Saturday December 10, 2016
Latest Updates

പോളീഷുകാരന് നേരേ കുരുമുളക് സ്‌പ്രേ അടിച്ച സംഭവം:ഗാര്‍ഡ കുറ്റക്കാരനല്ലെന്ന് ഓംബുഡ്‌സ്മാന്‍

പോളീഷുകാരന് നേരേ കുരുമുളക് സ്‌പ്രേ അടിച്ച സംഭവം:ഗാര്‍ഡ കുറ്റക്കാരനല്ലെന്ന് ഓംബുഡ്‌സ്മാന്‍

ഡബ്ലിന്‍:ഭവനരഹിതനായ പോളീഷ് വംശജന് മേല്‍ അറസ്റ്റിനായി അമിതബലപ്രയോഗം നടത്തുകയും കുരുമുളകുസ്‌പ്രേ അടിക്കുകയും ചെയ്തുവെന്ന കേസില്‍ ഗാര്‍ഡ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ അന്വേഷണഫലം. ഗാര്‍ഡ നിസാഹായനായ ആള്‍ക്കുമേല്‍ അമിതബലപ്രയോഗം നടത്തിയെന്നാരോപിച്ച് സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഫലമായാണ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

ഡബ്ലിനിലെ ഹെന്റി സ്ട്രീറ്റിലായിരുന്നു സംഭവം. കൈവിലങ്ങു ധരിച്ച നിലയില്‍ തറയില്‍ കുനിഞ്ഞു കിടക്കുന്ന നിസ്സഹായനായ ആളുടെ മേല്‍ തന്റെ കാല്‍ കൊണ്ടമര്‍ത്തി ഗാര്‍ഡ പിടിച്ചുവച്ചിരിക്കുന്ന രംഗമാണു് വീഡിയോയിലുള്ളത്. ഗാര്‍ഡ കാര്‍ സഹായത്തിനായി എത്തുന്നതുവരെ ഇതു തുടര്‍ന്നതായും വീഡിയോയിലുണ്ട്. 34 വയസ്സുള്ള പ്രതി അമിതലഹരിയിലായിരുന്നുവെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്.
ഹെന്റി സ്ട്രീറ്റില്‍ നിന്നും അഞ്ചു ബോട്ടില്‍ വൈന്‍ വാങ്ങിയ ഇയാള്‍ അതുമുഴുവന്‍ കുടിച്ചു തീര്‍ത്തു. 3.20 ഓടെ ഇയാള്‍ അമിതലഹരിയിലായതു ശ്രദ്ധയില്‍ പെട്ട ഗാര്‍ഡ ഉടന്‍ തന്നെ ഇയാളോടു സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലം വിട്ട ഇയാള്‍ സാധാരണയായി രാത്രി ചിലവഴിക്കറുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കടയുടെ മുന്നില്‍ വിശ്രമമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട ഗാര്‍ഡ 3.30 ഓടെ വീണ്ടും ഇയാള്‍ക്കടുത്തെത്തുകയും സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, തിരികെ മോശം ഭാഷയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് അറസ്റ്റ്ചെയ്യുകയായിരുന്നു. ശാരീരികോപദ്രവം തുടങ്ങിയതിനെ തുടര്‍ന്നാണ് ഗാര്‍ഡക്ക് ഇയാളുടെ മേല്‍ രണ്ടുതവണ കുരുമുളകു സ്‌പ്രേ അടിക്കേണ്ടി വന്നതെന്നും ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ പറയുന്നു.

ഗാര്‍ഡയുടെ അവകാശവാദങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ടതായും, അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ബലം ഗാര്‍ഡ
പ്രയോഗിച്ചുവെന്നതിന് തെളിവില്ലെന്നും ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.

വിവാദമായ വീഡിയോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത കോളേജ് വിദ്യാര്‍ത്ഥി തനിക്ക് ഏറെ വിഷമവും കോപവും തോന്നിയതുകൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് കോടതിയോട് പറഞ്ഞത്.


Scroll To Top