Tuesday December 06, 2016
Latest Updates

പുലിമുരുകന്‍ ഇന്റര്‍നെറ്റിലും കാണാം, പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍,അയര്‍ലണ്ടിലും പ്രദര്‍ശനത്തിന് വന്‍തിരക്ക്

പുലിമുരുകന്‍ ഇന്റര്‍നെറ്റിലും കാണാം, പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍,അയര്‍ലണ്ടിലും പ്രദര്‍ശനത്തിന് വന്‍തിരക്ക്

തിരുവനന്തപുരം: മോഹന്‍ലാലിന്റെ വിസ്മയ പ്രകടനം കൊണ്ടു മലയാളികളുടെ ആകെ ഹൃദയം കീഴടക്കിയ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. തമിഴ് റോക്കോഴ്സ് അടക്കം നാല് വെബ്സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ചിത്രം സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. വെബ് സൈറ്റില്‍ ചിത്രം പ്രത്യക്ഷപ്പെട്ട വിവരം വാട്സ് ആപ്പ് വഴി വൈറലായതിനെ തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ ഡോമിന് പരാതി നല്‍കി. ഇതേതുടര്‍ന്ന് സൈബര്‍ ഡോം വ്യാജപതിപ്പ് സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തു.

ഇതിനിടെ 28 പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം ആന്റിപൈറസി സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. ആന്റി പൈറസി സെല്ലും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം ആരൊക്കെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുവെന്ന കാര്യവും സൈബര്‍ ഡോം ശേഖരിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ ഇന്നലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്.അറുപതോളം ഷോയാണ് അടുത്ത ദിവസങ്ങളിലായി വിവിധ തീയേറ്ററുകളിലായി ഇവിടെയും ഉള്ളത്.ഇന്നലെ പ്രദര്‍ശനം നടന്ന എല്ലാ കേന്ദ്രങ്ങളിലും സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.പ്രേമം’ പോലെ പരസ്യത്തില്‍ പിടിച്ചു നില്‍ക്കുന്ന,സംഭവിക്കാന്‍ സാധ്യതയില്ലാത്ത,കഥയില്ലാത്ത സിനിമയാണ് പുലിമുരുകനും എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ ആവേശത്തോടെയെത്തുന്ന   മോഹന്‍ലാല്‍ ഫാന്‍സ് അത്തരം അഭിപ്രായങ്ങളെ പുച്ഛത്തോടെ തള്ളി കളയുകയാണ്.

താലയടക്കമുള്ള കേന്ദ്രങ്ങളില്‍ സിനിമ കാണാനെത്തിയവര്‍ പാര്‍ക്കിംഗ് ഇനത്തില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുകയും ചെയ്തുവെന്നും പറയപ്പെടുന്നു.മൂന്നു മണിക്കൂര്‍ വരെ സൗജന്യ പാര്‍ക്കിങ് മിക്ക കേന്ദ്രങ്ങളിലും ഉണ്ടെങ്കിലും സിനിമ കണ്ടിറങ്ങുമ്പോഴേയ്ക്കും അതിലേറെ സമയം വാഹനം പാര്‍ക്ക് ചെയ്യേണ്ടി വരുമെന്നതിനാല്‍ നാല് യൂറോ വരെ അടയ്ക്കേണ്ടി വന്നത്രെ.

Scroll To Top