Thursday December 08, 2016
Latest Updates

വിദേശപൗരന്മാരെ ആക്രമിച്ചു:കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നു

വിദേശപൗരന്മാരെ ആക്രമിച്ചു:കൊളോണില്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നു

ബെര്‍ലിന്‍: കൊളോണ്‍ ആക്രമണത്തില്‍ എയ്ഞ്ചല മെര്‍ക്കല്‍ സര്‍ക്കാരിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കുടിയേറ്റ വിഷയത്തില്‍ ഉദാര നിലപാട് പുലര്‍ത്തുന്ന മെര്‍ക്കലിന്റെ നയങ്ങളാണ് രാജ്യത്തെ ക്രമസമാധാനം തകരാന്‍ കാരണമെന്നാണ് സമരക്കാരുടെ ആരോപണം. ജര്‍മ്മനിയിലെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ജനങ്ങളാണ് സമരരംഗത്തുളളത്.

ഞായറാഴ്ച്ച കൊളോണില്‍ വിദേശപൌരന്മാര്‍ക്കെതിരെ ജനം സംഘടിച്ച് ആക്രമണം നടത്തിയത് അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് കൊളോണ്‍ പോലിസ് വ്യക്തമാക്കി.പാക്കിസ്ഥാന്‍,സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൌരന്മാരെയാണ് പ്രാദേശിക സമൂഹം സംഘം ചേര്‍ന്ന് ആക്രമിച്ചത്.ഇരുപതു പേരടങ്ങുന്ന സംഘമാണ് പാക്കിസ്ഥാന്കാരെ വളഞ്ഞാക്രമിച്ചത്.സമാനമായ ആക്രമണത്തില്‍ നിരവധി സിറിയന്‍ വംശജര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വിദേശ പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ഫേസ്ബുക്കില്‍ കൂടി ആഹ്വാനം നടത്തിയ ശേഷമാണ് മുസ്ലീം വിരുദ്ധ സമിതി എന്നപേരില്‍ രൂപീകരിച്ച സംഘടന നഗരത്തില്‍ ആക്രമണം നടത്തിയത്.സംഭവങ്ങളെ തുടര്‍ന്ന് മറ്റു പല രാജ്യക്കാരും ഭീതിയിലാണെന്ന് പറയപ്പെടുന്നു.മലയാളികളുള്‍പ്പെടെ ഒട്ടേറെ ഇന്ത്യാക്കാരും കൊളോണില്‍ താമസക്കാരായുണ്ട്.

പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ കൊളോണ്‍ നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കുടിയേറ്റ വിരുദ്ധ നിലപാട് ജര്‍മ്മനിയില്‍ ശക്തമായത്. ആഫ്രിക്കന്‍അറബ് രാഷ്ട്രങ്ങളില്‍ നിന്നുളള വന്‍തോതിലുളള കുടിയേറ്റം, ജര്‍മ്മനിയുടെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ കാരണമായെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിക്കുന്നു.

കുടിയേറ്റ വിഷയത്തില്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പുലര്‍ത്തുന്നത് ഉദാര സമീപനമാണന്നാണ് സമരക്കാരുടെ വാദം. ഇതിനെ സാധൂകരിക്കുന്നതാണ് കഴിഞ്ഞദിവസം ജര്‍മ്മന്‍ പോലീസ് പുറത്തുവിട്ട വിവരങ്ങള്‍. പുതുവല്‍സരാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇത്തവണ നാല്‍പ്പത് ശതമാനം വര്‍ദ്ധനവുണ്ടായതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 516 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഭൂരിഭാഗവും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മെര്‍ക്കല്‍ സര്‍ക്കാരിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. കഴിഞ്ഞ ദിവസവും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭകര്‍ കൊളോണില്‍ കൂറ്റന്‍ റാലി നടത്തിയിരുന്നു. റാലി അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ ആഫ്രോഅറബ് വംശജരാണ് സ്ത്രീകളെ കൂട്ടമായി ആക്രമിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. കുടിയേറ്റ നയം പരിഷ്‌കരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനുളള നിലപാടിലാണ് സമരക്കാര്‍.






















Scroll To Top