Wednesday January 17, 2018
Latest Updates

അയര്‍ലണ്ടിലെ ഒരു ക്ഷീര കര്‍ഷകന്റെ ഒരു ദിവസം ഇങ്ങനെയൊക്കെയാണ് …(ഡയറി മേഖലയിലെ സാധ്യതകള്‍/ ഫീച്ചര്‍ )

അയര്‍ലണ്ടിലെ ഒരു ക്ഷീര കര്‍ഷകന്റെ ഒരു ദിവസം ഇങ്ങനെയൊക്കെയാണ് …(ഡയറി മേഖലയിലെ സാധ്യതകള്‍/ ഫീച്ചര്‍ )

(ഫോട്ടോ :ഫില്‍ ഫോഗാറ്റി, മില്‍ക്ക് പാര്‍ലറില്‍ )

ഫില്‍ ഫോഗാറ്റി എന്ന യുവമനസുള്ള കര്‍ഷകന് പ്രായം അറുപത്.ഡയറി ഫാം ബിസിനസില്‍ ഇത് അറുപതാം വര്‍ഷമാണെന്നാണ് ഫോഗാറ്റി പറയുന്നത്.ജനിച്ചകാലം മുതല്‍ ഈ ഫാമും കന്നുകാലികളും ഒക്കെത്തന്നെയാണ് ഫോഗാറ്റിയുടെ ജീവിതം.എന്ന് വെച്ച് പ്രാഥമിക വിദ്യാഭ്യാസം ഒന്നും മുടക്കിയില്ല.തലമുറകളായി ഫോഗാറ്റിയുടെ കുടുംബം കര്‍ഷകരുടേതാണ്.അപ്പനപ്പൂപ്പന്മാരായി കൃഷിക്കാര്‍ തന്നെ. 

അപ്പനെ സഹായിക്കാന്‍ നാലാം വയസില്‍ തുടങ്ങിയതാണ് ഇദ്ദേഹം.അപ്പന്‍ അര്‍ലിംഗ്‌ഫോര്‍ഡിലെ ഒരു സാധാരണ കര്‍ഷകന്‍ ആയിരുന്നു.അക്കാലങ്ങളില്‍ സാധാരണക്കാര്‍ക്കുള്ളത് പോലെ ഏക്കര്‍ കണക്കിന് സ്ഥലം നിറയെ പുല്‍കൃഷി തന്നെ. ഓഹരി കിട്ടിയപ്പോള്‍ 210 ഏക്കര്‍ സ്ഥലത്തില്‍ ഭൂരിപക്ഷവും വീണ്ടും ഒരിക്കല്‍ കൂടി പുല്‍കൃഷിയ്ക്ക് വേണ്ടി നീക്കി വെച്ചതും കന്നുകാലി കൃഷിയിലുള്ള ആത്മ വിശ്വാസം കൊണ്ടാണെന്ന് ഫോഗാറ്റി പറയുന്നു.

എം 8 നോട് ചേര്‍ന്നാണ് ഫോഗാറ്റിയുടെ ഫാം.പക്ഷെ മോട്ടര്‍വേയില്‍ നിന്നും നേരിട്ട് പ്രവേശനമാര്‍ഗമില്ല.ഒരു ഫര്‍ലങ്ങോളം വളഞ്ഞു ചുറ്റി വേണം ഫാമിലെത്താന്‍.

ഡബ്ലിനില്‍ നിന്നും കൗണ്ടി കില്‍ക്കനിയിലെ അര്‍ലിംഗ്‌ഫോര്‍ഡില്‍ എത്തുമ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ (മുതലക്കോടംക്കാരനായ ഇഞ്ചിക്കോറില്‍ താമസിക്കുന്ന ജോര്‍ജ് എ ജോര്‍ജ്,കേരളാ ഹൌസ് കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ ചന്ദ് എന്നിവരാണ് ഞങ്ങളുടെ മൂവര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.) സ്വീകരിക്കാന്‍ തൊടുപുഴ വെണ്‍മണിയില്‍നിന്നുള്ള ജെയ്‌സന്‍ ജോസ് കാത്തു നില്‍പ്പുണ്ടായിരുന്നു.കൗണ്ടി ടിപ്പററിയിലെ നീനയില്‍ താമസിക്കുന്ന ജെയ്‌സന്‍ ഒരു യുവകര്‍ഷകനാണ്,അയര്‍ലണ്ടില്‍ ആദ്യമായി തന്നെ കാര്യമായ തോതില്‍ പച്ചക്കറികൃഷി ആരംഭിച്ചയാള്‍. അര്‍ലിംഗ്‌ഫോര്‍ഡിലെ നേഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അര്‍ലിംഗ്‌ഫോര്‍ഡിലെ ഗ്രാമവാസികളുടെയെല്ലാം പരിചയക്കാരന്‍ കൂടിയാണ്.

