ്റ്ഭ്രാന്തനായിരുന്ന വാഹിധ് ഇപ്പോള്‍ ഗള്‍ഫിലാണ് .മുരളീധരന്‍ തൃശ്ശൂരിലെ ഒരു വലിയ ആശുപത്രിയിലെ ഗൈനകോളജിസ്റ്റാണ്.അവന്റെ ഭാര്യ അവിടത്തെ പീഡിയാട്രീഷ്യന്‍ .ഞാനും മുരളിയും കൂടി ഒരുമിച്ചു മെഡിക്കല്‍ എന്‍ട്രന്‍സിനു പഠിച്ച കാലം അപ്പോള്‍ ഞാന്‍ ഓര്‍ത്തു.അവനു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടി കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കോളേജിലേക്ക് ഒരു കത്തെഴുതി‘ എന്നെ ഇവിടത്തെ അന്തരീക്ഷം വല്ലാതെ മടുപ്പിക്കുന്നു , ഭയപെടുത്തുന്നു .വലിയ പണക്കാരുടെ മക്കളുടെ ജാടകള്‍, റാഗിംഗ് , എനിക്ക് താങ്ങാനകുന്നില്ല.. ഞാന്‍ ഇത് വിട്ടു നിന്റെ ഒപ്പം ഡിഗ്രി ഫസ്റ്റ് ഇയറിനു നമ്മുടെ അതെ കോളേജ്ല്‍ ചേര്‍ന്നാലോ എന്ന് ആലോചിക്കുകയാണ്..’ 

ആ കത്ത് ഞാന്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് .ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്നു സ്വപ്രയത്‌നം കൊണ്ട് മാത്രം എല്ലാവരും മോഹിക്കുന്ന മെഡിക്കല്‍ സീറ്റ് കിട്ടിയ മുരളിക്ക് പിടിച്ചു നില്ക്കാന്‍ വേണ്ട ആത്മധൈര്യം കൊടുത്തു ഞാന്‍ ഒരു മറുപടി എഴുതിയിരുന്നു .ആ കത്തു അവന്റെ കൈയ്യില്‍ ഇപ്പോഴും കാണുമോ എന്തോ ?.

പിന്നിട് എനിക്ക് അറിയേണ്ടിയിരുന്നത് പ്രിന്‍സ് ജോസിനെ കുറിച്ചായിരുന്നു .ഒരിക്കലും പാന്‍ട്‌സ് ധരിക്കാത്ത, ഒറ്റ മുണ്ടും പാരഗന്‍ ചെരുപ്പും ധരിച്ചു, വാച്ച് പോലും കൈയ്യില്‍ കെട്ടാതെ, 2 വര്‍ഷം കോളേജില്‍ പഠിച്ച പ്രിന്‍സ്, ഒരു വലിയ പണക്കാരന്റെ മകനാണെന്ന് കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത് .കടം വാങ്ങിയ കാശിനു കാന്‍വാസും സ്‌പോര്‍ട്‌സ് ഷൂകളും ധരിച്ചു, മറ്റുള്ളവരുടെ ബൈക്ക് കടം വാങ്ങി കോളേജില്‍ വന്നു ‘ഷൈന്‍’ ചെയ്തിരുന്നവരുടെ ഇടയില്‍ പ്രിന്‍സ് ജോസ് എനിക്ക് ഒരു അത്ഭുതമായിരുന്നു, ഇന്നും അതെ… അവന്റെ ലാളിത്യം എന്റെ ജീവിതത്തെ വരെ സ്വാധീനിചിട്ടുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . പക്ഷെ അവന്‍ ഇപ്പോള്‍ എവിടെയാണെന്ന് ജസ്റ്റിനുപോലും അറിയില്ല 

മദ്രാസില്‍ സെറ്റിലായ ബ്രിജെഷ് നമ്പ്യാര്‍ 2 വര്‍ഷം മുന്‍പ് ആകസ്മികമായി മരിച്ചുപോയി.2 കുട്ടികളെയും ഭാര്യയേയും അനാഥമാകി കൊഴിഞ്ഞു പോയ ജന്മം. അവന്റെ ഒപ്പം കോളേജ് കാന്റീനില്‍ നിന്ന് എത്ര തവണ ചായ കുടിച്ചിരിക്കുന്നു .രാജേഷ് ദുബായിയില്‍ ചാര്‍ടെഡ് അക്കൌണ്ടാന്റാണ് .കവിത, മഞ്ചുഷ, ധന്യ അങ്ങനെ പലരും ഭര്‍ത്താക്കന്മാരോടോപ്പം പല പല രാജ്യങ്ങളില്‍ സ്ഥിരതാമസമാകിയിരിക്കുന്നു. ഓര്‍മകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു കിടക്കുന്ന ധാരാളം പേരുകളും… മുഖങ്ങളും.. 

