Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ പ്രവാസി ഭാരതീയ ദിവസ് ആഘോഷം പൊതുസമൂഹത്തെ അറിയിക്കേണ്ടാത്ത രഹസ്യം! സാധാരണ പ്രവാസികള്‍ക്ക് പ്രവേശനമില്ല!

അയര്‍ലണ്ടിലെ പ്രവാസി ഭാരതീയ ദിവസ് ആഘോഷം പൊതുസമൂഹത്തെ അറിയിക്കേണ്ടാത്ത രഹസ്യം! സാധാരണ പ്രവാസികള്‍ക്ക് പ്രവേശനമില്ല!

ഡബ്ലിന്‍:പൊതുസമൂഹത്തെ അറിയിക്കാതെ അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി)ഇന്ന്.എംബസി വെബ് സൈറ്റില്‍ പോലും അറിയിപ്പ് നല്കാതെ തികച്ചും രഹസ്യ സ്വഭാവത്തിലാണ് ഇന്ന് ഡബ്ലിനിലെ പ്രമുഖഹോട്ടലില്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.പ്രവാസിസമൂഹത്തിന് അറിയിപ്പ് നല്കാതെയും പ്രവാസികളുടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താത്പര്യമുള്ളവരെ പങ്കെടുപ്പിക്കാതെയും നടത്തുന്ന ഡബ്ലിനിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വഴി പി.ബി.ഡിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കുന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ത്യയില്‍ വര്‍ഷം തോറും നടത്തിവന്നിരുന്ന പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) സമ്മേളനം ഈ വര്‍ഷം വിദേശത്ത് വിവിധ രാജ്യങ്ങളിലായി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു, ഡല്‍ഹിയിലും മറ്റു നഗരങ്ങളിലുമായി വിപുലമായ തോതില്‍ നടത്തിയിരുന്ന പി.ബി.ഡി സമ്മേളനങ്ങളുടെ ചെറിയ പതിപ്പുകളായിരിക്കും ഇത്തവണ പ്രവാസി ഇന്ത്യന്‍ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളില്‍  ഇന്ന് നടത്തപ്പെടുന്നത്.അതാത് രാജ്യത്തെ ഇന്ത്യന്‍ എംബസികളുടെ ആഭിമുഖ്യത്തിലായിരിക്കും പരിപാടികള്‍. 

ഡബ്ലിനില്‍ സ്റ്റില്‍ഓര്‍ഗന്‍ റോഡിലെ റാഡിസണ്‍ ഹോട്ടലിലാണ് സമ്മേളനം.പി.ബി.ഡി സമ്മേളനത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെലികോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിപ്പ്.

ദക്ഷിണാഫ്രിക്കന്‍ വിപ്രവാസം അവസാനിപ്പിച്ച് ഗാന്ധിജി 1915ല്‍ ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓര്‍മ പുതുക്കല്‍ കൂടി ലക്ഷ്യമിട്ട് 2003 മുതലാണ് ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ ദിവസ് ദിനാചരണം സംഘടിപ്പിച്ചു തുടങ്ങിയത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം വിപുലമായി നടത്തിയാല്‍ മതിയെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു.മുമ്പ് വയലാര്‍ രവി കൈകാര്യം ചെയ്ത പ്രവാസ കാര്യവകുപ്പു തന്നെ വേണ്ടെന്ന് വെയ്ക്കാനും മോഡി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും അവക്ക് പരിഹാരം കണ്ടത്തൊനുമായി വികേന്ദ്രീകരിച്ച സമ്മേളനവേദികള്‍ അവസരമൊരുക്കും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. 

Scroll To Top