Sunday September 24, 2017
Latest Updates

നിവിന്‍ പോളിയുടെ ‘പ്രേമം’ അയര്‍ലണ്ടില്‍ ജൂണ്‍ 27 മുതല്‍ പ്രദര്‍ശനം ആരംഭിക്കും 

നിവിന്‍ പോളിയുടെ ‘പ്രേമം’ അയര്‍ലണ്ടില്‍ ജൂണ്‍ 27 മുതല്‍ പ്രദര്‍ശനം ആരംഭിക്കും 

ഡബ്ലിന്‍ :ലോകമാകമാനമുള്ള മലയാളികള്‍ക്കിടയില്‍ പൂത്തുലഞ്ഞ ‘പ്രേമം’ അയര്‍ലണ്ടിലും പൂക്കാലം തീര്‍ക്കാനെത്തുന്നു. മെഗാസ്റ്റാറുകളുടെ സിനിമകള്‍ക്ക് മാത്രമുണ്ടാകുന്ന പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഇത്തവണ നിവിന്‍ പോളിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ജൂണ്‍ 27,28 തിയതികളിലാണ് ഡബ്ലിനിലെ സാന്‍ട്രിയിലെ ഐ എം സി സിനിമാസില്‍ പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.10 നാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്. 

ഒരു പക്ഷേ അടുത്തിടെ പ്രവാസികള്‍ ഏറെ കാത്തിരിക്കുന്ന സിനിമ എന്ന ഖ്യാതിയും പ്രേമം നേടിയെടുത്തു കഴിഞ്ഞു.അയര്‍ലണ്ടിലെ ‘പ്രേമ’ത്തിന്റെ വിതരണക്കാരായ മാസ് എന്റ്‌റര്‍റ്റൈന്‍മെന്റ് കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റുകള്‍ ഓണ്‍ ലൈനില്‍ ലഭ്യമായി തുടങ്ങി കഴിഞ്ഞു.അവസാന നിമിഷം ടിക്കറ്റ് കിട്ടാത്തതിന്റെ കടുത്ത നിരാശ ഒഴിവാക്കാനായി ഒട്ടേറെപ്പേര്‍ ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നിടത്തെല്ലാം ഹൗസ് ഫുള്‍ ആയാണ് ‘പ്രേമം’ഓടുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്.

സോഷ്യല്‍ മീഡിയകളിലൂടെ പ്രവാസിയെ കൊതിപ്പിച്ച പ്രേമം ഇപ്പോള്‍ അവര്‍ക്ക് കൈയ്യെത്തും ദൂരത്താണ്. ചിത്രത്തെപ്പറ്റിയുള്ള നിരൂപണങ്ങള്‍ വായിച്ചറിഞ്ഞും നാട്ടിലുള്ള സുഹൃത്തുക്കളില്‍ നിന്ന് പ്രേമത്തെപ്പറ്റിയറിഞ്ഞുമാണ് പലരും പടം കാണാന്‍ കാത്തിരിക്കുന്നത്.ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ് അവസാന നിമിഷം ടിക്കറ്റ് കിട്ടാതെ നിരാശപ്പെടാതിരിക്കാനുള്ള ഏക വഴി.http://masentertainment.ie/index.php/component/movies/  എന്ന സൈറ്റില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും

കേരളത്തില്‍ അപൂര്‍വമായ തരംഗം സൃഷ്ടിച്ചാണ് പ്രേമം ഹിറ്റായത്. 
പ്രേമം ഇറങ്ങുന്നതുവരെ അതേക്കുറിച്ച് അധികമാരും മിണ്ടിയിരുന്നില്ല. ആ ‘പ്രേമ’മെങ്ങനെ ഇതുപോലൊരു ഹിറ്റായി?അത് പ്രേക്ഷക ഹൃദയത്തെ കീഴടക്കിയതിന്റെ രഹസ്യം ആര്‍ക്കും അറിയില്ല.പക്ഷെ ഒന്ന് സമ്മതിച്ചേ തീരു.ചിത്രത്തിലെ ഓരോ രംഗവും മനുഷ്യന്റെ,അവര്‍ ഏതു പ്രായത്തില്‍ ഉള്ളവരായാലും അവരുടെ ‘നൊസ്റ്റാള്‍ജിയ’യെ തൊട്ടുണര്‍ത്തുന്നതായിരുന്നു.നിവിന്‍ പോളിയായാലും ഇടത്തോട്ട് വലിച്ചിട്ട ഇടതൂര്‍ന്ന മുടിയുള്ള നായിക അനുപമ പരമേശ്വരനായാലും ജീവിതഗന്ധിയായി പ്രേക്ഷകമനസ്സില്‍ നിറഞ്ഞതങ്ങനെയാണ്.കാതോടു കാതോരം പറഞ്ഞു പോയ രഹസ്യമായി ആ പ്രേമം പിന്നീട്. 

ഗാനങ്ങള്‍ ഏതൊരു സിനിമയുടെയും വിജയരഹസ്യങ്ങളില്‍ ഒന്നാണ്. പ്രേമം പുറത്തിറങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് ആദ്യഗാനം പുറത്തുവന്നത്. ആലുവാപ്പുഴയുടെ തീരത്ത്… എന്ന വിനീത് ശ്രീനിവാസന്‍ പാടിയ പാട്ട്. വിനീതിന്റെ ശബ്ദവും പശ്ചാത്തലവും അതോടെ പ്രേമമെന്നാല്‍ തട്ടത്തിന്‍ മറയത്ത് പോലെ പൂര്‍ണമായും യുവാക്കള്‍ക്കു വേണ്ടിയുള്ള ക്യാമ്പസ് സിനിമയാണെന്നൊന്നൊരു  തോന്നലുണ്ടാക്കി

. തൊട്ടുപിന്നാലെ ദാ വരുന്നു പതിവായ് ഞാന്‍ അവളെക്കാണാന്‍ പോകാറുണ്ടേ… എന്ന രണ്ടാമത്തെ പാട്ട്. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയുടെ പിന്നാലെ കത്തുമായും അല്ലാതെയും നടക്കുന്ന, സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് മുമ്പുള്ള കാമുകന്മാരേയും പൂവാലന്മാരേയും അതിശയോക്തിയോടെ വരച്ചിട്ട ഗാനമായിരുന്നു രണ്ടാമത്തേത്. ആ പാട്ടിന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷം ലൈക്ക്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രേമത്തെ മലയാളി നെഞ്ചോട് ചേര്‍ത്തത് അങ്ങനെയാണ്.’ദൃശ്യ’ത്തെയും കടത്തി വെട്ടുന്ന വിജയമായി പ്രേക്ഷകര്‍ ‘പ്രേമ’ത്തെ വിലയിരുത്തുന്നുണ്ടെങ്കില്‍ ഏതോ അദൃശ്യ സൗന്ദര്യം പ്രേമത്തിന് ഉള്ളത് കൊണ്ട് തന്നെയാണ്.

ടിക്കറ്റ് ബുക്കിംഗിന് http://masentertainment.ie/index.php/component/movies/ (PHONE:0899641165)

കോര്‍ക്കിലെ ഒമ്‌നി പ്ലെക്സ്സില്‍ ജൂലൈ 4 ന് രാവിലെ 10 മണിക്ക് ‘പ്രേമം’ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 
അനുപമ പരമേശ്വരന്‍ മലയാള മനോരമയോട് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം

PRE 4

Scroll To Top