Sunday October 21, 2018
Latest Updates

അയര്‍ലണ്ടിനെ ഗര്‍ഭസ്ഥശിശുക്കളുടെ കൊലക്കളമാക്കരുതെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ അണിനിരന്നു

അയര്‍ലണ്ടിനെ ഗര്‍ഭസ്ഥശിശുക്കളുടെ കൊലക്കളമാക്കരുതെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ അണിനിരന്നു

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും ഗര്‍ഭച്ഛിദ്രത്തിനെതിരെയും, ജീവന്റെ സംരക്ഷണത്തിനുമായും ഇന്നലെ ഡബ്ലിനില്‍ പ്രോലൈഫ് റാലി സംഘടിപ്പിച്ചു. ഡയലിന് സമീപം മെറിയോണ്‍ സ്‌ക്വയറില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റാലി ആരംഭിച്ചത്. എട്ടാം ഭരണഘടന ദേദഗതി റദ്ദാക്കുന്നതിനുള്ള ഒരു നീക്കവും ഉണ്ടാകരുത് എന്നതായിരുന്നു പ്രവര്‍ത്തകരുടെ പ്രധാനം മുദ്രാവാക്യം. ഗര്‍ഭഛിദ്രത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും, ജീവന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഇന്നലെ ഉച്ചയോടെ ഡബ്ലിനിലെ തെരുവീഥികള്‍ ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരാല്‍ നിറഞ്ഞു.

ഭരണഘടനാ ഭേദഗതിയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടു ഹിതപരിശോധന നടക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രമാണ് ബാക്കിയുള്ളത്. ഡബ്ലിനില്‍ നടന്ന റാലിയില്‍ പ്രായഭേദമില്ലാതെ അനേകം യുവാക്കളും വയോധികരും പങ്കെടുത്തു. അയര്‍ലണ്ടിന്റെ വിദൂരദേശങ്ങളില്‍ നിന്ന് പോലും കുടുംബമായി റാലിയില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ പങ്കെടുത്തു.

അതെ സമയം ലിന്‍സ്റ്റര്‍ ഹൗസ് പരിസരത്ത് ചെറിയ ഒരു കൂട്ടം ‘യെസ് പക്ഷക്കാര്‍’ ഭേദഗതി എടുത്ത് കളയുന്നതിനെ പിന്തുണച്ചും പ്രകടനം സംഘടിപ്പിച്ചു.

സര്‍ക്കാര്‍ അബോര്‍ഷനുമേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനാണ് ശ്രമിക്കുന്നത്, ആവശ്യപ്പെടുന്നതിനനുസരിച്ച് അബോര്‍ഷന്‍ നടത്തുന്ന അവസ്ഥ ഇല്ലാതാക്കാന്‍ 25 നു നടക്കുന്ന ഹിതപരിശോധനയില്‍ നോ വോട്ടുകള്‍ രേഖപ്പെടുത്താനും ലവ് ബോത്ത് ക്യാംപയിന്‍ പ്രചാരകന്‍ ഡോക്ടര്‍ റൂത്ത് കുള്ളന്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ഗര്‍ഭസ്ഥ ശിശുവിന് പരിരക്ഷ നല്‍കുന്ന എട്ടാം ഭരണഘടനാ വകുപ്പ് എടുത്ത് കളയുകയാണെങ്കില്‍ ലോകത്തിലെ തന്നെ എളുപ്പം അബോര്‍ഷന്‍ നടത്താവുന്ന കേന്ദ്രമായി അയര്‍ലണ്ട് മാറുമെന്ന് റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ലവ് ബോത്ത് പ്രചരണത്തിന്റെ നിയമ ഉപദേശകയായ കരോളിന്‍ സിമണ്‍സ് പറഞ്ഞു.

ജീവിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കില്‍ പോലും. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതാണ് എട്ടാം ഭേദഗതി. ഈ വിഷയത്തിലെ ഹിത പരിശോധന ഈ വര്‍ഷം നടക്കാനിരിക്കെയാണ്. അയര്‍ലണ്ടില്‍ നടന്ന 1983ലെ ഹിതപരിശോധന മാതാവിന്റേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ജീവന് ഒരേ അവകാശം ഉറപ്പാക്കുന്നു.അതേ സമയം ഒരു മാതാവിന്റെ ജീവന് ഭീഷണിയാവാത്ത ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തുന്നതിനെ അത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

സ്ത്രീയുടെ ശരീരത്തിനു മേല്‍ സമ്പൂര്‍ണമായ അധികാരം സ്ത്രീയ്ക്കാണെന്നും തീരുമാനം സ്ത്രീയുടേതാണെന്നുമാണ് ഇതിനെതിരായി ഉന്നയിക്കപ്പെടുന്ന വാദം. എന്നാല്‍ ഇവിടെ സ്ത്രീയുടെ മാത്രം ശരീരത്തെക്കുറിച്ചല്ല. തീരുമാനത്തിന്റെ പരിധിയില്‍ രണ്ടാമത് ഒരു മനുഷ്യജീവന്‍ കൂടി വരുന്നുണ്ട്. ഗര്‍ഭ ച്ഛിദ്ര നയം നടപ്പാക്കിയേക്കും എന്ന് സൂചന നല്കുന്ന ഐറിഷ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ റാലി.നിലവില്‍ 14 വര്‍ഷം തടവാണ് അബോര്‍ഷന്‍ ചെയ്യുന്നവര്‍ക്ക് അയര്‍ലണ്ടില്‍ നല്‍കുന്ന ശിക്ഷ. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരില്‍ പലരും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിയ്ക്കുന്നവരല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

നിയന്ത്രിത അബോര്‍ഷന്‍ എന്ന ആശയവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്. എന്നാല്‍ ഇത് ഒരുതരം കെണിയാണ്. ഭ്രൂണഹത്യ, അത് ഏതു വിധേനയായാലും അഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ നിലപാട്. നിഷ്‌കളങ്കരും നിരപരാധികളുമായ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന, ഈ മഹാപാതകത്തെ അംഗീകരിക്കാനാകിലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ശക്തമായ പിന്തുണയാണ് പ്രോലൈഫ് റാലിക്ക് ലഭിച്ചിരുന്നത്.സീറോ മലബാര്‍ സഭയുടെയും,ജീസസ് യൂത്തിന്റെയും നേതൃത്വത്തില്‍ ഒട്ടേറെ മലയാളികളും റാലിയില്‍ പങ്കെടുക്കാന്‍ എത്തി.തമിഴ്നാട്ടില്‍ നിന്നുള്ളവരടക്കം,നിരവധി പ്രൊട്ടസ്റ്റന്റ്,പെന്തകോസ്ത് സമൂഹങ്ങളില്‍ പെട്ടവരും റാലിയില്‍ അണിനിരന്നു.

Scroll To Top