Sunday December 04, 2016
Latest Updates

പ്രധാനമന്ത്രി അയര്‍ലണ്ടില്‍ അഞ്ചു മണിക്കൂര്‍ മാത്രം,ഭക്ഷണമൊരുക്കാന്‍ ഇന്ത്യന്‍ സംഘം,കഴിക്കാന്‍ റോട്ടിയും പച്ചക്കറിയും മാത്രം ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

പ്രധാനമന്ത്രി അയര്‍ലണ്ടില്‍ അഞ്ചു മണിക്കൂര്‍ മാത്രം,ഭക്ഷണമൊരുക്കാന്‍ ഇന്ത്യന്‍ സംഘം,കഴിക്കാന്‍ റോട്ടിയും പച്ചക്കറിയും മാത്രം ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതോടനുബന്ധിച്ചുള്ള റിഹേഴ്സ്സലും,വോളണ്ടിയര്‍മാരുടെ പരിശീലനവും ഇന്നലെ സമ്മേളന വേദിയായ ബര്‍ലിംഗ്റ്റണ്‍ റോഡിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ നടത്തപ്പെട്ടു.നൂറോളം വോളണ്ടിയര്‍മാരെയാണ് പരിപാടിയിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പ്രദേശങ്ങളും,വഴികളും എസ് പി ജി സംഘം ഇന്നലെ പരിശോധിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.മോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്നുമുള്ള നാല്‍പ്പതോളം ഉദ്യോഗസ്ഥരും ഇന്നലെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു.പ്രത്യേക കണ്ട്രോള്‍ റൂമും,മീഡിയാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നത് ഡബിള്‍ ട്രീ ഹോട്ടലില്‍ തന്നെയാണ്.

ഡബ്ലിന്‍ വിമാനത്താവളത്തില്‍  11 മണിയ്ക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ ഐറിഷ് മന്ത്രിസഭയിലെ അംഗങ്ങളും ഇന്ത്യന്‍ അമ്പാസിഡറും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് ഡബിള്‍ ട്രീ ഹോട്ടലില്‍ എത്തുന്ന നരേന്ദ്രമോഡി ഏതാനം മിനുട്ട് അവിടെ വിശ്രമിച്ച ശേഷമാണ് ഐറിഷ് പ്രധാനമന്ത്രി ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനായി പോവുക.

മുമ്പ് അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്ഥമായി ഐറിഷ് പ്രധാനമന്ത്രി എന്ട കെന്നി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വിരുന്നു സല്ക്കാരം നല്‍കുന്നില്ല.60 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കായി പക്ഷെ ഐറിഷ് പ്രധാനമന്ത്രി ആചാരപരമായ സ്വീകരണം ഒരുക്കും.തുടര്‍ന്ന് വ്യാപാര വാണിജ്യ മേഖലകളില്‍ ഇന്ത്യയും അയര്‍ലണ്ടുമായി രൂപപ്പെടുത്തുന്ന കരാറുകളില്‍ ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വെയ്ക്കും.

വീണ്ടും ഡബിള്‍ ട്രീ ഹോട്ടലില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രിയ്ക്ക് അവിടെ തന്നെയാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്.ശുദ്ധ വെജിറ്റേറിയനായ പ്രധാനമന്ത്രിയ്ക്കായി റോട്ടിയും പച്ചക്കറി വിഭവങ്ങളും പഴങ്ങളും യോഗട്ടും അടങ്ങുന്ന സാധാരണ ഭക്ഷണം മാത്രമാണ് തയാറാക്കുന്നത്,ഇതിനായി പ്രധാനമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവരെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയ്ക്ക് വിളമ്പുന്നതിനു മുമ്പായി എസ് പി ജി ഭക്ഷണം പരിശോധിക്കുക എന്ന സാധാരണ പതിവ് ഇവിടെയും ലംഘിക്കില്ല.

1.15 ന് ആരംഭിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായിയുള്ള കൂടികാഴച്ച ഏതാണ്ട് രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കും.നാല് മണിയോടെ പ്രധാനമന്ത്രി ഡബ്ലില്‍ ട്രീ ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നാമമാത്രമായ ഔദ്യോഗിക പരിപാടികളെ ഉള്ളു എന്നതിനാല്‍ കാര്യമായ പ്രചാരണം കൊടുക്കാന്‍ ഇന്ത്യന്‍ എംബസിയോ,ഐറിഷ് സര്‍ക്കാരോ ശ്രമിച്ചിട്ടില്ല.ഐറിഷ് മാധ്യമങ്ങളുമായി കൂടികാഴ്ച്ചയ്ക്ക് അനുമതി നല്‍കാഞ്ഞത് സന്ദര്‍ശനത്തിലെ സമയക്കുറവ് കാരണമാണെന്ന് എംബസി വൃത്തങ്ങള്‍ പറയുന്നു.എങ്കിലും ഏതാനം പ്രധാന പത്രപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി കൂടികാഴ്ച്ച അനുവദിക്കുന്നുണ്ട്.

ഇന്ത്യന്‍ വംശജരെ സന്ദര്‍ശിക്കുകയും അവരുമായി സംവദിക്കുക എന്നതും മാത്രമാണ് പ്രധാനമന്ത്രിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട.അമേരിക്കന്‍ സന്ദര്‍ശനത്തിലാവട്ടെ സ്ഥിതി വ്യത്യസ്തമാണ്.അവിടേയ്ക്ക് ഒട്ടേറെ സംയുക്ത കരാറുകള്‍ പ്രതീക്ഷിച്ചാണ് പ്രധാനമന്ത്രിയുടെ യാത്ര.എങ്കിലും അയര്‍ലണ്ടിലെ മോഡിയുടെ അഞ്ചു മണിക്കൂര്‍ സന്ദര്‍ശനത്തിനു വേണ്ടി ചിലവാക്കപ്പെടുന്നത് പതിനായിരക്കണക്കിനു യൂറോയാണ്.

60 വര്‍ഷങ്ങളുടെ ഇടവേളകള്‍ ഒരു വലിയ കാലാവധി തന്നെയാണ്.2006 ല്‍ ബര്‍ട്ടി അഹന്‍ ഐറിഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.പക്ഷെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ച് അയര്‍ലണ്ടില്‍ എത്താന്‍ വീണ്ടും ഏകദേശം 10 വര്‍ഷം എടുത്തു.നേരിട്ട്, അയര്‍ലണ്ടിന്റെ മേലേ തന്നെ അമേരിക്കയ്ക്ക് പോകാമായിരുന്നിട്ടും ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ നൂറ്റാണ്ടുകളായി നിലവിലുള്ള ചരിത്ര ബന്ധങ്ങളും സമീപകാലത്ത് ഉണ്ടായ വ്യാപാര ബന്ധങ്ങളും കണക്കിലെടുത്ത് ഒരു ട്രാന്‍സിറ്റ് വിസിറ്റിലെങ്കിലും അയര്‍ലണ്ടില്‍ ഇറങ്ങാനും,രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുതുക്കാനും,അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ കാണാനും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് അഭിനന്ദനീയം എന്നേ വിശേഷിപ്പിക്കാനാവു.
ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 


Scroll To Top