Saturday March 24, 2018
Latest Updates

ജിഷയുടെ മരണം:തെളിവുകള്‍ ലഭിച്ചതായി സൂചനകള്‍,അയല്‍വാസി അറസ്റ്റില്‍

ജിഷയുടെ മരണം:തെളിവുകള്‍ ലഭിച്ചതായി സൂചനകള്‍,അയല്‍വാസി അറസ്റ്റില്‍

പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു.കൊലപാതകമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ണൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത് പെരുമ്പാവൂരില്‍ എത്തിച്ചു.ജിഷയുടെ അയല്‍വാസിയെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമമെന്ന് കേസ് അന്വേഷിക്കുന്ന ഐജി മഹിപാല്‍ യാദവ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികളായ രണ്ടുപേരാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇവരെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായവരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇവര്‍ രണ്ടു പേരും ജിഷയുമായി അടുത്ത് ബന്ധമുള്ളവരാണെന്നാണ് സൂചന. അറസ്റ്റിലായവരില്‍ ഒരാള്‍ ജിഷയുടെ നൃത്താധ്യാപകനും മറ്റൊരാള്‍ ജിഷയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നയാളുമാണ്. അയല്‍ക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നതായി സമീപവാസി മൊഴി നല്‍കിയിട്ടുണ്ട്. കൂടാത ഒരാള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.

മുന്‍പ് ജിഷയെ ബന്ധുവും അയല്‍ക്കാരനും ചേര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ പോലീസ് നിരക്ഷണത്തിലാണ്. കൊല നടന്ന ദിവസം ഇവര്‍ ജിഷയുടെ വീട്ടിനടുത്ത് തന്നെ ഉണ്ടായതായുമാണ് സംശയം. അന്നേ ദിവസം ജിഷ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടതായും പൊലീസിന് മൊഴി ലഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ചെരുപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികളുടേതാകാമെന്നാണ് നിഗമനം. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ.

വീടിനു സമീപത്തെ പുരയിടത്തില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്.

മൂന്ന് ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാവൂ.

സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പെരുമ്പാവൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. വിവിധ സംഘങ്ങളായി പൊലീസ് ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നത്.

ഇതിനിടെ ജിഷയുടെ സഹോദരി ഭര്‍ത്താവും മറ്റൊരാളും  സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായി വാര്‍ത്തകള്‍ ഉണ്ട്.ജിഷ കൊല്ലപ്പെട്ട ദിവസം ഇയാള്‍ ജിഷയുടെ വീട്ടില്‍ എത്തിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

ജിഷ മരിച്ച വിവരം പൊലീസിനെ വിളിച്ചറിയിച്ചത് കൊലപാതകികളായിരിക്കാമെന്ന് നിഷയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. നേരത്തേ ജിഷയും മാതാവും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു. ഇവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തെരുവോരത്ത് താമസിക്കുന്ന കുടുംബത്തിലായത് കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ച ലോകോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ആദ്യഘട്ടത്തില്‍ രംഗത്തുണ്ടായിരുന്നുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മറ്റു മാധ്യമങ്ങളും,രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായെത്തി.

കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകളാണ് ജിഷ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേശ്വരി രാത്രി എട്ട് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ച് കിടക്കുന്നത് കണ്ടത്. മരണപെട്ട ജിഷയുടെ കഴുത്തിലും, തലക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറില്‍ ഏറ്റ മര്‍ദ്ദനത്തിന്റെ അഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പോലീസ് പറഞ്ഞു.
രാജേശ്വരിയും ജിഷയും വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ രണ്ടു സെന്റു ഭൂമിയില്‍ സിമന്റു കട്ടകൊണ്ടു പണിത ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടക്ക് വീട്ടു ജോലികള്‍ക്കു പോയി കുടുംബം പുലര്‍ത്തിയിരുന്നു എങ്കിലും പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിത്താമസിച്ച് വരികയാണ്. ജിഷ എല്‍എല്‍ബി പരീക്ഷ എഴുതിയിരുന്നതാണ്. ചില വിഷയങ്ങളില്‍ പരാജയപ്പെട്ടതിനാല്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മൂത്തസഹോദരി വിവാഹബന്ധം വേര്‍പ്പെടുത്തി പുല്ലുവഴിയില്‍ മുത്തശിയുടെ കൂടെയാണ് താമസം.

Scroll To Top