Thursday December 08, 2016
Latest Updates

കാര്‍ തട്ടിപ്പിലെ പുതിയ തന്ത്രങ്ങളെ നേരിടാനുള്ള മറുതന്ത്രമറിയൂ…

കാര്‍ തട്ടിപ്പിലെ പുതിയ തന്ത്രങ്ങളെ നേരിടാനുള്ള മറുതന്ത്രമറിയൂ…

യര്‍ലണ്ടില്‍ കാര്‍ തട്ടികൊണ്ട് പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്.ഓരോ ദിവസവും ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നെങ്കിലുമൊക്കെ കാതിലെത്തുമ്പോള്‍ തങ്ങളുടെ കാര്‍ അത്തരത്തില്‍ മോഷ്ട്ടിക്കപ്പെടാനുള്ള സാധ്യതകള്‍ നിരവധി പേരെ ആകുലരാക്കാറുണ്ട്.നിരവധി മലയാളികളടക്കമുള്ളവരുടെ കാറുകള്‍ അത്യാധുനിക ഇലക്ട്രോണിക്‌സ് സംവിധാനം ഉപയോഗിച്ച് മോഷ്ട്ടിച്ചു കൊണ്ടുപോകാന്‍ കള്ളന്‍മാര്‍ക്ക് വേണ്ടത് മിനുട്ടുകള്‍ മാത്രം.

കാര്‍ തട്ടിപ്പിലെ ഇത്തരം പുതിയ തന്ത്രങ്ങളെ നേരിടാന്‍ മറുതന്ത്രവുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക് എഞ്ചിനീയര്‍. പാറ്റ് ഒ ലിയറി എന്നയാളാണ് കാര്‍ മോഷ്ടാക്കളില്‍ നിന്നും സ്വന്തം വാഹനങ്ങള്‍ എങ്ങനെ രക്ഷിക്കാം എന്ന് പറഞ്ഞുതരുന്നത്.

ഈയിടെ തന്റെ ബി.എം.ഡബ്ല്യു കാര്‍ തട്ടിപ്പുകാര്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ ക്ലൂണിയിലെ ഫൂട്ടേജ് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ ജെന്നിഫര്‍ ഷാനണ്‍ ഷെയര്‍ എന്നയാള്‍ ചെയ്തിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത്, ഒരു ട്രാന്‍സ്മിറ്റര്‍,ഡിഫ്‌ലെക്ട്ടര്‍ എന്നിവ ഉപയോഗിച്ച് രണ്ടു പേര്‍ കീലെസ്സ് (Keyless) ആയ കാര്‍ തട്ടിയെടുക്കുന്നതാണ് വീഡിയോ. മൂന്നു മിനിറ്റിനിടെ ഇവര്‍ കാര്‍ തട്ടിയെടുത്തു കടന്നുകളഞ്ഞു.

ഒരു ബിസ്‌ക്കറ്റ് ടിന്‍ ഉപയോഗിച്ചാണ് എഞ്ചിനീയറായ ഒ ലിയറി ഇത്തരം തട്ടിപ്പുകാരെ നേരിടുന്നത് എങ്ങനെയെന്ന് കാണിച്ചുതരുന്നത്. കാറിന്റെ താക്കോല്‍ അല്ലെങ്കില്‍ ഫോബ്‌സ്, ലോഹനിര്‍മ്മിതമായ ഒരു പാത്രത്തില്‍ സൂക്ഷിക്കുകയാണ് ഇതിനായി വേണ്ടത്. ഇത് ഇവയില്‍ നിന്നുള്ള സിഗ്‌നലുകള്‍ വീടിനു പുറത്തുള്ള തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നത് തടയും.

കാര്‍ കീയും കാറിലെ കംപ്യൂട്ടറും തമ്മില്‍ ഒരു പ്രത്യേക പാസ്‌വേര്‍ഡ് ഷെയര്‍ ചെയ്യുന്നുണ്ട്. ഈ കോമ്പിനേഷന്‍ ശരിയായാല്‍ മാത്രമേ കാര്‍ ഉപയോഗിക്കാന്‍/ തുറക്കാന്‍ കഴിയൂ. അതിനാല്‍ കീ ലോഹപ്പാത്രത്തില്‍ സൂക്ഷിക്കുന്നത് സിഗ്‌നല്‍ ‘ഔട്ട് ഓഫ് റേഞ്ച്’ ആകാന്‍ കാരണമാകും. അതിനാല്‍ത്തന്നെ ഈ പാസ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാരുടെ ഏരിയലിന് കഴിയാതെ വരും. ഫലം തട്ടിപ്പ് നടക്കാതെ വരുമെന്നതുതന്നെ. അപ്പോള്‍ മറക്കേണ്ട, കാര്‍ കീ ഇനി ബിസക്കറ്റ് ടിന്നും മറ്റും പോലുള്ള ലോഹപ്പാത്രത്തില്‍ സൂക്ഷിച്ചോളൂ…

Scroll To Top