Sunday December 11, 2016
Latest Updates

പൂഞ്ഞാറിലെ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മരണം വിവാദത്തിലേക്ക്

പൂഞ്ഞാറിലെ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മരണം വിവാദത്തിലേക്ക്

ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ പിന്തുണച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി പത്താഴപ്പടി കുന്നുംപുറത്തു കെ.എം.നസീര്‍ മരിച്ചത് (56)സി പി എം കാരുടെ മര്‍ദ്ദനമേറ്റാണ് എന്ന് ആരോപണം.പത്താഴപ്പടിയിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീര്‍ ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പി.സി.ജോര്‍ജിനെ ചില സിപിഎം നേതാക്കള്‍ പിന്തുണച്ചതിനെതിരെയും പ്രാദേശിക നേതാക്കളുടെ അഴിമതിക്കെതിരെയും പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്കു പരാതി കൊടുത്തതിനെ തുടര്‍ന്നാണു നസീറിനു മര്‍ദനമേറ്റതത്രേ.കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അന്ത്യം.

സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പൂഞ്ഞാര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ഇ.നവാസിന്റെ നേതൃത്വത്തിലാണു കഴിഞ്ഞ മാസം 26 ന് വൈകിട്ട് ടൗണ്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഡിടിപി സെന്ററിനടുത്തു വെച്ചതായിരുന്നു നസീറിനെ മര്‍ദിച്ചതെന്നു നസീറിന്റെ മക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുഏതാനം സി പി എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില രഹസ്യ സിഡികള്‍ നസീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും സിഡിയിലെ വിവരങ്ങളുടെ കോപ്പി എടുക്കാനാണു ഡിടിപി സെന്ററില്‍ എത്തിയതെന്നും സൂചനയുണ്ട്.
ആയുധമില്ലാതെ ആക്രമണം നടത്തിയെന്ന വകുപ്പുചുമത്തിയാണു കേസെടുത്തത്. പ്രതികളെ സ്റ്റേഷനില്‍ നിന്നു ജാമ്യംനല്‍കി വിട്ടയച്ചു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനു പിന്നില്‍ പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്കിനെപ്പറ്റിയും ചില പ്രാദേശിക നേതാക്കളുടെ പണപ്പിരിവിനെപ്പറ്റിയുമാണു നസീര്‍ മേല്‍ഘടകങ്ങള്‍ക്കു പരാതി നല്‍കിയത്.

നസീറിന്റെ പക്കലുള്ള തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു ആക്രമിക്കാനെത്തിയവരുടെ ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ നിലയിലാണു നസീറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം പിന്നീട്.

Scroll To Top