Friday December 09, 2016
Latest Updates

വിദേശസന്ദര്‍ശന വിവാദങ്ങള്‍ക്കിടെ നരേന്ദ്ര മോഡി ചൈനയില്‍; ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്തും

വിദേശസന്ദര്‍ശന വിവാദങ്ങള്‍ക്കിടെ നരേന്ദ്ര മോഡി ചൈനയില്‍; ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്തും

ബെയ്ജിംഗ്: തുടര്‍ച്ചയായ വിദേശസന്ദര്‍ശനങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈന സന്ദര്‍ശനം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോഡി ചൈനയിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെ ചൈനയിലെത്തിയ മോഡിക്ക് ചൈനയുടെ പാരമ്പര്യതകള്‍ വിളിച്ചോതുന്ന സ്വീകരണമായിരുന്നു സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. പ്രോട്ടോക്കോള്‍ ലംഘിച്ചും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മോഡിയെ ആനയിക്കാനെത്തി.

ഇന്ന് ഉച്ചകഴിഞ്ഞ് മോഡി ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്തും. എന്നാല്‍, ചൈനീസ് സര്‍ക്കാരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച വെള്ളിയാഴ്ച്ചയായിരിക്കും. ബെയ്ജിംഗിലായിരിക്കും ഈ കൂടിക്കാഴ്ച്ച. മോഡിയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 10 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 20 വ്യാപാര കരാറുകള്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.

ചൈനാ സന്ദര്‍ശനം ഏഷ്യയ്ക്കും വികസ്വര രാജ്യങ്ങള്‍ക്കും ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സൗഹാര്‍ദ്ദപരമായി പരിഹരിക്കുമെന്ന് മോഡി ഇന്നലെ പറഞ്ഞിരുന്നെങ്കിലും അതിര്‍ത്തി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന ട്രേഡ് ഡെഫിസിറ്റിനെക്കുറിച്ചുള്ള ആശങ്ക ന്യൂഡല്‍ഹി നേരത്തെ ബെയ്ജിംഗിനെ അറിയിച്ചതാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നാളെ നടന്നേക്കും.

Scroll To Top