Tuesday September 26, 2017
Latest Updates

പുല്‍പ്പാടങ്ങളില്‍ പാല്‍പുഞ്ചിരി വീണ്ടും വിടരുന്ന പ്രഭാതങ്ങള്‍ (ഡയറി മേഖലയിലെ സാധ്യതകള്‍-ഫീച്ചര്‍ ) 

പുല്‍പ്പാടങ്ങളില്‍ പാല്‍പുഞ്ചിരി വീണ്ടും വിടരുന്ന പ്രഭാതങ്ങള്‍ (ഡയറി മേഖലയിലെ സാധ്യതകള്‍-ഫീച്ചര്‍ ) 

യര്‍ലണ്ടില്‍ എവിടെ യാത്ര ചെയ്താലും റോഡിന്റെ ഇരുവശങ്ങളിലും പച്ചപ്പട്ടു വിരിച്ച കൃഷിയിടങ്ങളിലെല്ലാം മേഞ്ഞുനടക്കുന്ന പശുക്കളെയും ചെമ്മരിയാടുകളെയും കാണാം.മിതശീതോഷ്ണാവസ്ഥയില്‍ അനുഗ്രഹിക്കപ്പെട്ട ഈ ചെറിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പതിറ്റാണ്ടുകളായി ഈ കൊച്ചുമൃഗങ്ങളെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്ക്കുന്നത്.

കൊട്ടിഗ്‌ഘോഷിക്കുന്ന ആധുനീകസാങ്കേതിക വിദ്യകളില്‍ നിന്നോ,ഐ ടി യില്‍ നിന്നോ,കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയില്‍ നിന്നോ ലഭിക്കുന്നതില്‍ എത്രയോ അധികമാണ് ഇപ്പോഴും കൃഷി മേഖല പ്രത്യേകിച്ച് മൃഗസംരക്ഷണമേഖലയില്‍ നിന്നുള്ള സംഭാവന.

ആകെയുള്ള 4.8 മില്ല്യന്‍ വരുന്ന ജനസംഖ്യയ്ക്ക് സ്വന്തമായുള്ളത് 6.6 മില്യന്‍ പശുക്കളും,4.5 മില്ല്യന്‍ ആടുകളും!ഒരാള്‍ക്ക് ശരാശരി ഒരു പശുവിലധികം.പാലുത്പാദനം മാത്രം 5 ബില്ല്യന്‍ ലിറ്ററാണ്.ഇതില്‍ വെറും 495 മില്യന്‍ ലിറ്റര്‍ മാത്രമാണ് പ്രാദേശികമായ ഉപഭോഗം.ബാക്കി മുഴുവന്‍ പാലും വെണ്ണയും ചീസും മറ്റ് അനുബന്ധ ഉദ്പന്നങ്ങളുമായി അന്താരാഷ്ട്ര വിപണിയിലേയ്ക്ക് കയറ്റി അയയ്ക്കപ്പെടുന്നു.ബീഫ് അടക്കമുള്ള ഉപോത്പന്നങ്ങള്‍ വഴി ലഭിക്കുന്ന ആദായം വേറെ.FARM 6

2020ഓടെ നിലവിലുള്ള പാല്‍ ഉദ്പാദനം 50 % ഉയര്‍ത്താനുള്ള പദ്ധതികളാണ് യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ ഈ വര്‍ഷം മുതല്‍ ഐറിഷ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ബീഫ് ഉത്പാദനം വര്‍ദ്ധിപ്പിക്കാനും വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. 

1984 ല്‍ യൂറോപ്യന്‍ മില്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തിയതിന് ശേഷമാണ് അയര്‍ലണ്ടില്‍ പാല്‍ ഉല്‍പ്പാദനം കുറഞ്ഞത്.നിശ്ചിതമായ അളവില്‍ കൂടുതല്‍ പാല്‍ ഉദ്പാദിപ്പിച്ചു വിപണനത്തിന് എത്തിയ്ക്കാന്‍ പാടില്ലെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം പാലിയ്‌ക്കേണ്ടി വന്നതോടെ കര്‍ഷകര്‍ക്ക് ഡയറി ഫാം നടത്തിപ്പ് ആകര്ഷകമല്ലാതായി.അയര്‍ലണ്ടില്‍ പകുതിയിലധികം ക്ഷീര കര്‍ഷകര്‍ ഈ മേഖല വിട്ടു പോകാന്‍ ‘മില്‍ക്ക് ക്വാട്ട സമ്പ്രദായം ഇടവരുത്തി. കര്‍ഷകരുടെ ഭാഗത്ത് നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് 2015 ഏപ്രില്‍ 1 മുതല്‍ മില്‍ക്ക് ക്വോട്ട പിന്‍വലിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബജറ്റില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ധനമന്ത്രി പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടിലെ ഡയറി മേഖല അക്ഷരാര്‍ഥത്തില്‍ ആഹ്ലാദത്തിലാണ്.

