Friday December 09, 2016
Latest Updates

മന്ത്രി കെ സി ജോസഫിനെതിരെ കെ എസ് യൂ

മന്ത്രി കെ സി ജോസഫിനെതിരെ കെ എസ് യൂ

ഇരിക്കൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്‍ഠാപുരത്ത് മന്ത്രി കെ.സി ജോസഫിനെതിരെ പോസ്റ്ററുകള്‍. കെസി ജോസഫ് വീണ്ടും മത്സരിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍. ഇരിക്കൂര്‍ മണ്ഡലം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനറും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്.
35 വര്‍ഷം എംഎല്‍എയായ കെസി ജോസഫിന് വോട്ട് ചെയ്യേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. തങ്ങളുടെ രണ്ട് തലമുറയായി കെ.സി ജോസഫിനാണ് വോട്ടു ചെയ്തത്. മണ്ഡലത്തില്‍ വികസനമെത്തിയിട്ടില്ല, റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. 35 വര്‍ഷമായില്ലേ സാര്‍ ഇനിയെങ്കിലും മത്സരത്തില്‍ നിന്ന് മാറിക്കൂടെ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്ററുകള്‍ ചെങ്കൊടി വിജയിച്ചു കാണാന്‍ ആഗ്രഹമില്ലാത്ത കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്.
മുപ്പത്തി രണ്ടാമത്തെ വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.സി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.
വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെ.സി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തിയിരുന്നു. ജോസഫ് മത്സര രംഗത്ത് നിന്ന് ആര്യാടനെ പോലെ പിന്മാറാന്‍ തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്നാണ് കെ.സി ജോസഫിന്റെ വാദം.

Scroll To Top