Saturday November 18, 2017
Latest Updates

പബ്ലിക് സര്‍വീസ് കാര്‍ഡ് ഫോട്ടോയടക്കം  ഏഴുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം

പബ്ലിക് സര്‍വീസ് കാര്‍ഡ് ഫോട്ടോയടക്കം  ഏഴുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം

ഡബ്ലിന്‍:പബ്ലിക് സര്‍വീസ് കാര്‍ഡ് ഏഴുവര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്ന് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ആന്‍ഡ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷണര്‍ ഹെലന്‍ ഡിക്‌സന്റെ ചോദ്യത്തിനു മറുപടിയായാണ് വിശദീകരണം. ഏഴുവര്‍ഷം കൂടുമ്പോള്‍ ഫോട്ടോയും പുതുക്കിനല്‍കണം.

വായനക്കാര്‍ പതിവായി ചോദിക്കുന്ന സംശയങ്ങള്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റിലാണ് 47 ചോദ്യങ്ങള്‍ ഹെലന്‍ ഡിക്‌സന്‍ എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ആന്‍ഡ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിനു നല്‍കിയത്. കാര്‍ഡിന്റെ ഉപയോഗം സംബന്ധിച്ചും പുതുക്കുന്നതു സംബന്ധിച്ചും കൂടുതല്‍ വ്യക്തത പൊതുജനത്തിന് നല്‍കേണ്ടതുണ്ടെന്ന് ഡിക്‌സന്‍ പറഞ്ഞു. സുതാര്യത കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല വ്യവസ്ഥിതിയിലുള്ള വിശ്വാസം നിലനിര്‍ത്താനും അത് ആവശ്യമാണ്. കാര്‍ഡ് സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ ദുരീകരിക്കാന്‍ നടപടി വേണം- ഡിക്‌സന്‍ ആവശ്യപ്പെട്ടു.

ഹെലന്‍ ഡിക്‌സന്റെ ആവശ്യത്തിനു മറുപടിയായി, പബ്ലിക് സര്‍വീസ് കാര്‍ഡ് റജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസമാണ് വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

ഒരാള്‍ ഒരിക്കല്‍ മാത്രം റജ്‌സ്‌ട്രേഷന്‍ നടത്തിയാല്‍ മതിയാകും. പിന്നീട് ഏഴുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം.
പബ്ലിക് സര്‍വീസ് ഐഡന്റിറ്റിയാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കുക.

ഓരോ വകുപ്പും അവരവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കണം. പ്രാദേശിക ഭരണകൂടങ്ങളടക്കം ഇങ്ങനെ ഡേറ്റാ സൂക്ഷിക്കേണ്ടവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍, എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ബോര്‍ഡ്, എച്ച്എസ്ഇ, മെന്റല്‍ ഹെല്‍ത്ത് കമ്മിഷന്‍, നാഷണല്‍ ബ്രസ്റ്റ് സ്‌ക്രീനിങ് പ്രോഗ്രാം, ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി തുടങ്ങിയവയെല്ലാം ഇങ്ങനെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടവരുടെ പട്ടികയിലുണ്ട്.

ആന്‍ ഗാര്‍ഡ, പ്രതിരോധ സേനകള്‍എന്നിവ അവരുടെ അംഗങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കണം. 28 ആശുപത്രികളെയും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്.

Scroll To Top