Wednesday December 07, 2016
Latest Updates

പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടന്റെ കാറ് തടഞ്ഞു; ഉപപ്രധാനമന്ത്രിയെ രണ്ട് മണിക്കൂര്‍ കാറില്‍ ‘ബന്ദി’യാക്കി 

പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടന്റെ കാറ് തടഞ്ഞു; ഉപപ്രധാനമന്ത്രിയെ  രണ്ട് മണിക്കൂര്‍ കാറില്‍ ‘ബന്ദി’യാക്കി 

jb 3ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള സമരം ഐറിഷ് ഭരണാധികാരികള്‍ക്ക് പുറത്തിറങ്ങാകാത്ത വിധം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ വഴിയില്‍ തടയുകയും ഈസ്റ്റര്‍ റൈസിംഗ് അനുസ്മരണ പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ പ്രതിഷേധക്കാര്‍ വഴി തടഞ്ഞു. ഇന്നലെ താലയില്‍ വച്ചായിരുന്നു സംഭവം. അന്‍ കോസന്‍ കോളജില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ജോണ്‍ ബര്‍ട്ടന്റെ കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജോബ്‌സ് ടൌണില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.തുടര്‍ന്ന് രണ്ടു മണിക്കൂറോളം ജോണ്‍ ബര്‍ട്ടന്‍ കാറിനുള്ളില്‍ കുടുങ്ങി. 

സമരക്കാര്‍ കാറ് തടഞ്ഞ ശേഷം കാറിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡയുടെ കാറില്‍ കയറ്റി ഉപപ്രധാനന്ത്രിയെ രക്ഷിക്കുകയായിരുന്നു. ജോണ്‍ ബര്‍ട്ടനെ വഴി തടഞ്ഞ സംഭവുമായി ബന്ധപ്പെട്ടു രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ പിന്നീട് അറിയിച്ചു. ഒരാള്‍ക്കെതിരെ ഗാര്‍ഡയുടെ വാഹനം നശിപ്പിച്ചതിനും മറ്റൊരാള്‍ക്കെതിരെ ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 

സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉപപ്രധാനമന്ത്രിക്ക് ജനരോക്ഷത്തെക്കുറിച്ച് കൃത്യമായ സന്ദേശം നല്‍കുന്നതായിരുന്നു സമരമെന്ന് പോള്‍ മര്‍ഫി പറഞ്ഞു. താലയിലും ജോബ്‌സ് ടൌണിലുമൊക്കെ ജലനിരക്ക് താങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി പേരുണ്ടെന്ന് പോള്‍ മര്‍ഫി പറഞ്ഞു. താലയിലെ ജനങ്ങള്‍ ജലനിരക്ക് തള്ളിക്കളയുന്നുവെന്ന സന്ദേശവും കൃത്യമായി അധികാരികള്‍ക്ക് കൈമാറാന്‍ സമരത്തിന് സാധിച്ചുവെന്നും പോള്‍ മര്‍ഫി പറഞ്ഞു. 

അതേസമയം നേതാക്കളെ വഴിയില്‍ തടയുന്ന സമര രീതി ജനാധിപത്യവിരുദ്ധമാണെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി അലക്‌സ് വൈറ്റ് പറഞ്ഞു. ഏതായാലും ജനരോക്ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ ജലനിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Scroll To Top