Tuesday December 06, 2016
Latest Updates

ജയറാമിനെ വിമര്‍ശിക്കാന്‍ കാരണം മകന്‍ കാളിദാസന്‍; വിവാദ പോസ്റ്റിന് വിശദീകരണവുമായി പ്രതാപ് പോത്തന്‍

ജയറാമിനെ വിമര്‍ശിക്കാന്‍ കാരണം മകന്‍ കാളിദാസന്‍; വിവാദ പോസ്റ്റിന് വിശദീകരണവുമായി പ്രതാപ് പോത്തന്‍

നടന്‍ ജയറാമിനെതിരായ വിവാദ പോസ്റ്റില്‍ വിശദീകരണവുമായി പ്രതാപ് പോത്തന്‍. വെളുത്ത നിറമുള്ള പത്മശ്രീ മന്ദബുദ്ധിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചത് ജയറാമിനെ തന്നെയാണെന്ന് പ്രതാപ് പോത്തന്‍ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കി. പോസ്റ്റ് കുറിക്കാന്‍ കാരണം ജയറാമിന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് നേരിട്ട മോശം അനുഭവമാണെന്നും ആരാധകരെ പേടിച്ചല്ല വിവാദ പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പുതിയ ചിത്രത്തിലേക്ക് നിര്‍മ്മാതാവ് പറഞ്ഞതനുസരിച്ച് ജയറാമിന്റെ മകനെ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. ആദ്യം അനുകൂലമായി പ്രതികരിച്ച ജയറാം പക്ഷെ പിന്നീട് മോശമായാണ് പെരുമാറിയത്. കഥയൊന്ന് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. കഥ കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ മകന്‍ തിരക്കിലാണെന്നും പ്രായമായ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ മകന് താല്‍പ്പര്യമില്ലെന്നും അറിയിച്ചു. അവസരം വേണ്ടെന്ന് പറയുന്നതിന് മാന്യമായ രീതി ഉണ്ടെന്നും അത് ജയറാം പാലിച്ചില്ലെന്നും പോത്തന്‍ ആരോപിക്കുന്നു. ജയറാമിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു.

ആദ്യം ജയറാമിന്റെ പേര് പരാമര്‍ശിക്കാതെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പോത്തനെതിരെ വലിയ വിമര്‍ശനങ്ങളും ആക്രമണവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയിരുന്നു. ജയറാമിന്റെ പേര് പറഞ്ഞില്ലെങ്കിലും താനുദ്ദേശ്യിച്ചത് ജയറാമിനെ തന്നെയാണ് എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഇത് സംസാരവിഷയമായി. ഇതിന് ശേഷമാണ് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചത്. ജയറാമിന്റെ മകനോട് വിരോധമില്ലെന്നും മികച്ച നടനാകട്ടെയെന്ന് ആശംസിക്കുന്നതായും പോസ്റ്റിലുണ്ട് .

 

Scroll To Top