Monday December 05, 2016
Latest Updates

ഇന്ത്യയില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി,24 മരണം

ഇന്ത്യയില്‍ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി,24 മരണം

മഥുര : മഥുരയിലെ സര്‍ക്കാര്‍ ഭൂമി കൈയേറിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു.നാല് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി, എസ്.എച്ച്. ഒ സന്തോഷ് യാദവ് എന്നിവര്‍ ജനക്കൂട്ടത്തിന്റെ വെടിയേറ്റാണ് മരിച്ചത്.

23 പൊലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു. 320 അക്രമികളെ അറസ്റ്റ് ചെയ്തു. 47 നാടന്‍ തോക്കുകളും ആറ് റൈഫിളുകളും 178 തിരകളും നിരവധി ഗ്രനേഡുകളും പൊലീസ് പിടിച്ചെടുത്തു.

യു.പി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ 280 ഏക്കര്‍ ഭൂമി ഉള്‍പ്പെടുന്ന ജവഹര്‍ബാഗ് പാര്‍ക്ക് കൈയേറിയ മൂവായിരത്തോളം പേരാണ് അക്രമാസക്തരായത്. ബാബ ജയ് ഗുരുദേവ് എന്ന ആള്‍ദൈവത്തിന്റെ അനുയായി വൃന്ദത്തില്‍ നിന്ന് വിഘടിച്ച് ശക്തിയാര്‍ജിച്ച സംഘടനയിലെ അംഗങ്ങളാണ് ജനക്കൂട്ടം.രണ്ട് വര്‍ഷമായി ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്ന ഇവരെ ഒഴിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച രാത്രി ഇവരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.രണ്ടു പോലീസുകാരെ മരക്കൂട്ടതിനുള്ളില്‍ ഒളിഞ്ഞിരുന്ന സമരക്കാര്‍ ഇന്നലെ വെടിവെച്ചു കൊന്നിരുന്നു.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക തുടങ്ങിയവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച സമരക്കാര്‍ തങ്ങള്‍ സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ ആണെന്നും അവകാശപ്പെട്ടിരുന്നു.

ഇവര്‍ എ.കെ 47 തോക്കുകളും നാടന്‍ തോക്കുകളും ഉപയോഗിച്ച് പൊലീസിന് നേരെ വെടിവയ്ക്കുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു. പൊലീസിന്റെ വെടിയേറ്റ് പത്ത് പേര്‍ കൊല്ലപ്പെട്ടു. ജനക്കൂട്ടം ഗ്യാസ് സിലിണ്ടറുകള്‍ തുറന്നു വിട്ട് തീ വച്ചു. പതിനൊന്ന് പേര്‍ വെന്ത് മരിച്ചു. സിലിണ്ടറുകളും ഗ്രനേഡുകളും പൊട്ടിത്തെറിച്ചു. കുടിലുകള്‍ കത്തി നശിച്ചു. സ്ഥലത്താകെ പുക പടര്‍ന്നതോടെ യുദ്ധക്കളത്തിന്റെ പ്രതീതിയായി. ഒരുമണിക്കൂറിനകം ജനക്കൂട്ടം ഒഴിഞ്ഞു പോയി. ഒഴിഞ്ഞുപോയവരെ പല സ്ഥലത്തും നാട്ടുകാര്‍ ആക്രമിച്ചു.

കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നല്‍കും. പൊലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദിയുടെ മാതാവ് നഷ്ടപരിഹാരത്തുക നിരസിച്ചു. മുഖ്യ പ്രതിയായ രാംവൃക്ഷ യാദവ് ഉള്‍പ്പെടെ അറസ്റ്റിലായവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് മേധാവി ജാവേദ് അഹമ്മദ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതി നേരിട്ടതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. യു.പി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ബി.ജെ.പി ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Scroll To Top