Friday December 09, 2016
Latest Updates

ടാക്‌സ്-ബെനഫിറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഡബ്ലിന്‍ മലയാളിയെ അജ്ഞാതര്‍ മുള്‍മുനയില്‍ നിര്‍ത്തി,തട്ടിപ്പ് സംഘമെന്ന് ഗാര്‍ഡ

ടാക്‌സ്-ബെനഫിറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഡബ്ലിന്‍ മലയാളിയെ അജ്ഞാതര്‍ മുള്‍മുനയില്‍ നിര്‍ത്തി,തട്ടിപ്പ് സംഘമെന്ന് ഗാര്‍ഡ

ഡബ്ലിന്‍:ടാക്‌സ് ബെനഫിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നാരോപിച്ച് ഡബ്ലിന്‍ മലയാളിയെ ഭീഷണിപ്പെടുത്തി അജ്ഞാതരുടെ ഫോണ്‍ സന്ദേശം.
സ്വോര്‍ഡ്‌സില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശിയായ മലയാളിക്ക് ഇന്ന് രാവിലെയാണ് ഐറിഷ് കസ്റ്റംസ് ആന്‍ഡ് എക്‌സൈസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ സന്ദേശം എത്തിയത്.ഈസ്റ്റേണ്‍ യൂറോപ്യന്‍ ആക്‌സന്റില്‍ സംസാരിച്ച ആള്‍ മലയാളി യുവാവ് ടാക്‌സ് ബെനഫിറ്റ് കൈപ്പറ്റിയതില്‍ തട്ടിപ്പ് കാണിച്ചിട്ടുണ്ടെന്നും 2011 മുതല്‍ മൂന്നു വര്‍ഷക്കാലം കൊണ്ട് 2998 യൂറോ അനധികൃതമായി കൈപ്പറ്റിയെന്ന് ആരോപിച്ചുമാണ് യുവാവിനെ ഫോണില്‍ വിളിച്ചത്.

അനധികൃതമായി കൈപ്പറ്റിയ തുകയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണെന്നും 12 മണിക്കൂറിനുള്ളില്‍ ഗാര്‍ഡ വീട് റെയിഡ് ചെയ്ത് അറസ്റ്റ് ചെയ്യുമെന്നും,എയര്‍പോര്‍ട്ടുകളിലടക്കം താങ്കളുടെ പേര്‍ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് നകിയിട്ടുണ്ടെന്നും പറഞ്ഞതോടെ യുവാവ് അങ്കലാപ്പിലായി.വീണ്ടും ഇതേ ഫോണ്‍ നമ്പരില്‍ വിളിച്ച ശേഷം താമസിയാതെ ഗാര്‍ഡ വീട്ടില്‍ എത്തുമെന്നും താങ്കള്‍ അവിടെ ഉണ്ടായിരിക്കണം എന്നും ഫോണ്‍ വിളിച്ചയാള്‍ ഇദ്ദേഹത്തെ അറിയിച്ചു.

യഥാര്‍ഥത്തില്‍ ടാക്‌സ് സംബന്ധമായ യാതൊരു കൃത്രിമവും കാണിച്ചിട്ടില്ലാത്തതിനാല്‍ ആദ്യം സംശയം തോന്നിയെങ്കിലും വിളിച്ച നമ്പരിലേയ്ക്ക് തിരിച്ചു വിളിച്ചു വീണ്ടും ചോദിച്ചപ്പോള്‍ റവന്യൂ ഓഫിസ് എന്ന പേരില്‍ തന്നെയാണ് ഫോണ്‍ എടുത്തവര്‍ സംസാരിച്ചത്.സംഭവത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ മുമ്പ് അറിയിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ അറിയിച്ചത്.മാത്രമല്ല മുമ്പ് മലയാളി യുവാവ് താമസിച്ച വീട്ടിലേയ്ക്ക് പല തവണ ഇത് സംബന്ധിച്ച നോട്ടിസ് അയച്ചിട്ടുണ്ടെന്നും അവയൊന്നും കൈപ്പറ്റാതെ തിരിച്ചു വന്നിട്ടുണ്ടെന്നും ‘ഓഫിസര്‍’അറിയിച്ചു.മുമ്പ് താമസിച്ച വീടിന്റെ അഡ്രസ് കൂടി ഓഫിസര്‍’മണിമണിയായി’അറിയിച്ചപ്പോള്‍ ഫോണ്‍ കോളിന്റെ ‘ആധികാരികത’യെ സംശയിക്കേണ്ടി വന്നില്ലെന്ന് മലയാളി യുവാവ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.മാത്രമല്ല റവന്യൂവുമായി ബന്ധപ്പെട്ട തന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ‘ഓഫിസര്‍’മാര്‍ പറഞ്ഞതോടെ റവന്യൂവിന് എന്തോ തെറ്റ് പറ്റിയതാണെന്നല്ലാതെ വിചാരിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.അത്രയ്ക്ക് വിശ്വാസയോഗ്യമായിരുന്നു ‘തട്ടിപ്പ്കാരുടെ’ അവതരണം.

