Tuesday December 06, 2016
Latest Updates

പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലെത്തി,ജലനിരക്കിനെതിരെ ജനകീയമാര്‍ച്ച് ഇന്ന് ,ചരിത്രസമരമാക്കാന്‍ ആഹ്വാനം 

പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലെത്തി,ജലനിരക്കിനെതിരെ ജനകീയമാര്‍ച്ച് ഇന്ന് ,ചരിത്രസമരമാക്കാന്‍ ആഹ്വാനം 

ഡബ്ലിന്‍:പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ ഡബ്ലിനിലേയ്ക്ക് ഒഴുകിയെത്തുന്നു.ജല നിരക്കുകള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള ജനകീയ സമരത്തില്‍ ഇതേ വരെ കണ്ടിട്ടില്ലാത്തത്ര ആര്‍ജവത്തോടെയാണ് ഇന്ന് ഡബ്ലിന്‍ നഗരത്തില്‍ പൊതു ജനങ്ങള്‍ എത്തി ക്കൊണ്ടിരിക്കുന്നത്.രാവിലെ 9 മണി മുതല്‍ തന്നെ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള ബസുകള്‍ പ്രവര്‍ത്തകരേയും വഹിച്ചു കൊണ്ട് നഗരത്തില്‍ എത്തി ചേരുന്നുണ്ട്.വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ സിറ്റിയിലെ മൈതാനങ്ങള്‍ ,പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.ഒരു മണിയോടെ ഇവര്‍ സമരത്തിനിറങ്ങും.

9 മണിയോടെ സിറ്റിയിലെ കാലാവസ്ഥ മെച്ചപ്പെട്ടത് പ്രവര്‍ത്തകര്‍ക്ക് ആവേശം ഉണര്‍ത്തുന്നു.കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധസദനങ്ങളുടെ പ്രതിനിധികള്‍ വരെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ നഗരത്തില്‍ എത്തിയിട്ടുണ്ട് 

മനുഷ്യാവകാശ ദിനമായ ഇന്ന് ജലം മനുഷ്യാവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് അയര്‍ലണ്ടിലെ എല്ലാ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളും ഒന്ന് ചേര്‍ന്ന് നടത്തുന്ന ഈ സമരം നാടിന്റെ രാഷ്ട്രീയചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുമെന്ന പ്രത്യാശയിലാണ് റൈറ്റ് റ്റു വാട്ടര്‍ പ്രവര്‍ത്തകര്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ ഏര്‍പ്പെടുത്തിയിരുന്ന ജലനിരക്ക് ജനകീയ സമരത്തിലൂടെ സര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിച്ച ചരിത്രം അയര്‍ലണ്ടിലെ സാധാരണജനങ്ങള്‍ക്കുണ്ട്. 

ഇന്ന് ഒരു മണിയോടെ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ അണിനിരക്കുന്ന സമരം ലിന്‍സറ്റര്‍ ഹൗസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.നാല് മണി വരെ മാര്‍ച്ച് തുടരും. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പാര്‍ലമെന്റ് വളയുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ടിഡിമാരായ റൂത്ത് കൊപ്പിങ്ങര്‍, ജോ ഹിഗ്ഗിന്‌സ് എന്നിവര്‍ ഡബ്ലിനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അയര്‍ലണ്ടിലെ റൈറ്റ് ടു വാട്ടര്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ ജലനിരക്ക് വിരുദ്ധ പ്രക്ഷോഭകരും സമരത്തില്‍ പങ്കെടുക്കും. ഇതിനായി അമേരിക്കയിലെ ഡെട്രോയിറ്റില്‍ നിന്നുള്ള ജലനിരക്ക് വിരുദ്ധ പ്രക്ഷോഭകര്‍ ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എന്‍ഡ കെന്നി അവിശ്വാസ പ്രമേയമെന്ന അഗ്‌നി പരീക്ഷ ജയിച്ചതിന് പിന്നാലെ വരുന്ന ജലനിരക്ക് വിരുദ്ധ സമരവും സര്‍ക്കാരിന് വലിയ പ്രതിസന്ധിയാകും. ഈ വര്‍ഷം ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ ജലനിരക്ക് ശക്തമായ സമരങ്ങളെ തുടര്‍ന്ന് ഗണ്യമായി കുറച്ചിരുന്നു.

എന്നാല്‍ ജലനിരക്ക് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.ജലനിരക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം രാജ്യം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇതുവരെ നടന്നതില്‍ ഏറ്റവും രൂക്ഷമായ പ്രതിഷേധമായിരിക്കും ഇന്ന് നടക്കുകയെന്ന് റൈറ്റ് ടു വാട്ടര്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് സമരത്തിന് പിന്തുണ നല്‍കാന്‍ ഡെട്രോയിറ്റ് വാട്ടര്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ അയര്‍ലണ്ടില്‍ എത്തിയത്. ഡബ്ലിനില്‍ എത്തി രണ്ട് ദിവസത്തിനകം അവര്‍ നഗരത്തിന്റെ വവിധ മേഖലകളില്‍ ജല നിരക്ക് വിരുദ്ധ സന്ദേശം ഉയര്‍ത്തി റാലികള്‍ നടത്തി. ട്രിനിറ്റി കോളജിലും ലെനിസ്റ്റര്‍ ഹൗസിലും, ജോബ്‌സ് ടൗണിലും സംഘം സന്ദര്‍ശനം നടത്തി.


Scroll To Top