Sunday December 11, 2016
Latest Updates

പ്രൈവറ്റ് കെയറര്‍മാരുടെ മേല്‍നോട്ടം:എച്ച് എസ് ഇ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പൊതു മേഖലാ നഴ്‌സുമാര്‍ 

പ്രൈവറ്റ് കെയറര്‍മാരുടെ മേല്‍നോട്ടം:എച്ച് എസ് ഇ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പൊതു മേഖലാ നഴ്‌സുമാര്‍ 

ഡബ്ലിന്‍: പ്രൈവറ്റ് കെയറര്‍മാര്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സംബന്ധിച്ച് എച്ച് എസ് ഇ യും നഴ്‌സുമാരും തമ്മില്‍ തുടരുന്ന തര്‍ക്കം അനന്തമായി നീളുന്നു. രാജ്യത്തെ ആയിരക്കണക്കിന് വൃദ്ധജനങ്ങള്‍ക്ക് പ്രൈവറ്റ് കെയറര്‍മാര്‍ നല്‍കുന്ന പരിചരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതു സംബന്ധിച്ചാണ് തര്‍ക്കം.
പ്രൈവറ്റ് കെയറര്‍മാരുടെ സേവനത്തിന് പൊതുമേഖലാ നഴ്‌സുമാര്‍ മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് എച് എസ് ഇ അടുത്തിടെ നഴ്‌സുമാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ തന്നെ ജോലി ഭാരം കൂടുതലാണെന്നും, മറ്റു നഴ്‌സുമാരുടെ ജോലിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ സാധ്യമല്ലെന്നും പറഞ്ഞ് നഴ്‌സുമാര്‍ ഇതു തള്ളി.
നഴ്‌സിങ്ങ് റജിസ്‌ട്രേഷനിലെ വ്യവസ്ഥയനുസരിച്ച് തങ്ങളുടെ ചുമതലയില്‍ വീഴ്ച്ച സംഭവിച്ചാല്‍ അത് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്നതിലേക്കു പോലും നയിച്ചേക്കാം. അതിനാല്‍ തന്നെ തങ്ങള്‍ക്ക് നിയമനത്തിലോ, പരിശീലനത്തിലോ യാതൊരുഅധികാരവുമില്ലാത്ത പ്രൈവറ്റ് കെയറര്‍മാരുടെ മേല്‍നോട്ട ചുമതല ഏറ്റെടുത്ത് അവരുടെ പിഴവു മൂലം തങ്ങളുടെ കൂടി ലൈസന്‍സ് അപകടപ്പെടുത്താനാവില്ലെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.
വിഷയത്തില്‍ എച് എസ് ഇ യും, നഴ്‌സുമാരുടെ സംഘടനയായ ഐ എന്‍ എം ഓ യും കൂടിക്കാഴ്ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താനായില്ല. എച് എസ് ഇ യുടെ പല വ്യവസ്ഥകളും അപ്രായോഗികമാണെന്ന് ഡയറക്ടര്‍ ഫില്‍ നി ഷീഘ്ദ പറഞ്ഞു.

ഏതാണ്ട് 100,000 ആളുകള്‍ക്ക് സര്‍ക്കാര്‍ കെയറര്‍ സേവനങ്ങള്‍ നല്‍കുന്നുവെന്നാണ് കണക്കുകള്‍. ഇതില്‍ 13,000 ആള്‍ക്കാര്‍ക്ക് പ്രൈവറ്റ് ഏജന്‍സികള്‍ വഴിയാണ് സേവനം നല്‍കുന്നത്. ആയിരക്കണക്കിനാളുകള്‍ സ്വന്തം നിലക്ക് പ്രൈവറ്റ് കെയറര്‍ സൌകര്യങ്ങള്‍ തേടുന്നുമുണ്ട്.

Scroll To Top