എതിരെ നടന്നു വന്നയാളെ ജെയ്‌സന്‍ പരിചയപ്പെടുത്തി’ഇത് ജെ ജെ കാവനാഗ് ..’ അത്ഭുതപ്പെടാതിരിക്കാന്‍ തരമില്ലായിരുന്നു.അയര്‍ലണ്ടിലെ റോഡുകളില്‍ തലങ്ങും വിലങ്ങും ഓടുന്ന ജെ.ജെ കാവനാഗ് എന്ന വലിയ ട്രാവല്‍ കമ്പനിയുടെ ഉടമസ്ഥന്‍ ഒരു തോല്‍ക്കവറും കൈയ്യില്‍ പിടിച്ചു ഷോപ്പിംഗ് കഴിഞ്ഞു നടന്നു വരുന്നു.ഈ ലാളിത്യമാണ് ഐറിഷ് കര്‍ഷകരുടെ മുഖമുദ്ര.അര്‍ലിംഗ്‌ഫോര്‍ഡ് സ്വദേശിയായ കാവനാഗ് ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ്.സ്വപ്രയത്‌നം കൊണ്ട് നേടിയെടുത്തതാണ് ബസ് കമ്പനിയും വളര്‍ച്ചയുമൊക്കെ.

ഫോഗറ്റിയുടെ ഫാം ഹൗസ് തന്നെ ഒരേക്കറോളം സ്ഥലത്താണ്.130 പശുക്കളാണ് ഇവിടെയുള്ളത്.മുന്തിയ ഇനം പശുകിടാങ്ങളെ ഐറിഷ് മൃഗസംരക്ഷണ വകുപ്പ് മുഖേനെ വാങ്ങി വളര്‍ത്തിയെടുത്തതാണ്.ചെറിയ കിടാങ്ങള്‍ മുതല്‍ കറവയ്ക്ക് തയ്യാറായ പശുക്കള്‍ വരെ വില്‍ക്കുന്ന സര്‍ക്കാരിന്റെയും,സ്വകാര്യ കമ്പനികളുടെയും നിരവധി ഏജന്‍സികള്‍ അയര്‍ലണ്ടില്‍ ഉണ്ട്.കര്‍ഷകരുടെ സൗകര്യാര്‍ഥം ഇവയെ വാങ്ങിയ്ക്കാം.ജേഴ്‌സി,ഹോള്‍സ്റ്റീന്‍,ഫ്രീഷ്യന്‍ ഇനങ്ങളൊക്കെയാണ് അയര്‍ലണ്ടിലെയും പ്രധാനഇനം പശുക്കള്‍.ജേഴ്‌സിക്ക് ഹോള്‍സ്റ്റീനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പാലിന്റെ അളവ് കുറവുമാണ്.

കറവയുള്ള ഒരു പശുവിന് 1100 മുതല്‍ 1400 യൂറോ വരെ വില കൊടുക്കണം.അടുത്തവര്‍ഷം മില്‍ക്ക് ക്വാട്ട നിര്‍ത്തലാക്കുന്നത് കൊണ്ട് കൂടുതല്‍ പേര്‍ ഡയറി മേഖലയിലേയ്ക്ക് വന്നേയ്ക്കുമെന്നും അങ്ങനെ വില കൂടുതലാവാന്‍ സാധ്യതയുണ്ടെന്നുമാണ് ഫോഗാറ്റിയുടെ പക്ഷം.

