Saturday September 23, 2017
Latest Updates

അയര്‍ലണ്ടിന്റെ കുതിപ്പ് :കാണാതെ പോകരുത് യാഥാര്‍ത്ഥ്യങ്ങള്‍ !

അയര്‍ലണ്ടിന്റെ കുതിപ്പ് :കാണാതെ പോകരുത് യാഥാര്‍ത്ഥ്യങ്ങള്‍ !

ഫോട്ടോ :ഡബ്ലിന്‍ സിറ്റിയിലെ കപ്പൂച്ചിയന്‍ ഡേ സെന്ററില്‍ സൗജന്യ ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുന്നവര്‍
ഡബ്ലിന്‍:രാജ്യത്ത് ഉടലെടുത്ത ഹൗസിംഗ് പ്രതിസന്ധി അപകടകരമായ തലത്തില്‍ എത്തിയിരിക്കുകയാണെന്നും കൂടുതല്‍ പാവപ്പെട്ടവരെ സൃഷ്ടിച്ചിരിക്കുകയാണെന്നും ചാരിറ്റി സംഘടനയായ സെന്റ് വിന്‍സന്റ് ഡീപോള്‍ (എസ്‌വിപി) സൊസൈറ്റി മുന്നറിയിപ്പ് നല്കി. പലര്‍ക്കും താമസ സൗകര്യം നഷ്ടപ്പെട്ട സാഹചര്യമാണിപ്പോഴുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടി. എസ്‌വിപി ക്രിസ്മസ് ഫണ്ട് റെയ്‌സിംഗ് ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. കോര്‍ക്ക് സിറ്റിയിലെയും മറ്റു നഗരങ്ങളിലെയും വീടുകളിലേക്ക് ആദ്യത്തെ 1000 ഗിഫ്റ്റ് പാക്കുകള്‍ അയച്ചു. അവസാനത്തേത് ഡിസംബര്‍ 21ന് വിതരണം ചെയ്യും. സംഘടനയുടെ ഈ വര്‍ഷത്തെ അവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു ഇതെന്ന് എസ്‌വിപി പറഞ്ഞു.

2014ലേതു പോലെ തന്നെ സൗത്ത് വെസ്റ്റ് റീജണല്‍ ഓഫീസില്‍ സഹായം അഭ്യര്‍ഥിച്ച് വിളിച്ചവരുടെയും ബന്ധപ്പെട്ടവരുടെയും എണ്ണം ഈ വര്‍ഷവും ഏറെ കൂടുതലായിരുന്നു. കൂടകള്‍ മുതല്‍ സ്‌കുള്‍ യുണിഫോം വരെ വിതരണം ചെയ്തുകൊണ്ട് 76,000 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സഹായം ചെയ്തതെന്ന് എസ്‌വിപി രീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജെറി ഗാര്‍വി പറഞ്ഞു. 
ഐറിഷ് സമൂഹത്തില്‍ പാവപ്പെട്ടവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന സത്യം എസ്‌വിപി ഞെട്ടലോടെയാണ് കാണുന്നത്. നാണക്കേട് വിചാരിച്ച് സഹായവും പിന്തുണയും ചോദിക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടെന്ന് എസ്‌വിപി പറഞ്ഞു. എന്നാല്‍ അവര്‍ വാടകയോ പണയ കുടിശികയോ നല്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഇവരില്‍ പലരും ചാരിറ്റില്‍ പണ്ട് സംഭാവന നല്കിയിട്ടുള്ളവരുമാണ്. ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കാതെ പോലും വാഹനങ്ങള്‍ ഓടിച്ചു പോകുന്നവരുമുണ്ട്. സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്നവര്‍ നാണക്കേടോര്‍ത്ത് പേര് പോലും പറയാന്‍ മടിക്കുന്നതായും ജെറി പറഞ്ഞു. ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് മക്കളുടെ കോളജ് ഫീസ് അടയ്ക്കാന്‍ പോലും ശേഷിയില്ലാതായിരിക്കുന്ന ബിസിനസുകാര്‍ വരെ ഇവിടെയുണ്ട്.ആത്മഹത്യാ വക്കിലെത്തിയ ആ ബിസിനസുകാരന് ഫുഡ് ഹാംബറും, ട്യൂഷന്‍ ഫീസായ്ക്കായുള്ള ഗ്രാന്‍ഡും അനുവദിച്ച് നല്കിയെന്ന് ജെറി കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞ ഏതാനും വര്‍ഷമായി ചാരിറ്റിയുടെ ഇടപാടുകാരുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. രാജ്യത്തെ സാമ്പത്തികനില ഉയര്‍ന്നാല്‍ പോലും എല്ലാവരുടെയും ജീവിതത്തില്‍ ഇതു പ്രതിഫലിക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വീടുകളിലില്ലാത്തവരുടെ എണ്ണം മോശമായ സ്ഥിതിയിലേക്ക് കുതിച്ചുയരുന്നതിനു മുമ്പ് ലക്ഷക്കണക്കിന് യൂറോ ഇതിനായ ചെലവഴിക്കണം. താത്ക്കാലികമായെങ്കിലും വാടക കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. ചാരിറ്റിയില്‍ സഹായം തേടുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതലായി ഫണ്ട് കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. ഇതു വരെയുള്ള കരുതല്‍ ധനം അവസാനിക്കാറാായെന്നും പ്രതിസന്ധി കൂടുതല്‍ നേരിടുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്കായി കുടുതല്‍ സംഭാവനകള്‍ വേണ്ടിവരും. സഹായം തേടുന്നവരുടെ എണ്ണം കൂടുകയും ഫണ്ടിംഗ് കുറഞ്ഞതിനെ തുടര്‍ന്നും എല്ലാ ചാരിറ്റി സംഘടനകളും പിന്‍വലിയുകയാണെന്ന് ബക്കറ്റ് പിരിവിലൂടെയാണ് ഫണ്ടിംഗ് കണ്ടെത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ജെറി വ്യക്തമാക്കി.
Scroll To Top