Saturday December 03, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; മണര്‍കാടും, പുതുപ്പള്ളിയിലും റെയ്ഡ്

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; മണര്‍കാടും, പുതുപ്പള്ളിയിലും റെയ്ഡ്

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിന്റെ സഹായിയുടെ സ്ഥാപനത്തിലടക്കം രണ്ടിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

കേസിലെ മുഖ്യപ്രതി എം.വി വര്‍ഗീസ് ഏലിയാസ് ഉതുപ്പിന്റെ കൂട്ടാളി സുരേഷിന്റെ ഉടമസ്ഥതയിലുള്ള മണര്‍കാട്ടെ ബേക്കറിയിലും , പുതുപ്പള്ളിയിലെ ഒരു ആധാരം എഴുത്തുകാരന്റെ ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കുവെറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ സമ്പാദിച്ച പണം എന്തൊക്കെ ബിസിനസിലാണ് ഉതുപ്പ് വര്‍ഗ്ഗീസ് നിക്ഷേപിച്ചിരിക്കുന്നത് എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചുളള ഉതുപ്പിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി നിന്നത് ഈ ആധാരമെഴുത്തുകാരനായിരുന്നു എന്നാണ് പോലീസിനു ലഭിച്ച വിവരം. പുതുപ്പള്ളി കേന്ദ്രീകരിച്ചുളള പ്രമുഖ ബേക്കറി ശൃംഖയിലും ഉതുപ്പ് വര്‍ഗ്ഗീസ് പണം നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റിന് സൂചന ലഭിച്ചിരുന്നു. ബേക്കറി ഗ്രൂപ്പിന്റെ പെട്ടെന്നുള്ള വളര്‍ച്ചയാണ് സംശയത്തിനു കാരണമായത്.

വിലപ്പെട്ട പല തെളിവുകളും റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് സൂചന. വിദേശത്ത് ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഉതുപ്പിന്റെ പുതുപ്പള്ളിയിലെ വസതിയില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

 

Scroll To Top