Monday October 23, 2017
Latest Updates

ലോക രക്ഷയ്‌ക്കെത്തുന്നു…പ്ലാസ്റ്റിക്ക് തീനി പുഴുക്കള്‍ !

ലോക രക്ഷയ്‌ക്കെത്തുന്നു…പ്ലാസ്റ്റിക്ക് തീനി പുഴുക്കള്‍ !

ഡബ്ലിന്‍ : പ്ലാസ്റ്റിക് കാരി ബാഗുകളുള്‍പ്പടെയുള്ള മാലിന്യ ഭീഷണിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രകൃതിദത്ത വഴിയൊരുങ്ങി.പ്ലാസ്റ്റിക് തിന്നുന്ന പുഴുവിനെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി.യൂറോപ്യന്‍ രാജ്യങ്ങളില്‍ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുന്ന ഒരു നിശാ ശലഭപ്പുഴുവാണ് പ്ലാസ്റ്റിക്കിനെ ആഹാരമാക്കുന്നത്.ഗലേറിയ മെലൊണെല്ല എന്നാണ് മെഴുകുപുഴു എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം.ഏറ്റവും സര്‍വസാധാരണമായ പോളി എഥിലിന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് സഹായകമാകുന്ന കണ്ടെത്തലാണിതെന്ന് കറന്റ് ബയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തേനീച്ചക്കൂട്ടിലെ മെഴുക് തിന്നാണ് ഈ പുഴുവിന്റെ ലാര്‍വ വളരുന്നത്.സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിന്‍ ആന്റ് ബയോ ടെക്‌നോളജി ഓഫ് കാന്റാബ്രിയയിലെ ജീവശാത്രജ്ഞ ഫെഡറിക്ക ബെര്‍ട്ടോച്ചിനി യാദൃശ്ചികമായാണ് പുഴുവിന്റെ പ്ലാസ്റ്റിക് തീറ്റ കണ്ടെത്തിയത്.

തേനിച്ച വളര്‍ത്തല്‍ വിനോദമാക്കിയ ഇവരുടെ തേനീച്ചക്കൂട്ടില്‍ പുഴുക്കളുടെ ആക്രമണമുണ്ടായി.കൂടുവൃത്തിയാക്കി പുഴുവിനെ പ്ലാസ്റ്റിക് കൂട്ടിലാക്കി വെച്ചു ഇവര്‍.കുറച്ചു കഴിഞ്ഞ് നോക്കിയപ്പോള്‍ പുഴുക്കള്‍ നിലത്ത് ഇഴഞ്ഞ് നടക്കുന്നതു കണ്ടു. പ്ലാസ്റ്റിക് കൂടിലാകെ തുളകളും.

ഇതേതുടര്‍ന്ന് ബര്‍ട്ടോച്ചിനിയും കേംബ്രിജ് സര്‍വകലാശാലാ സംഘവും ഇതേകുറിച്ച് പഠനം തുടങ്ങി.കുറച്ചു പുഴുക്കളെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു കിട്ടുന്ന പ്ലാസ്റ്റിക് കൂട്ടില്‍ വെച്ചു.

40 മിനിറ്റിനകം കൂടു മുഴുവന്‍ തുളയായി.12 മണിക്കൂര്‍കൊണ്ട് 92 മില്ലിഗ്രാം പ്ലാസ്റ്റിക് പുഴുക്കള്‍ അകത്താക്കി.ഫംഗസും ബാക്ടീരിയയുമൊക്കെ കഴിക്കുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു ഇവരുടെ തീറ്റ.പ്ലാസ്റ്റിക് മുഴുവന്‍ ഇവ ദഹിപ്പിക്കു്ന്നുണ്ടെന്നും കണ്ടെത്തി.എന്‍സൈമോ മറ്റേതെങ്കിലും സംയുക്തങ്ങളാകും ഇതിനു ഇവറ്റയെ സഹായിക്കുന്നതെന്നാണ് നിഗമനം.ഈ എന്‍സൈം എന്തെന്നു കണ്ടെത്തിയാല്‍ അത് വ്യാപകമായി ഉല്‍പ്പാദിപ്പിച്ച് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് വഴിയൊരുക്കാമെന്ന പ്രതീക്ഷയിലാണ് ബെര്‍ട്ടോച്ചിനിയും സംഘവും.വര്‍ഷം എട്ടുകോടി ടണ്‍ മാലിന്യമാണ് ലോകമാകെയുണ്ടാകുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top