Thursday December 08, 2016
Latest Updates

വോട്ടിംഗിന് തുടക്കമായി,മിക്കയിടങ്ങളിലും മികച്ച പോളിംഗ് ,ഡണ്‍ലേരിയില്‍ ഷോണ്‍ ബാരറ്റ് ജയിക്കുമെന്ന് ഉറപ്പായി !

വോട്ടിംഗിന് തുടക്കമായി,മിക്കയിടങ്ങളിലും മികച്ച പോളിംഗ് ,ഡണ്‍ലേരിയില്‍ ഷോണ്‍ ബാരറ്റ് ജയിക്കുമെന്ന് ഉറപ്പായി !

ഡബ്ലിന്‍:ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കമായി.40 നിയോജകമണ്ഡലങ്ങളിലായി ഒഴിവുള്ള 158 സീറ്റുകളിലേയ്ക്ക് 552 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.രാജ്യത്തെ 3.2 മില്യന്‍ വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുക.

ഇന്ന് രാവിലെ 7 മണിയ്ക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് രാത്രി 10 വരെ നീണ്ടുനില്‍ക്കും.പകല്‍ ജോലിയ്ക്ക് പോകുന്നവര്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സൌകര്യമൊരുക്കാനാണ് വോട്ടെടുപ്പ് 10 മണി വരെയാക്കിയിരിക്കുന്നത്.ആകെയുള്ള 158 സ്ഥാനങ്ങളില്‍ 157 പേരെ തിരഞ്ഞെടുക്കുന്നതിനായാണ് വോട്ടിംഗ്.നാലംഗ ഡണ്‍ലേരി മണ്ഡലത്തില്‍ നിന്നും ഫിനഗേലിന്റെ സ്ഥാനര്‍ഥി ഷോണ്‍ ബാരറ്റ് സഭാംഗമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.കഴിഞ്ഞ പാര്‍ലമെന്റിലെ സ്പീക്കര്‍ ആയിരുന്നു ഷോണ്‍ ബാരറ്റ്.സ്പീക്കര്‍ വീണ്ടും ജനവിധി തേടിയാല്‍ ലഭിക്കുന്ന വോട്ടിന്റെ എണ്ണം നോക്കാതെ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കണം എന്ന ചട്ടം അനുസരിച്ചാണ് ഷോണ്‍ ബാരറ്റ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡബ്ലിന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഡോണിബ്രൂക്ക്,റാനില,ബാള്‍സ് ബ്രിഡ്ജ് എന്നിവിടങ്ങളിലടക്കം മിക്ക ബൂത്തുകളിലും രാവിലെ പോളിംഗിന് മുമ്പ് തന്നെ സ്ത്രീവോട്ടര്‍മാര്‍ അടക്കം ക്യൂ നില്ക്കാന്‍ എത്തിയത് തിരഞ്ഞെടുപ്പിന്റെ ആവേശം വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

രാവിലെ 6 മണിയോടെ തന്നെ പോളിംഗ് ഏജന്റുമാര്‍ ബൂത്തുകളില്‍ എത്തി കാന്‍വാസിംഗ് ആരംഭിച്ചു.പോളിംഗ് ഏജന്റുമാര്‍ ബൂത്തുകള്‍ക്ക് പുറത്താണ് സാധാരണയായി നിലകൊള്ളുക.

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ പോളിംഗ് ഓഫിസര്‍ ആവശ്യപ്പെട്ടാല്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്.

ഒരു തൂക്കു പാര്‍ലമെന്റ് രൂപപ്പെടാനുള്ള സാധ്യതകളാണ് രാജ്യത്ത് നിലവിലുള്ളത്,അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം ഒരു പാര്‍ട്ടിയ്‌ക്കൊ മുന്നണിയ്‌ക്കോ പോലും ഇലക്ഷനില്‍ ഭൂരിപക്ഷം കിട്ടാനിടയില്ല എന്ന നിഗമനമാണ് ഉള്ളത്.

Scroll To Top