രാവിലെ ഉറക്കം ഉണര്‍ന്നാലുടന്‍ ഒരു കട്ടന്‍ ചായയും കഴിച്ചു വെളുപ്പിന് നാല് മണിയ്ക്ക് ഡയറി ഫാമില്‍ എത്തിയാല്‍ ആദ്യമേ തന്നെ കൌ ബ്രാന്‍ (കന്നുകാലിക്കൂടെന്ന് ഇതിനെ വിളിക്കാം.ഇവിടെയാണ് പശുക്കള്‍ രാത്രിയിലും,വിന്റര്‍ കാലയളവിലും വിശ്രമിക്കുന്നത്.പശുക്കള്‍ക്കായി പുല്ലും സൈലെജും ഇവിടെ ചില പ്രത്യേക പാത്രങ്ങളില്‍ വെച്ചിട്ടുണ്ടാവും.ചില സ്ഥലങ്ങളില്‍ മാത്രം പശുക്കളെ കെട്ടിയിടാറുണ്ട്)തുറന്ന് ‘പെണ്‍കുട്ടികളുടെ'(ഫോഗാറ്റി പശുക്കളെ അങ്ങനെയാണ് വിളിയ്ക്കുന്നത്…ഗേള്‍സ് ..!)ക്ഷേമം അന്വേഷിക്കും.മുഴുവന്‍ സമയവും ലൈറ്റിംഗും ചൂടും ഇവിടെ ലഭ്യമാണ്.തറ റബര്‍ മാറ്റുകള്‍ ഉറപ്പിച്ചതാണ്.ഫോഗാറ്റിയുടെ ഫാമിന്റെ തറയില്‍ മുഴുവന്‍ പ്രദേശത്തും ഇങ്ങനെ റബര്‍ മാറ്റുകള്‍ (മേഡ് ഇന്‍ ഇന്ത്യ ,,,തീര്‍ച്ചയായും കേരളത്തില്‍ നിന്നായിരിക്കും !)വിരിച്ചിരിക്കുകയാണ്.കിടപ്പിനും നടപ്പിനും ഇവ പശുക്കള്‍ക്ക് ഉപകാരമാവുന്നു.

ഫോഗാറ്റിയുടെ കാലൊച്ച കേള്‍ക്കുമ്പോഴേ ‘പെണ്‍കുട്ടികള്‍ കിടന്ന കിടപ്പില്‍ നിന്നും എഴുനേറ്റിട്ടുണ്ടാവും.പിന്നെ അവര്‍ ഓരോരുത്തരായി പുറത്തേയ്ക്ക് ഇറങ്ങും.അകിട്ടില്‍ നിറഞ്ഞു നില്ക്കുന്ന പാല്‍ യജമാനന് കൊടുക്കാനുള്ള പോക്കാണ് !ഫോഗാറ്റി ഇടവാതില്‍ക്കല്‍ കാത്തു നില്‍പ്പുണ്ടാവും.28 പേരെയെ ഒന്നിച്ചു കറക്കാനുള്ള യന്ത്ര സംവിധാനമേ അവിടെയുള്ളൂ.

പശുക്കള്‍ മില്‍ക്കിംഗ് പാര്‍ലറിലേയ്ക്ക് പ്രവേശിക്കുന്നത് കാണുന്നത് തന്നെ നല്ല ഒരു കാഴ്ച്ചയാണ്.ആദ്യം കയറുന്ന പശു ഏറ്റവും ദൂരെയുള്ള കറവയന്ത്രത്തിന്റെ അടുത്തെയ്ക്കാവും പോവുക.പിന്നെ ഓരോരുത്തരായി ക്രമമനുസരിച്ചു കറവകൂടുകളില്‍ കയറും.

പശുക്കള്‍ മില്‍ക്കിംഗ് പാര്‍ലറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇടവാതില്‍ അടച്ചു ഫോഗാട്ടിയും അവിടെയെത്തും.ഹൈഡ്രോളിക് സംവിധാനത്തില്‍ താഴ്ന്നു വരുന്ന കറവയന്ത്രം പശുവിന്റെ അകിട്ടിലെയ്ക്ക് ചേര്‍ത്തു വയ്ക്കുന്നു.നാല് മുലക്കാംബുകളിലേയ്ക്കും ഘടിപ്പിക്കുന്ന യന്ത്രം കൊണ്ട് പാല്‍ കറന്നെടുക്കാന്‍ പത്തു മിനുട്ടില്‍ താഴെ സമയമേ വേണ്ടി വരികയുള്ളു.മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കളുടെ അകിട് കഴുകാനും,കറവയ്ക്കും കറന്ന ശേഷം മുലക്കാമ്പുകള്‍ രോഗാണു വിമുക്തമാക്കാനുള്ള സംവിധാനമുണ്ട്.കറന്ന പാല്‍ കൈകൊണ്ട് തൊടാതെ മില്‍ക്ക് ടാങ്കിലേയ്ക്ക് പമ്പ് ചെയ്ത് പോകുന്നു.ശീതീകരിച്ച കറവയന്ത്രം സ്വയം കഴുകി വൃത്തിയാക്കുന്ന രീതി ഉള്ളതിനാല്‍ ഇവിടെയുംഫോഗാറ്റിയുടെ ആവശ്യം വേണ്ട. 

