Sunday September 24, 2017
Latest Updates

ഡബ്ലിനില്‍ ഒരു താത്കാലിക വീട് നിങ്ങള്‍ക്ക് വേണോ ? വീഡിയോ കണ്ടു നോക്കു …..

ഡബ്ലിനില്‍ ഒരു താത്കാലിക വീട് നിങ്ങള്‍ക്ക് വേണോ ? വീഡിയോ കണ്ടു നോക്കു …..

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഡബ്ലിന്‍ മേഖലയിലെ നാല് വ്യത്യസ്ത സിറ്റി കൌണ്‍സിലുകളുടെ നടപടികളുടെ ഭാഗമായി ഡബ്ലിനില്‍ മോഡ്യൂലാര്‍ വീടുകളുടെ മാതൃകാ പ്രദര്‍ശനം സംഘടിപ്പിച്ചു.ഭവനരഹിതര്‍ക്കും ,ഭവനമേഖലയിലെ സന്നദ്ധ സംഘടനകള്‍ക്കുമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.വീടുകളുടെ മാതൃകയും,സൌകര്യങ്ങളും സംബന്ധിച്ചു വ്യക്തമായ ധാരണ ഉപഭോക്താക്കള്‍ക്ക് നല്കാനാണ് പ്രദര്‍ശനം.പ്രീഫാബ്രിക്കേറ്റഡ് വീടുകളും മോഡുലാര്‍ വീടുകളും ഒരു കുടുംബത്തിന് സ്വന്തമായി അടുക്കള, ബാത്ത് റൂമുകള്‍, ലിവിംഗ് സ്‌പേസ്, രണ്ട് കിടക്ക മുറികള്‍ എന്നിവയുള്ള ഒരു പാര്‍പ്പിടം, കുറഞ്ഞ ചിലവിലും ഒരുക്കാനുളള മികച്ച മാര്‍ഗ്ഗമാണെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടങ്ങളുടെ നിലവാരം സൂക്ഷിക്കുന്നതും ശരിയായ വിധത്തില്‍ ഇന്‍സുലേറ്റ് ചെയ്യാന്‍ കഴിയുന്നതുമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. 

തലസ്ഥാന നഗരിയില്‍ ഇരുനൂറ്റമ്പതോളം മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിച്ച് ഭവന രഹിതരെ പുനരധിവസിപ്പിക്കാനാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ തീരുമാനം.ഡണ്‍ലേരി,സൌത്ത് ഡബ്ലിന്‍,ഫിംഗ്ലസ് കൌണ്‍സിലുകളും പദ്ധതിയില്‍ ചേരുന്നുണ്ട്. തലസ്ഥാനത്തെ 20 വ്യത്യസ്ത മേഖലകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലാണ് മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്.പത്ത് ആഴ്ചകള്‍ കൊണ്ട് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും

പദ്ധതിയ്ക്ക് വേണ്ടിയുള്ള മാതൃക വീടുകള്‍ നോര്‍ത്ത് സ്റ്റ്രാന്‍ഡിലെ ഈസ്റ്റ് വാള്‍ റോഡിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇവ തൃപ്തികരമെന്ന് കണ്ടാല്‍ മറ്റു സ്ഥലങ്ങളിലേയ്ക്കും താത്കാലിക വീടുകളുടെ പണി ആരംഭിക്കും.

മാതൃകാ വീടുകളെക്കുറിച്ചു പഠിച്ച ശേഷം പദ്ധതി നടപ്പാക്കാനുള്ള സന്നദ്ധത അടുത്ത ആഴ്ച്ചയോടെ അറിയിക്കണമെന്ന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി കൌണ്‍സിലുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.75,000 മുതല്‍ ഒന്നര ലക്ഷം യൂറോ വരെ ചിലവ് വരുന്ന വീടുകളുടെ പാര്‍ട്ടുകള്‍ ഫാക്റ്ററി നിര്‍മ്മിതമാണ്.സൈറ്റില്‍ കൊണ്ട് വന്നു ഫിറ്റു ചെയ്താല്‍ മാത്രം മതി.75 വര്‍ഷം വരെ ഇത്തരം വീടുകള്‍ക്ക് ആയുസ് ഉണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.

ഡബ്ലിന്‍ സിറ്റിയില്‍ മാത്രം വാടക വീടുകള്‍ ലഭിക്കാതെ സിറ്റി കൌണ്‍സിലിന്റെ എമര്‍ജന്‍സി താമസസൗകര്യം പ്രയോജനപ്പെടുത്തുന്ന 550 കുടുംബങ്ങളാണ് ഉള്ളത്.ഇതില്‍ 360 കുടുംബങ്ങള്‍ക്കും കൊമേഴ്‌സ്യല്‍ ഹോട്ടലുകളിലാണ് കൌണ്‍സില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാടക വീടുകള്‍ ലഭ്യമല്ലാത്ത അവസ്ഥ ഡബ്ലിനില്‍ സംജാതമാവുകയാണ്.താമസിക്കുന്ന വീടുകളില്‍ നിന്നും ഇറങ്ങി കൊടുത്താല്‍ മറ്റൊരു വീട് ലഭ്യമാവാത്ത അവസ്ഥ മലയാളികള്‍ അടക്കം നൂറുകണക്കിന് പേര്‍ ഇപ്പോള്‍ അനുഭവിക്കുന്നതായി വാര്‍ത്തകളുണ്ട്.പ്രാദേശിക ഭരണ സംവിധാനങ്ങളെ ആശ്രയിക്കുക എന്നതാണ് ഇത്തരം ഘട്ടങ്ങളില്‍ ചെയ്യാവുന്ന അടിയന്തര പ്രതിവിധി. സര്‍ക്കാര്‍ ആനുകൂല്യങ്ങളോടും ,സോഷ്യല്‍ ഹൗസിംഗ് പോലെയുള്ള സംവിധാനങ്ങളോടും മറ്റും മുഖം തിരിച്ചു നില്‍ക്കുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്ക് പോലും നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ അവയെ ആശ്രയിക്കേണ്ടി വന്നേക്കാം.

fab 3 fab2 fab1

Scroll To Top