Friday December 09, 2016
Latest Updates

തെരഞ്ഞെടുപ്പ് അഞ്ചു നാള്‍ അകലെ; ആരാകും അടുത്ത പ്രധാനമന്ത്രി?

തെരഞ്ഞെടുപ്പ് അഞ്ചു നാള്‍ അകലെ; ആരാകും അടുത്ത പ്രധാനമന്ത്രി?

ഡബ്ലിന്‍: പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിനായി ഏപ്രില്‍ 6ന് ഡയല്‍ കൂടാനിരിക്കെ ആരാകും അടുത്ത പ്രധാനമന്ത്രി എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു. ഫിന്‍ ഗേല്‍ നേതാവ് എന്‍ഡ കെന്നിയെപ്പറ്റിയും ഫിയന്ന ഫാള്‍ അധ്യക്ഷന്‍ മൈക്കല്‍ മാര്‍ട്ടിനെക്കുറിച്ചുമുള്ള ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളുമായി വാര്‍ത്താലോകം നിറയുകയാണ്.

മാര്‍ച്ച് 10ന് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ കെന്നിക്ക് ലഭിച്ചത് 57 വോട്ടാണ്. മാര്‍ട്ടിന് 43ഉം. പ്രധാനമന്ത്രിയാകാനായി കുറഞ്ഞത് 71 വോട്ടെങ്കിലും നേടണം. ഈ സാഹചര്യത്തില്‍ ആറാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിലും ഇവരില്‍ ആര്‍ക്കെങ്കിലും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറയുമോ കൂടുമോ എന്ന കാര്യത്തിലാണ് ആകാംക്ഷ.

ആദ്യ വോട്ടെടുപ്പില്‍ തന്നെ പിന്തുണച്ച 7 ലേബര്‍ ടി.ഡിമാരുടെ പിന്തുണ കെന്നിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. അതേസമയം സ്വതന്ത്ര ടി.ഡി മൈക്കല്‍ ലോറിയുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ട്ടിന് ഇപ്പോഴും 43 പേരുടെ പിന്തുണ തന്നെയാണ് ഉള്ളത്.

കെന്നിയും മാര്‍ട്ടിനും തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ചര്‍ച്ചയില്‍ പ്രത്യേക ധാരണയൊന്നും ഉണ്ടായില്ലെന്നും വാര്‍ത്തകളുണ്ട്. ഫിന്‍ ഗേലിനെ പിന്തുണയ്ക്കുന്നതിനു പകരം ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫിയന്ന ഫാള്‍ ശ്രമം തുടരുകയാണ് എന്നും വാര്‍ത്താവൃത്തങ്ങള്‍ പറയുന്നു. പരസ്പരം പിന്തുണ ലഭിക്കുന്നില്ല എങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനായി സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും, ഗ്രീന്‍ പാര്‍ട്ടിയുടെയും, സ്വതന്ത്രരുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്. അതിനാല്‍ത്തന്നെ ഈ പാര്‍ട്ടികള്‍ ഇവരില്‍ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിനാണ് പ്രസക്തി. അതേസമയം ഈ പാര്‍ട്ടികളെല്ലാം കൂടി ഫിന്‍ ഗേലിനെയോ ഫിയന്ന ഫാളിനെയോ മാത്രമായി പിന്തുണയ്ക്കുമെന്നു കരുതാനും കഴിയില്ല. അതിനാല്‍ ആരാകും പ്രധാനമന്ത്രി എന്നറിയാനായി ഏപ്രില്‍ 6 വരെ കാത്തിരിക്കുക തന്നെ. അന്നും ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ അടുത്ത ഡയില്‍ കൂടുന്നതും കാത്ത് വഴിക്കണ്ണുകള്‍ നീളും.

Scroll To Top