മില്‍ക്കിംഗ് പാര്‍ലറിലെ ജോലി കഴിഞ്ഞാല്‍ പശുക്കള്‍ക്ക് തീറ്റയും നല്‍കി ഫോഗാറ്റി മടങ്ങും.ആറു മണിയോടെ ഫോഗാറ്റി വീട്ടില്‍ എത്തുമ്പോഴേയ്ക്ക് ഭാര്യ എഴുനേല്‍ക്കുന്നതേ ഉണ്ടാവു.പിന്നെ കൊച്ചുമക്കളെ സ്‌കൂളില്‍ അയയക്കാനുള്ള തിരക്കാവും.ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാല്‍ ഫാമിലെ വാഹനത്തില്‍ തന്നെയാണ് സ്‌കൂളിലേയ്ക്കുള്ള യാത്ര.

എട്ടു മണിയോടെ ഫാമില്‍ തിരിച്ചെത്തി പശുക്കളെ ഗ്രാസ് ലാന്‍ഡിലേയ്ക്ക് നയിക്കും.രണ്ടു ദിവസത്തേയ്ക്ക് അഞ്ചേക്കറോളം വരുന്ന ഒരു ഗ്രാസ് ലാന്‍ഡാണ് ഫോഗാറ്റിയുടെ 130 പശുക്കള്‍ക്ക് വേണ്ടത്.രണ്ടു ദിവസം കഴിഞ്ഞാല്‍ മറ്റൊരു ഫീല്‍ഡിലേയ്ക്ക് പശുക്കളെ മാറ്റും.ശരാശരി 20 ദിവസത്തിലൊരിക്കല്‍ വീണ്ടും ഇതേ ഫീല്‍ഡിലെ പച്ചപ്പുല്ല് പാകമെത്തും.പുല്ല് സമൃദ്ധമായി വളരാനും മറ്റുമായി നൈട്രജന്‍ സ്‌പ്രേ ചെയ്തു കൊടുക്കും.വിന്റര്‍ കാലയളവില്‍ പശുക്കളെ പുറത്തിറക്കാറില്ല.ആ കാലത്തേയ്ക്ക് കൊടുക്കാനായി ഫോഗാറ്റി പുല്ല് വെട്ടി ഉണക്കി സൈലേജായി സൂക്ഷിക്കും.30 വര്‍ഷങ്ങള്‍ വരെ ഇത്തരം സൈലെജ് യാതൊരു കേടും കൂടാതെയിരിക്കും.

(ഫോഗാറ്റിയും ഇങ്ങനെ വര്‍ഷങ്ങളിലെയ്ക്ക് വേണ്ട സൈലെജ് സംഭരിച്ചു വെച്ചിരിക്കുന്ന ഒരു കര്‍ഷകനാണ്.സൈലെജിന്റെ അളവ് കൂടുന്നത് ഓരോ ഐറിഷ് കര്‍ഷകന്റെയും അന്തസ് കൂട്ടുന്ന ഒരു കണക്കാണ്.)

എല്ലാ ദിവസവും പള്ളിയിലെത്തി കുര്‍ബാന കൂടുന്ന ഫോഗാറ്റി അത് കഴിഞ്ഞാല്‍ ഒരു നിമിഷം വിടാതെ ഫാമില്‍ തിരിച്ചെത്തും.ഗ്രാസ് ലാന്‍ഡുകളിലെ കള പറി ,വളം ഇടല്‍ എന്ന് വേണ്ട സര്‍വ പരിശോധനകളും ഈ സമയത്താണ്.ഒന്നരയാവുമ്പോള്‍ ഭാര്യയുടെ വിളിവരും..ലഞ്ച് റെഡി.