ഓരോരുത്തരുടെയും ജീവിതങ്ങള്‍ ഓരോരോ കഥകളാണ്… ഒഴിഞ്ഞ ഗ്ലാസിലേക്കു വോഡ്ക പകര്‍ന്ന് കൊണ്ട് ജസ്റ്റിന്‍ അവന്റെ തന്നെ കഥ പറയാന്‍ തുടങ്ങി.നാട്ടില്‍ അധ്യാപകനായി ജോലി ചെയ്തതും പിന്നീട് പി എസ് സി ടെസ്റ്റ് എഴുതി പോലീസ് ആയതും,പിന്നെ ലീവെടുത്ത് ലണ്ടനിലെ ഒരു കമ്പനിയില്‍ ജോലിനോക്കുന്നതും വരെയുള്ള കഥകള്‍ .ഒരു ജീവിതത്തില്‍ തന്നെ പല വേഷങ്ങള്‍ ആടിയ അവന്റെ കഥ എന്നില്‍ സത്യത്തില്‍ കൌതുകമുണര്‍ത്തി..!! 

പുറത്തെ ഇരുട്ടിനു കനം വച്ചു തുടങ്ങി.. തണുപ്പും കൂടി വരുന്നു.. ആകാശത്ത് ചന്ദ്രന്‍ തിളങ്ങി നില്‍പ്പുണ്ട് .ആ നിലാവെളിച്ചം ഗാര്‍ഡനില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു .ഇതിനിടയില്‍ എപ്പോഴോ കുട്ടികള്‍ ഭക്ഷണം കഴിച്ചു ഉറങ്ങാനായി മുകളിലേക്ക് പോയിരുന്നു. എന്റെ മക്കള്‍ക്ക് വലിയ സന്തോഷമാണ്. അമ്മ വീട്ടില്‍ നിന്നോ മറ്റു ബന്ധുക്കളുടെ വീട്ടില്‍ നിന്നോ ആരും വന്നു ഉറങ്ങാന്‍ ഇല്ലാത്ത ഈ പ്രവാസലോകത്ത് ,വല്ലോപ്പോഴും ഇതുപോലെ വരുന്ന അതിഥികളുടെ കുട്ടികള്‍ക്കൊപ്പം ഉറങ്ങുന്നത് അവര്‍ക്ക് വലിയ സന്തോഷമാണ് .
ഞാന്‍ ഭാര്യയോടു പറഞ്ഞു , ‘ജെന്നിയോടോപ്പം ഭക്ഷണം കഴിച്ചു മുകളിലോട്ടു പോയ്‌കൊള്ളൂ ഞങ്ങള്‍ വരാന്‍ വൈകും ‘. 
ഒഴിഞ്ഞ ഗ്ലാസുകള്‍ പലകുറി വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു. ആയിരം രാവുകള്‍ ഇരുന്നാലും തീരാത്ത കഥകള്‍ ,ദിവസവും രാവിലെയും വൈകീട്ടും ഒരുമിച്ചു ഒരേ ബസിലെ യാത്രകള്‍, ക്ലാസ് കട്ട് ചെയ്തു ‘അമരം’ സിനിമ കാണാന്‍ ഞങ്ങള്‍ ഇരുവരും പോയത് ,ബോട്ടണി ക്ലാസില്‍ ഗോപാലകൃഷ്ണ പിള്ള സാര്‍ ചക്ക ചവിണി യുടെ ഇംഗ്ലീഷ് വാക് ചോദിച്ചപ്പോള്‍ ജാക്ക് ഫ്രൂട്ട് ചവിണി എന്ന് ഞാന്‍ ഉത്തരം പറഞ്ഞത്, ക്ലാസ്സിലെ 80 കുട്ടികളും അതുകേട്ട് ഉറക്കെ ചിരിച്ചത്, വിദ്യാര്‍ഥി സമരം മൂലം ക്ലാസ് ഇല്ലാത്ത ദിവസങ്ങളില്‍ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടികളെ നോക്കി വെറുതെ ഇരുന്ന് സമയം കളഞ്ഞ ത് , അങ്ങെനെ എന്തെല്ലാം ………
നിറഞ്ഞ ഗ്ലാസ്സില്‍ നിന്ന് .ഒരു സിപ് നുകര്‍ന്നു കൊണ്ട് ജസ്റ്റിന്‍ എന്നോടു ചോദിച്ചു,