ഉടന്‍ തന്നെ റവന്യൂവുമായി ബന്ധപ്പെപ്പോള്‍ അത്തരം ഒരു ഫോണ്‍ കോളിന് സാധ്യതയില്ലെന്ന് അവര്‍ വ്യക്തമാക്കി.തുടര്‍ന്ന് സംഭവത്തിന്റെ വസ്തുത തേടി ഗാര്‍ഡ സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സാന്നിധ്യത്തില്‍ തന്നെ ഗാര്‍ഡ ‘റവന്യൂവിന്റെ എന്ന പേരില്‍ തട്ടിപ്പുകാര്‍ തന്ന നമ്പരിലേയ്ക്ക് വിളിച്ചു.മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച തട്ടിപ്പുകാര്‍ ഗാര്‍ഡയുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ആദ്യം പിടിച്ചു നിന്നെങ്കിലും പിന്നീട് ഫോണ്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

റവന്യൂ ഓഫിസില്‍ നിന്നും അപേക്ഷകരുടെ ആവശ്യപ്രകാരം അല്ലാതെ ആരെയും ഒരിക്കലും ഫോണില്‍ ബന്ധപ്പെടാറില്‌ളെന്നും,അത്തരം ഫോണ്‍ കോളുകളെ വിശ്വാസത്തില്‍ എടുക്കരുതെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു.സാധാരണയായി ഇ മെയില്‍ മുഖേനെ റവന്യൂ ഇടപാടുകാരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് പതിവാണെങ്കിലും ഫോണിലൂടെയുള്ള തട്ടിപ്പ് ‘പുതിയ’താണെന്നും ഇത്തരം ഫോണ്‍ കോളുകളുടെ നമ്പരുകള്‍ റവന്യൂവിനെയോ,ഗാര്‍ഡയെയോ എല്പ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഏതെങ്കിലും വിധത്തില്‍ റവന്യൂ ബെനഫിറ്റ് തട്ടിപ്പൂകള്‍ നടത്തുന്നവരെ കണ്ടുപിടിച്ചാണ് ഭീഷണിക്കാര്‍ ഇത്തരം ഫോണ്‍ കോളുകള്‍ ചെയ്യുന്നതെന്നും അവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തട്ടിപ്പ് മാഫിയയ്ക്ക് പണം നല്കി രക്ഷപ്പെടുന്ന സംഭവങ്ങള്‍ പതിവാണെന്നും ഡബ്ലിനിലെ പ്രശസ്തമായ ടാക്‌സ് ബാക്ക് കണ്‍സല്‍ട്ടന്‍സി മുമ്പ് വെളിപ്പെടുത്തിയിരുന്നു.അക്കൂട്ടത്തില്‍ നിരപരാധികളായ ആളുകള്‍ ഉള്‍പ്പെടുമ്പോള്‍ മാത്രമാണ് റവന്യൂവിനോ,ഗാര്‍ഡയ്‌ക്കോ വിവരം കൈമാറുന്നതെന്നാണ് അവര്‍ പറയുന്നത്.

അപ്രതീക്ഷിതമായി വരുന്ന ഇത്തരം വ്യാജകോളുകളെ ഭയക്കേണ്ടതില്ല.ഫോണില്‍ കൂടിയുള്ള ഒരു പ്രോസിക്യൂട്ട് ഭീഷണിയും അയര്‍ലണ്ട് പോലെയുള്ള ഒരു രാജ്യത്ത് ആരും വിശ്വസിക്കുകയില്ല.ആരെങ്കിലും വിശ്വസിക്കുന്നു എന്ന് കണ്ടാല്‍ മാത്രമാണ് തട്ടിപ്പുകാര്‍ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നത്.അത് കൊണ്ട് തന്നെ തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ സംസാരിക്കാന്‍ അവസരം നല്‍കാതെ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യുകയോ ,അവരുടെ ഭീഷണി’ഒരു തമാശ മാതിരി’ആസ്വദിച്ച് പൊട്ടിചിരിച്ച് കൊണ്ട് ക്ഷമയോടെ കേള്‍ക്കുകയും ചെയ്യുക എന്നതുമാണ് ഇവരെ നേരിടാനുള്ള വഴികള്‍ !

Scroll To Top