Friday December 09, 2016
Latest Updates

ഐ.എന്‍.ഐ.എസിന്റെയും ഇന്ത്യന്‍ എംബസിയുടെയും പേരില്‍ സമാനമായ തട്ടിപ്പ് ,കുടിയേറ്റക്കാര്‍ കരുതിയിരിക്കുക!

ഐ.എന്‍.ഐ.എസിന്റെയും ഇന്ത്യന്‍ എംബസിയുടെയും പേരില്‍ സമാനമായ തട്ടിപ്പ് ,കുടിയേറ്റക്കാര്‍ കരുതിയിരിക്കുക!

ഡബ്ലിന്‍: ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡീപ്പോര്‍ട്ട് ചെയ്യുമെന്ന പേരില്‍ വരുന്ന ഫോണ്‍ കോളുകള്‍ കരുതിയിരിക്കണമെന്ന് ഐറിഷ് നാച്ച്വറലൈസേഷന്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് (ഐ.എന്‍.ഐ.എസ്). ചില കുടിയേറ്റക്കാര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഐ.എന്‍.ഐ.എസില്‍ നിന്നും വിളിക്കുന്നു എന്ന പേരിലാണ് കോളുകള്‍ വരുന്നത്.കുടിയേറ്റക്കാരുടെ സ്വന്തം രാജ്യത്തു നിന്നുള്ള അധികൃതര്‍ അവരെ ഡീപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതായും,ഇതൊഴിവാക്കി കാലാവധി നീട്ടുന്നതിന് പണമടയ്ക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.ഇത് സ്വന്തം രാജ്യത്തെ ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെടുക.കോളറുടെ നമ്പര്‍ ഐ.എന്‍.ഐ.എസിനു സമാനമായതു കാരണം പലരും ഇത് തട്ടിപ്പാണെന്നു മനസ്സിലാക്കാതിരിക്കുന്നത് പണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഐ.എന്‍.ഐ.എസിന്റേതിനു സമാനമായ വെബ്‌സൈറ്റും കാണുന്നതോടെ വിളി ലഭിക്കുന്നവര്‍ പൂര്‍ണ്ണമായും ഇത് വിശ്വസിക്കും.

ഇതിനെതിരെയാണ് ഐ.എന്‍.ഐ.എസ് അധികൃതര്‍ കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അധികൃതര്‍ ഒരിക്കലും ഫോണ്‍ വഴി കോണ്‍ടാക്ട് ചെയ്ത് പണമടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ആര്‍ക്കെങ്കിലും ഡീപ്പോര്‍ട്ടേഷന്‍ നല്‍കുന്ന പക്ഷം, അത് ബന്ധപ്പെട്ടയാളെ രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി അറിയിയിക്കുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇത്തരം കോളുകള്‍ ലഭിക്കുന്നവര്‍ കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പാടുള്ളതല്ലെന്നും, പണമടയ്ക്കാന്‍ പറയുന്ന പക്ഷം ഉടന്‍ തന്നെ ഐ.എന്‍.ഐ.എസ് ഓഫീസുമായോ ഗാര്‍ഡയുമായോ ബന്ധപ്പെടണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

സമാനമായ ഫോണ്‍ കോളുകള്‍ ഇന്ത്യന്‍ എംബസിയുടെ പേരിലും വ്യാപകമായി അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസിയും ഗാര്‍ഡയില്‍ പരാതി നല്കിയിരുന്നു.അവധി ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ അതേ ഫോണ്‍ നമ്പറുകളില്‍ നിന്നും എന്ന രീതിയില്‍ ഇന്ത്യാക്കാരായ ചിലരെ വിളിച്ചു പണം ആവശ്യപ്പെടുകയാണ് ഇവര്‍.യഥാര്‍ഥത്തില്‍ നടത്തിയ അന്വേഷണത്തില്‍ മലേഷ്യയില്‍ നിന്നാണ് ഈ കോളുകളുടെ ഉറവിടം എന്ന് കണ്ടെത്തിയിട്ടുണ്ട്.

പണം അടയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ കെണിയില്‍ വീഴുന്നവര്‍ക്ക് ഇവരും നല്കുന്നത് ഇന്ത്യയിലെ അക്കൌണ്ട് നമ്പര്‍ തന്നെയാണ്.തട്ടിപ്പുകാര്‍ വിളിയ്ക്കുമ്പോള്‍ ഫോണ്‍ എടുക്കാനാവാതെ ആരെങ്കിലും തിരികെ വിളിക്കുമ്പോള്‍ (ഇതിനായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതും ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ തന്നെയാണ്.)ഇന്ത്യന്‍ എംബസിയില്‍ നിന്നും എന്ന രീതിയിലാണ് ഇവര്‍ മറുപടി നല്കുന്നതത്രേ.

കൂടുതല്‍ തട്ടിപ്പുകള്‍ ഈ രീതിയില്‍ പുറത്തു വന്നതോടെയാണ് ഇന്ത്യന്‍ എംബസി ഗാര്‍ഡയ്ക്ക് പരാതി നല്കിയത്.

Scroll To Top