Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ആശ്വസിക്കാം,മുന്‍ കാലപ്രാബല്യത്തോടെ പ്രീമിയം അവേഴ്സ് ശമ്പളം ഇന്ന് മുതല്‍ ലഭിക്കും

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ആശ്വസിക്കാം,മുന്‍ കാലപ്രാബല്യത്തോടെ പ്രീമിയം അവേഴ്സ് ശമ്പളം ഇന്ന് മുതല്‍ ലഭിക്കും

ഡബ്ലിന്‍:അക്യൂട്ട് ഹോസ്പിറ്റലുകളില്‍ വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കുള്ള പ്രീമിയം അവേഴ്സ് ശമ്പളം പുനഃസ്ഥാപിച്ചു.ഇന്ന് (നവംബര്‍ 1) മുതല്‍ ഇത് ലഭിച്ചു തുടങ്ങും.

ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാര്‍ പ്രകാരം 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം പുനഃസ്ഥാപിച്ചിരിക്കുന്നത്. ജനുവരി മുതല്‍ നവംബര്‍ ഒന്ന് വരെയുള്ള പ്രീമിയം അവേഴ്‌സ് ശമ്പളകുടിശിഖ 2017 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ചെക്കായി വിതരണം ചെയ്യുമെന്നാണ് നഴ്സിംഗ് യൂണിയന്‍ ഭാരവാഹികളെ എച്ച് എസ് ഇ അറിയിച്ചിരിക്കുന്നത്.

ആകെ ശമ്പളത്തിന്റെ രണ്ടു ശതമാനത്തോളം പ്രീമിയം അവേഴ്സിലെ തുക വരുമെന്നാണ് ഐഎന്‍എംഓ വൃത്തങ്ങള്‍ കണക്കാക്കുന്നത്.43000 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കുന്ന നഴ്സുമാര്‍ക്ക് ഓരോ പ്രീമിയം അവേഴ്സിലും ഏകദേശം 3.58 യൂറോയുടെ വര്‍ദ്ധനവ് ലഭിക്കുമെന്ന് ഐഎന്‍എം ഓ കണക്കുകള്‍ വ്യക്തമാക്കുന്നു.ആറിലൊന്ന് ശമ്പളമാണ് പ്രീമിയം അവേഴ്സില്‍ കൂടുതല്‍ ലഭിക്കുക.

ശമ്പളം പുനഃസ്ഥാപിക്കുന്നത് നഴ്സുമാര്‍ക്ക് നേട്ടമാകുമെന്നും, രോഗികള്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ കാരണമാകുമെന്നും ഐഎന്‍എംഒ പ്രതികരിച്ചു.

ലാന്‍ഡ്സ്ഡൗണ്‍ റോഡ് കരാര്‍ പ്രകാരം ശമ്പളവര്‍ദ്ധനവിനുള്ള ഒരു ചര്‍ച്ച കൂടി ഈ മാസം എച്ച് എസ് ഇ യുമായി യൂണിയന്‍ നടത്തുണ്ട്,ഈ ചര്‍ച്ച പ്രകാരം ശമ്പളഘടനയില്‍ വീണ്ടും ഒരു വര്‍ദ്ധനവ് കൂടി ഈ വര്‍ഷം തന്നെ ഉണ്ടായേക്കും.

അതേ സമയം 2009ല്‍ പിന്‍വലിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതൊപ്പം പുതിയ ശമ്പളഘടനയ്ക്കായി ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്താനുള്ള ഒരുക്കത്തിലാണ് നഴ്സുമാര്‍ വീണ്ടും.പുതിയ ശമ്പള പരിഷ്‌ക്കരണ ശുപാര്‍ശകള്‍ അടുത്ത സമ്മറില്‍ പ്രഖ്യാപിക്കുന്നതോടെ നഴ്സുമാര്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള രാജ്യമുള്ള രാജ്യങ്ങളില്‍ ഒന്നായി അയര്‍ലണ്ട് മാറിയേക്കും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top