സര്‍ക്കാരിന്റെ പിന്തുണയും ,പ്രാദേശിക സഹകരണസംഘങ്ങളുടെ നേതൃത്വവും കൂടിയാവുമ്പോള്‍ ഒരിക്കലും നഷ്ട്ടം വരാന്‍ സാധ്യതയില്ലാത്ത ഒരു സംരംഭമായി അയര്‍ലണ്ടിലെ ഡയറി ഫാമുകള്‍ മാറുകയാണ്.കോമണ്‍ അഗ്രികള്‍ച്ചറല്‍ പോളിസി (CAP)എന്ന യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്കും,ഫാമുകള്‍ക്കും നേരിട്ട് പെയ്‌മെന്റുകള്‍ ലഭിക്കുന്നു.

പച്ചപ്പുല്‍ വളര്‍ത്തല്‍,ലാന്‍ഡ് സ്‌കേപ്പിംഗ്,വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന് വേണ്ട ആധുനിക നടപടികള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് കര്‍ഷകര്‍ക്ക് നേരിട്ട് ഫണ്ട് വിതരണം ചെയ്യും.ടാക്‌സ് ഇനത്തില്‍ വലിയ തോതിലുള്ള ഇളവ് മൈക്കില്‍ നൂനന്റെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ലീസിനു ഏറ്റെടുക്കുന്ന ഡയറി ഫാം അടക്കമുള്ള ഭൂമിയ്ക്ക് ടാക്‌സ് ക്രഡിറ്റ് പ്രഖ്യാപിച്ചതും,ഡയറി മേഖലയില്‍ 40 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ പ്രായപരിധിയില്ലാതെ നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും പുതിയ സംരംഭകരെ സംബന്ധിച്ചിടത്തോളം ആകര്‍ഷണീയമാണ്.FARM 7

പക്ഷേ,ഡയറി മേഖലയില്‍ ശതകോടികള്‍ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ വഴി ,ഈ തൊഴില്‍ തന്നെ ഉപേക്ഷിച്ചു പോയവരെ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയൊന്നും ഐറിഷ് സര്‍ക്കാരിനില്ല.അവിടെയാണ് താല്പര്യമുള്ള കുടിയേറ്റക്കാര്‍ക്ക് അവസരം ലഭിച്ചേക്കാവുന്നത്.ക്ഷീര മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്കായി ഷോര്‍ട്ട് ടേം പഠന പദ്ധതികള്‍ വരെ ലഭ്യമാണ്.

ഡയറി മേഖലയിലെ ലാഭനഷ്ടക്കണക്കുകളും റിസ്‌ക് ഫാക്ടറുകളും, മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ആരും തന്നെ പഠിച്ചില്ല എന്നതാവാം ഈ മേഖലയിലേയ്ക്ക് കടക്കാന്‍ മടിച്ചു നില്‍ക്കുന്നതിന്റെ കാരണം എന്നാണ് കൗണ്ടി കില്‍ക്കനിയിലെ അര്‍ലിംഗ്‌ഫോര്‍ഡിലുള്ള ഫില്‍ ഫോഗാത്തി എന്ന കര്‍ഷകന്റെ ഡയറി ഫാം സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയത്.രാവിലെ നാല് മണി മുതല്‍ രാത്രി 8 മണി വരെയുള്ള സമയത്തില്‍ അഞ്ചു മണിക്കൂറോളം മറ്റാരുടെയും സഹായമില്ലാതെ ഫാമില്‍ ചെലവഴിക്കുന്ന ഫില്‍ എന്ന 60 വയസുകാരന്റെ മാസവരുമാനം മുപ്പതിനായിരം യൂറോയാണെന്ന അറിവ് ഞങ്ങളുടെ സംഘത്തെ ഞെട്ടിച്ചു!.ഒറ്റയ്ക്ക് ഫാമിലെ ജോലികളെല്ലാം ചെയ്യുന്ന ഫില്ലിന്റെ വീരകഥകള്‍ അടുത്ത ദിവസം പറയാം(തുടരും) 

റെജി സി ജേക്കബ് 

Scroll To Top