മൂന്നുമണിയോടെ പശുക്കള്‍ വീണ്ടും കൌ ബ്രാനിലെയ്ക്ക് യാത്രയാവും.ഇതിനകം തന്നെ കൌ ബ്രാനും,മില്‍ക്ക് പാര്‍ലറും അടക്കം ക്ലീനാക്കി കഴിഞ്ഞിരിക്കും.ഇതിനായി മുഴുവന്‍ യന്ത്രവത്കൃത സംവിധാനങ്ങളാണ് ഉള്ളത്.

മില്‍ക്ക് പാര്‍ലറിലെ കറവ കഴിഞ്ഞാല്‍ വീണ്ടും ഫീല്‍ഡിലും,ഫാമിലുമായി ആറു മണി വരെയെങ്കിലും ഫോഗാറ്റിയുണ്ടാവും.മൂന്നു ദിവസത്തില്‍ ഒരിക്കല്‍ പ്രാദേശിക മില്‍ക്ക് ഫാക്റ്ററിയില്‍ നിന്നും ടാങ്കര്‍ എത്തി ടാങ്കില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന പാല്‍ ശേഖരിക്കും.ചില കര്‍ഷകര്‍ പാല്‍ കൊടുക്കുന്നത് പ്രാദേശിക സഹകരണ സംഘങ്ങളിലാണ്.കേരളത്തിലേത് പോലെ ഗ്രാമീണ പാല്‍ ശേഖരണ വിപണന സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്ഷീര കര്‍ഷകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നത്,

മാസാവസാനം,അതുവരെ വിറ്റ പാലിനുള്ള ചെക്ക് ഫോഗാറ്റിയ്ക്ക് ലഭിക്കും.ഓഗസ്റ്റില്‍ പാലില്‍ നിന്നും മാത്രമുള്ള ഫോഗാറ്റിയുടെ വരുമാനം മുപ്പതിനായിരത്തിലധികം യൂറോയാണ്.ശരാശരി 6300 ലിറ്റര്‍ പാലാണ് കഴിഞ്ഞ വര്‍ഷം ഫോഗാറ്റിയുടെ ഫാമിലെ ഒരു പശുവില്‍ നിന്നുള്ള ഉദ്പാദനം.ദിവസേനെ ശരാശരി 1718 ലിറ്റര്‍.അയര്‍ലണ്ടിലെ ശരാശരി പാല്‍ ഉദ്പാദനത്തെക്കാള്‍ (5400 ലിറ്റര്‍/ എല്ലാ ഇനം പശുക്കളെയും കൂട്ടിയുള്ള കണക്കാണിത് )കൂടുതലാണിത്.ഫാറ്റ് അടക്കമുള്ള ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ലിറ്റര്‍ വില കണക്കാക്കുന്നത്.ഇത് ശരാശരി 33 സെന്റാണ് ഇപ്പോള്‍.

ഡയറി ഫാമിന്റെ ചിലവുകളിലേയ്ക്ക്, ചാണകം,സൈലെജ് എന്നിവ വഴിയും സര്‍ക്കാര്‍ ഗ്രാന്റ് മുഖേനെയും ലഭിക്കുന്ന വരുമാനം മാത്രം മതിയെന്നാണ് ഫോഗാറ്റിയുടെ കണ്ടെത്തല്‍.

കൌബ്രാനുകളിലും,ചില ഗ്രാസ് ഫീല്‍ഡ്കളിലും പോലും ഡിജിറ്റല്‍ ക്യാമറ റിക്കാര്‍ഡിംഗ് ഉള്ളത് കൊണ്ട് ,തീറ്റ സ്ഥലത്തും രാത്രിയില്‍ പോലുമുള്ള ചലനങ്ങളും വീട്ടില്‍ ഇരുന്നു നിരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്.

ചുരുക്കി പറഞ്ഞാല്‍ വളരെ എളുപ്പമുള്ള ജോലിയാണ് ഫോഗാറ്റി ചെയ്യുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം.പക്ഷെ എളുപ്പമാണോ ഡയറി ഫാം നടത്തിപ്പ് ?ഇതിന്റെ കാണാപ്പുറങ്ങള്‍ എന്തൊക്കെയാണ് ?അടുത്ത ദിവസം നമുക്ക് ചര്‍ച്ച ചെയ്യാം.(തുടരും )

റെജി സി ജേക്കബ് Scroll To Top