Tuesday December 06, 2016
Latest Updates

ഭവനമേഖലയിലെ ഒത്തുകളി ,നാമ നല്‍കിയ 2,500 പ്രോപ്പര്‍ട്ടികള്‍ ലോക്കല്‍ അതോറിറ്റികള്‍ തഴഞ്ഞു

ഭവനമേഖലയിലെ ഒത്തുകളി ,നാമ നല്‍കിയ 2,500 പ്രോപ്പര്‍ട്ടികള്‍ ലോക്കല്‍ അതോറിറ്റികള്‍ തഴഞ്ഞു

ഡബ്ലിന്‍: രാജ്യത്ത് പാര്‍പ്പിട പ്രശ്‌നം പാരമ്യത്തിലെത്തി നില്‍ക്കേ സര്‍ക്കാര്‍ ഏജന്‍സിയായ നാമയുടെ 2,500ഓളം പ്രോപ്പര്‍ട്ടികള്‍ ലോക്കല്‍ അതോറിറ്റികളും ഹൗസിങ് അസോസിയേഷനുകളും വേണ്ടെന്നു വച്ചത് വിവാദമാകുന്നു.നാമ നല്‍കിയ ഏകദേശം 40% പ്രോപ്പര്‍ട്ടികളും ഇത്തരത്തില്‍ വിവിധ കാരണങ്ങളാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐറിഷ് മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസസില്‍ നിന്നും വകമാറ്റി 12 മില്ല്യണ്‍ യൂറോയാണ് പ്രോപ്പര്‍ട്ടികള്‍ക്കായി നാമ ചെലവഴിച്ചിട്ടുള്ളത്.

ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത കൂട്ടികാണാനും അത് വഴി സ്വകാര്യ എജന്റുമാരെയും,ഹൗസിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളെയും സഹായിക്കാനുള്ള ഗൂഡാലോചനയാണ് ഇത്തരം അലംഭാവം വഴി സൃഷ്ടിക്കപ്പെടുന്നത് എന്ന് കരുതപ്പെടുന്നു.

അയര്‍ലണ്ടിലെ രണ്ട് മില്ല്യണ്‍ പ്രോപ്പര്‍ട്ടികളില്‍ 6,000 എണ്ണം മാത്രമാണ് നാമയില്‍ നിന്നും വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി തങ്ങള്‍ 2,700 വീടുകള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നും, 2020ഓടെ 20,000 വീടുകള്‍കൂടി നിര്‍മ്മിക്കുമെന്നുമാണ് നാമ പറയുന്നത്. പക്ഷേ പ്രതിസന്ധി പരിഹരിക്കാന്‍ നാമയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നാണ് ചെയര്‍മാന്‍ ഫ്രാങ്ക് ഡാലി പറയുന്നത്. ലോക്കല്‍ അതോറിറ്റികള്‍ക്ക് നല്‍കിയ 6,600 പ്രോപ്പര്‍ട്ടികളില്‍ 2,500ഓളമെണ്ണം നിരസിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോക്കസ് അയര്‍ലണ്ട് ഈയിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016ന്റെ ആദ്യ മൂന്നു മാസത്തിനിടെ ഡബ്ലിനില്‍ മാത്രം 300 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതില്‍ 600ഓളം കുട്ടികളും ഉള്‍പ്പെടും. രാജ്യത്താകമാനം 900 കുടുംബങ്ങള്‍ക്ക് വീടില്ല എന്നും ഇതില്‍ 2,000 കുട്ടികള്‍ ഉള്‍പ്പെടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Scroll To Top