Sunday December 04, 2016
Latest Updates

യെമനില്‍നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു തുടങ്ങി; ആദ്യസംഘത്തില്‍ മൂന്നു മലയാളികള്‍; വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്തും

യെമനില്‍നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു തുടങ്ങി; ആദ്യസംഘത്തില്‍ മൂന്നു മലയാളികള്‍; വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്തും

തിരുവനന്തപുരം/കൊച്ചി: ആഭ്യന്തര കലാപം കൊടുംബിരി കൊണ്ടുനില്‍ക്കുന്ന യെമനില്‍ നിന്ന് രക്ഷപ്പെട്ട ആദ്യ മലയാളികളുടെ സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമായി എത്തി. മൂന്നു പേരുടെ സംഘത്തില്‍ ഒരാള്‍ തിരുവനന്തപുരത്തും മറ്റ് രണ്ടുപേര്‍ കൊച്ചിയിലുമാണ് എത്തിയത്. റൂബിന്‍ ജേക്കബ് ചാണ്ടി, ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് തിരിച്ചെത്തിയത്. എംബസിയുടെ സഹായമുണ്ടായിരുന്നെങ്കിലും സ്വന്തം കൈയ്യില്‍നിന്ന് പണം ചെലവാക്കിയാണ് എത്തിയതെന്ന് തിരികെ എത്തിയവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യെമനിലെ സ്ഥിതിഗതികള്‍ മോശമാണ്. എത്രയും പെട്ടെന്ന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ചേര്‍ന്ന് അവിടെയുള്ള ആളുകളെ തിരികെ നാട്ടിലെത്തിക്കണം. സനയിലും പരിസര പ്രദേശങ്ങളിലുമായുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടാവസ്ഥയിലാണ്. നാട്ടില്‍ പോരുന്ന കാര്യം ഉള്‍പ്പെടെ ആശങ്കയിലായതിനാല്‍ ഇന്ത്യക്കാര്‍ എല്ലാവരും തന്നെ ഭീതിയിലാണെന്നും തിരികെ എത്തിയവര്‍ പറഞ്ഞു.

അതേസമയം യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ട് കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെ പുറപ്പെട്ടു. ദോഹയില്‍ നിന്നു പുറപ്പെട്ട ഏതാനും മലയാളികള്‍ തിരുവനന്തപുരം, കൊച്ചി, മുംബൈ വിമാനത്താവളങ്ങളിലായി ഇന്ന് എത്തും.

കൊച്ചിയില്‍ നിന്നു കോറല്‍, കവരത്തി എന്നീ രണ്ട് കപ്പലുകളാണ് യെമനിലേക്ക് യാത്ര തിരിച്ചത്. സംഘര്‍ഷ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം 80 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടിരുന്നു. ഇതില്‍ 15 മലയാളികളാണ് ദോഹയില്‍ നിന്ന് പല സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുന്നത്.

മൂവായിരത്തോളം മലയാളികളാണ് യെമനിലുള്ളത്. ഇതില്‍ 2100 പേര്‍ തിരിച്ചുവരാന്‍ തയ്യാറാണ്. അതിനിടെ യെമനിലുള്ള പല നഴ്‌സുമാരുടെയും രേഖകള്‍ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എംബസി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവ വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ ഇതില്‍ പലരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Scroll To Top