Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഭ്രാന്തിപശു രോഗം ഒരൊറ്റ പശുവിന് മാത്രം,കൂടെയുണ്ടായിരുന്ന മുഴുവന്‍ പശുക്കളെയും കൊന്നു,പേടിക്കാനില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

അയര്‍ലണ്ടില്‍ ഭ്രാന്തിപശു രോഗം ഒരൊറ്റ പശുവിന് മാത്രം,കൂടെയുണ്ടായിരുന്ന മുഴുവന്‍ പശുക്കളെയും കൊന്നു,പേടിക്കാനില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ ലൌത്ത് കൌണ്ടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഭ്രാന്തി പശു രോഗം ഒറ്റപ്പെട്ട സംഭവം മാത്രമായിരുന്നുവെന്ന് കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.ലണ്ടനില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ചത്ത ഒരു പശുവിന് രോഗാവസ്ഥ പോസിറ്റിവ് ആണെന്ന് തെളിഞ്ഞിരുന്നു.ഒരു പശുവിന് രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനോടൊപ്പം ഉണ്ടായിരുന്ന ബാക്കി 67 പശുക്കളെയും പരിശോധിക്കുകയും ,കശാപ്പിന് അയയ്ക്കുകയും ചെയ്തു.
ഇവയ്‌ക്കൊന്നും രോഗലക്ഷണങ്ങള്‍ കണ്ടെത്താനായില്ലയെങ്കിലും ഇവയുടെ ഇറച്ചിയും നശിപ്പിച്ചു കളയുകയുണ്ടായി.രോഗം ബാധിച്ച പശുവിന്റെ തള്ളയെയും,അതിന്റെ തള്ള പശുവിനെയും പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി.എന്നാല്‍ അവയ്‌ക്കോ ,രോഗം ബാധിച്ച പശുവില്‍ നിന്നും ജനിച്ച നാല് പശുക്കുട്ടികള്‍ക്കോ രോഗത്തിന്റെ ലാഞ്ചനപോലും ഉണ്ടായിരുന്നില്ലെന്ന് കൃഷി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന കാലിതീറ്റ ഇനങ്ങളിലും അടിയന്തര പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായ ഒന്നും കണ്ടെത്താനായില്ല.സംഭവങ്ങളുടെ നിജസ്ഥിതി യൂറോപ്യന്‍ യൂണിയനെയും ലോക മൃഗാരോഗ്യ സംഘടനയെയും അറിയിച്ചെന്നും രാജ്യത്തിന്റെ ബീഫ് കയറ്റുമതി മേഖല സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

Scroll To Top