‘ ഉണ്ണി ആരെയെങ്കിലും പ്രേമിച്ചിരുന്നോ ?’ 
അപ്രതീക്ഷിതമായ ആ ചോദ്യം ഒരു ആഘാതമായി തോന്നി . കൂട്ടത്തില്‍ ചെറിയവനായ എന്നെ’ ഉണ്ണി’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത് .ഞാന്‍പോലും മറന്നു തുടങ്ങിയ ആപേര് എന്നെ ഇപ്പോള്‍ ഇവന്‍ ഓര്‍മിപ്പിച്ചിരിക്കുന്നു ..!!
അല്പനേരത്തെ നിശബ്ദതക്കു ശേഷം തലയാട്ടികൊണ്ട് അലസമായി മറുപടി പറഞ്ഞു ‘ഇല്ല ‘
വേണ്ട നിഗൂഡമായ ആ സത്യം എന്നോടൊപ്പം മണ്ണടിയട്ടെ .ഈ ലോകത്തെ ആരും അത് അറിയണ്ട. അത് എന്റെതുമാത്രമായ സ്വകാര്യം 

ഉടന്‍ വന്നു അവന്റെ അടുത്ത ചോദ്യം
.’ ഉണ്ണി എങ്ങനെ അയര്‍ലണ്ടില്‍ എത്തി ?’ .

എന്റെ ഗ്ലാസില്‍ ശേഷിച്ച അര ഗ്ലാസ് വോഡ്ക ഒറ്റ വലിക്കു അകത്താക്കി കൊണ്ട് ഞാന്‍ പുനര്‍ജനികളിലേക്ക് കടന്നു … 
ഡിഗ്രി കഴിഞ്ഞു ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന നാളുകള്‍ , 25 വയസ്സ് പൂര്‍ത്തിയാകുന്ന ജന്മദിനത്തിന്റെ അന്ന് മരണത്തെ പുല്‍കുമെന്നു ദൈവത്തിനു അന്ത്യ ശാസനം കൊടുത്തു നടന്ന നാളുകള്‍ , മണ്ണ് മാഫിയക്കെതിരെ പോരാട്ടത്തിനു ഇറങ്ങിയ കഥകള്‍, വധ ഭീഷ ണി കള്‍ .,ഒരു ഒളിച്ചോട്ടം പൊലെയോ തീര്‍ഥാടനം പോലെയോ കരുതാവുന്ന തരത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ജീവിച്ചത്, അവസാനം നാട്ടില്‍ തിരിച്ചെത്തി അധ്യാപകാനായി ജോലി നോക്കിയതു പിന്നിട് നഴ് സിനെ വിവാഹം ചെയ്തു ഇവിടെ എത്തിയത് ….
അങ്ങനെ 23 വര്‍ഷത്തെ ജീവിതം ഒരു രാവില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു . അപ്പോഴേക്കും മനസ്സ് ഒരു പാടു പുറകിലായി പോയിരുന്നു.. ആ പ്രായങ്ങളില്‍ ,ആ കാലങ്ങളില്‍ ഞാന്‍ പുനര്‍ജനിക്കുകയായി രുന്നു ..!!എന്റെ കൌമാരവും യൗവനവും എന്നില്‍ നിറഞ്ഞു നില്‍ ക്കുന്നു ..!! 

എന്റെ സുഹൃത്തെ ഓട്ടോ ഗ്രാഫില്‍ നീ എഴുതിയിരുന്നതു പോലെ സന്തോഷത്തിന്റെ കഥകള്‍ മാത്രം പറയാന്‍ എനിക്ക് കഴിഞ്ഞില്ല… എന്നോടു ക്ഷമിക്കു ….

ഒഴിഞ്ഞ കുപ്പികള്‍ക്കിടയിലൂടെ കസേരകള്‍ ഒതുക്കിയിട്ടു എപ്പോഴാണ് ഞങ്ങള്‍ ഉറങ്ങാന്‍ പോയതെന്ന് ഓര്‍മയില്ല .
പിറ്റേന്ന് അവരെ എയര്‍ പോര്‍ട്ടില്‍ കൊണ്ട് ചെന്നാക്കി. യാത്രപറഞ്ഞു തിരിച്ചിറങ്ങി .മോട്ടോര്‍വേയിലൂടെ കാര്‍ ഓടിച്ചു തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ മനസ്സ് നിറയെ ഒറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നോള്ളൂ …. പ്രവാസത്തിന്റെ ഈ ഊഷരഭൂമിയില്‍ കുളിര്‍ മഴപോലെ ഇനി എന്നാണ് പുനര്‍ജന്മങ്ങള്‍ ഉണ്ടാവുക ….?

Scroll To Top