Monday December 05, 2016
Latest Updates

`പ്രേമം` മുടങ്ങി; കോഴിക്കോട് തിയേറ്റര്‍ തല്ലിപ്പൊളിച്ചു

`പ്രേമം` മുടങ്ങി; കോഴിക്കോട് തിയേറ്റര്‍ തല്ലിപ്പൊളിച്ചു

പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നും പ്രേമം മുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്നു പറയാന്‍ പറ്റില്ലെന്നുമാണ് സാധാരണ പറയാറ്. എന്നാല്‍, പ്രേമം എന്ന പേരിലുള്ള സിനിമക്കും ഇതൊക്കെ ബാധകമാണെന്നാണ് കോഴിക്കോട്ടുകാര്‍ തെളിയിച്ചത്. നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം പ്രേമത്തിന്റെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയതിന് ഒരു തിയേറ്റര്‍ അടിച്ചു പൊളിക്കുകയും തീയിടുകയും ചെയ്താണ് ഇവര്‍ പ്രതികരിച്ചത്.

കോഴിക്കോട് അപ്‌സര തിയേറ്ററിലാണ് സംഭവം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധനം ചെയ്ത് കേരളത്തിലുടനീളം ഹൗസ് ഫുള്‍ ആയി ഓടിക്കൊക്കൊണ്ടിരിക്കുന്ന പ്രേമത്തിന് ഏറെ കഷ്ടപ്പെട്ടാണ് കാണികള്‍ ടിക്കറ്റൊപ്പിച്ച് അകത്തു കടന്നത്. രണ്ടും മൂന്നും ദിവസം ക്യൂ നിന്ന് ടിക്കറ്റ് ലഭിക്കാതെ കരിഞ്ചന്തയില്‍ ടിക്കറ്റെടുത്തവര്‍ പോലും കൂട്ടത്തിലൂണ്ടായിരുന്നു. അപ്പോഴാണ് ഇടവേളക്ക് ശേഷം ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുന്നത്.

എന്നാല്‍ പ്രതികരണം അതിരുകടന്ന രീതിയിലായിരുന്നു. സ്‌ക്രീന്‍ വലിച്ചുകീറിയ കാണികള്‍ തിയേറ്ററിനകത്ത് തീയിട്ടു. സീറ്റുകളും, വാതിലുകളും തല്ലിപ്പൊളിക്കുകയും ചെയ്തു. അവസാനം സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലീസെത്തി ലാത്തിവീശിയാണ് ആളുകളെ പിരിച്ചു വിട്ടത്.

ഇതിനിടെ ആളുകളില്‍ ചിലര്‍ പോലീസിനു നേരെയും തിരിഞ്ഞതോടെ ചില പോലീസുകാര്‍ക്കും സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Scroll To Top