Monday October 22, 2018
Latest Updates

ജീവനും ജീവിതത്തിനും വേണ്ടിയുള്ള ആഹ്വാനവുമായി  ഓള്‍ അയര്‍ലണ്ട് പ്രൊ ലൈഫ് ബഹുജനറാലി ഇന്ന് ഡബ്ലിനില്‍,പിന്തുണയുമായി മലയാളി സമൂഹവും അണിനിരക്കും 

ജീവനും ജീവിതത്തിനും വേണ്ടിയുള്ള ആഹ്വാനവുമായി  ഓള്‍ അയര്‍ലണ്ട് പ്രൊ ലൈഫ് ബഹുജനറാലി ഇന്ന് ഡബ്ലിനില്‍,പിന്തുണയുമായി മലയാളി സമൂഹവും അണിനിരക്കും 

ഡബ്ലിന്‍ : ഭ്രൂണഹത്യ ഒഴിവാക്കാനുള്ള ആഹ്വാനവുമായി പതിനായിരങ്ങള്‍ അണി നിരക്കുന്ന ഓള്‍ അയര്‍ലണ്ട് റാലിയും സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് ഡബ്ലിനില്‍ നടത്തപ്പെടും.അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ നിന്നുള്ള നൂറുകണക്കിന് പേരും റാലിയ്ക്കുള്ള തയാറെടുപ്പിലാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പ്രത്യേക വാഹനങ്ങളിലായാണ് ഡബ്ലിനിലെത്തുക .

അയര്‍ലണ്ടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും നഗരമേഖലകളില്‍ നിന്നുമെത്തുന്ന ജനസഞ്ചയം ‘ജീവനും ജീവിതത്തിനും വേണ്ടി’ ഒത്തുചേര്‍ന്ന് ഭ്രൂണഹത്യയ്ക്കെതിരായ നിയന്ത്രണങ്ങള്‍ ഉദാരമാക്കുന്നതിലുള്ള അവരുടെ ഉത്ക്കണ്ഠ ലോകത്തോട് വിളിച്ചുപറയും. ജീവിതത്തേയും ജീവനേയും സ്നേഹിക്കാനുള്ള സന്ദേശമാണ് ഓള്‍ അയര്‍ലണ്ട് മുന്നോട്ട്വെക്കുന്നത്.അടുത്ത വര്‍ഷം നടത്തുമെന്നു കരുതുന്ന ഗര്‍ഭഛിദ്രം സംബന്ധിച്ച റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഈ റാലിക്കും കൂട്ടായ്മയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ യുവതി സവിതാ ഹാലപ്പനവരുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ 2013ലാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയത്.വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അനുവദിച്ചെങ്കിലും, അതിലുപരിയായി വ്യാപകാടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നടത്തുവാന്‍ താത്വികമായി സര്‍ക്കാരും ഇതേവരെ തയാറായിട്ടില്ല.അന്നു മുതല്‍ ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.ജീവിതത്തിന്റെയും ജീവന്റെയും മഹത്വത്തെ കാണാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം മാധ്യമങ്ങളും ആളുകളും സ്വീകരിക്കുന്ന അനുകൂല നിലപാട് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതാണ്. ഇതിനെതിരായ ചെറുത്തുനില്‍പ്പാകും പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നു കരുതുന്ന ഈ ജനകീയ മാര്‍ച്ച്.

ഡബ്ലിനിലെ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജീവിതത്തെ സ്നേഹിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ഈ റാലി സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത്.രാജ്യത്തെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നതെന്ന് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് നിയാംഹ് യി ഭ്രിയെന്‍ പറഞ്ഞു.ഇവിടെയെത്തുന്ന പതിനായിരങ്ങള്‍ ജീവിതത്തെ ആഘോഷിക്കുന്നവരാണ്,സ്നേഹിക്കുന്നവരാണ്.അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ സമൂഹം അതിലെ അമ്മയ്ക്കും കുഞ്ഞിനും നല്‍കേണ്ട ഉത്തരമല്ല ഗര്‍ഭഛിദ്രമെന്നും അവര്‍ പറഞ്ഞു.

മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അബോര്‍ഷന്റെ പ്രചാരകരായാണ് പ്രവര്‍ത്തിക്കുന്നത്.

ഭ്രൂണഹത്യയെ സംബന്ധിച്ച് ഐറീഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ തികഞ്ഞ പക്ഷപാതമാണ് കാണിക്കുന്നതെന്നും അവര്‍ ആരോപിച്ചു. അതിനെ ബലപ്പെടുത്തുന്ന ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. ഐറീഷ് ടൈംസ് പ്രസിദ്ധീകരിച്ച 91 ശതമാനം ലേഖനങ്ങളും ഭ്രൂണഹത്യയെ അനുകൂലിക്കുന്ന തരത്തിലുള്ളതാണെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പഠനം തെളിയിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തുന്നു. അതിലുമുപരിയായി വ്യാജവാര്‍ത്തകളും നല്‍കുന്നു.അബോര്‍ഷന്‍ ആവശ്യപ്പെട്ട യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലടച്ചുവെന്നുള്ള ഒരു വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിനു വലിയ പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

പ്രധാനമന്ത്രി ലിയോ വരദ്കര്‍ 2018ല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിച്ചിട്ടുള്ള അബോര്‍ഷന്‍ സംബന്ധിച്ച റഫറണ്ടത്തിനെ എതിര്‍ക്കുന്നവരാണ് ഈ പരിപാടിയുടെ സംഘാടകര്‍.ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഇന്നലെയും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. രാഷ്ട്രീയ അജണ്ടയുടെയും പ്രചാരണത്തിന്റെയും ഭാഗമാണ് ഈ റഫറണ്ടമെന്ന് ഭ്രിയെന്‍ പറയുന്നു.മാധ്യമ-രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഭരിപക്ഷം പേരും ജീവിതത്തെ സ്നേഹിക്കുന്നവരാണെന്നാണ് തെളിഞ്ഞത്.കേവലം 28% മാത്രമാണ് അബോര്‍ഷനെ അനുകൂലിക്കുന്നത്.

പ്രമുഖ പ്രഭാഷകയായ കാരേണ്‍ ഗഫ്നി,വിക്കി വോള്‍(എവരി ലൈഫ് കൗണ്ട്സ്),ഇസബേല്‍ വോഗണ്‍ സ്പ്രൂസ്(ഡയറക്ടര്‍ മാര്‍ച്ച് ഫോര്‍ലൈഫ്),ഡെക്ലാന്‍ ഗാന്‍ലെ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും.

Scroll To Top