Thursday December 08, 2016
Latest Updates

ജോര്‍ജുകുട്ടിയല്ല,ഇത് ജോര്‍ജേട്ടന്‍….പൂഞ്ഞാര്‍ ജനത അഭിമാനപൂര്‍വ്വം മുന്നണികളെ തോല്‍പ്പിച്ചു

ജോര്‍ജുകുട്ടിയല്ല,ഇത് ജോര്‍ജേട്ടന്‍….പൂഞ്ഞാര്‍ ജനത അഭിമാനപൂര്‍വ്വം മുന്നണികളെ തോല്‍പ്പിച്ചു

പൂഞ്ഞാര്‍: പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ താരം പൂഞ്ഞാറുകാരന്‍ പി.സി ജോര്‍ജ് തന്നെ. ചതുഷ്‌കോണ മത്സരത്തില്‍ മൂന്നു മുന്നണികളെയും തറ പറ്റിച്ചാണ് ജോര്‍ജ് വിജയിച്ചത്. അതും തിളങ്ങുന്ന ഭൂരിപക്ഷത്തില്‍. 27821 വോട്ടിനാണ് തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് മാണിയിലെ ജോര്‍ജു കുട്ടി ആഗസ്തിയെ അദ്ദേഹം പരാജയപ്പെടുത്തിയത്.

സ്ത്രീകളുടെയും യുവതലമുറയുടെയും ബഹുഭൂരിപക്ഷം വോട്ടുകളും ജോര്‍ജിന്റെ പെട്ടിയില്‍ വീണു. ഇടതു വലതു മുന്നണികള്‍ ഒരേ പോലെ പി സി യെ തോല്പ്പിക്കുവാന്‍ ശ്രമിച്ചു എങ്കിലും, പൂഞ്ഞാറിലെ ജനങ്ങള്‍ പി സി യുടെ ഒപ്പം തന്നെ നിന്നും തങ്ങളുടെ പ്രിയ നേതാവിന് ഉജ്ജല വിജയം സമ്മാനിച്ചു.കേരളത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയം ആണിത്.

പത്തില്‍ താഴെ ബൂത്തുകളില്‍ മാത്രമാണ് പി സി ജോര്‍ജ് രണ്ടാമനായത്.പൂഞ്ഞാറിലെ എല്ലാ പഞ്ചായത്തുകളും പി സി യ്‌ക്കൊപ്പം ഉറച്ച് നിന്നു.
27,821 വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷത്തോടെയാണു പി സി വിജയക്കൊടി പാറിച്ചത്..

പി സി ജോര്‍ജ് 63,621 വോട്ടുകള്‍ നേടിയപ്പോള്‍, യു ഡി എഫിന്റെ ജോര്‍ജ് കുട്ടി ആഗസ്തിക്ക് 35,800 വോട്ടുകള്‍ മാത്രമേ നേടുവാന്‍ ആയുള്ളൂ . ഇടതു മുന്നണിയുടെ പി സി ജോസഫ് വളരെ ദയനീയമായ പ്രകടനം ആണ് കാഴ്ച വച്ചത്. 22,270 വോട്ടുകള്‍ മാത്രമേ അദ്ദേഹത്തിന് പിടിക്കുവാന്‍ കഴിഞ്ഞുള്ളൂ. എന്‍ ഡി എ യുടെ എം ആര്‍ ഉല്ലാസ് 19,966 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു .

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59809 വോട്ടുകള്‍ ഐക്യ മുന്നണിയുടെ ബാനറില്‍ നേടിയ ജോര്‍ജിന് അതിലേറെ വോട്ട് ഒറ്റയ്ക്ക് ഇത്തവണ നേടാനായി.കഴിഞ്ഞ തവണ 44104 വോട്ടുകള്‍ നേടിയ എല്‍ ഡി എഫിന് അതിന്റെ പകുതി വോട്ടു മാത്രമേ ലഭിച്ചുള്ളു.2011 ല്‍ 5010 വോട്ടു പിടിച്ച ബിജെപി വോട്ടു വിഹിതം എല്‍ഡി എഫിനൊപ്പം എത്തിച്ചതും ശ്രദ്ധേയമായി.
യൂ ഡി എഫിന്റെയും എല്‍ഡി എഫിന്റെയും വോട്ടുകള്‍ പി സി ജോര്‍ജിന് വീണെന്ന് വ്യക്തം.പൂഞ്ഞാറില്‍ പ്രത്യേകിച്ചും രാഷ്ട്രീയമില്ലാത്ത സാധാരണക്കാര്‍ ഒന്നടക്കം പി സി യെ പിന്തുണച്ചപ്പോള്‍,പിന്നോക്കക്കാരും,മുസ്ലീങ്ങളും അദ്ദേഹത്തെ കൈവിട്ടേയില്ലെന്ന് കണക്കുകള്‍ പറയുന്നു.
പള്ളിക്കാരുടെ സ്ഥാനാര്‍ഥി എന്ന പ്രതിശ്ചായ യൂ ഡി എഫിന്റെ ജോര്‍ജുകുട്ടിയ്ക്ക് വിനയായി.പി സി ജോസഫിനാവട്ടെ മറുനാട്ടുകാരനെന്ന വിശേഷണം ദോഷം ചെയ്തു.
ഈ ഒരു വിജയത്തോടെ കേരള രാഷ്ട്രീയത്തില്‍ നെറിയോടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവര്‍ അവരേതു മുന്നണിയായാലും ജനം അംഗീകരിക്കും എന്ന സൂചനയാണ് ഉയര്‍ത്തപ്പെടുന്നത്.സത്യം വിളിച്ചു കൂവുന്നു എന്നതിന്റെ പേരില്‍ പൂഞ്ഞാറിന്റെ പ്രതിനിധിയെ പരാജയപ്പെടുത്താനും അവഹേളിക്കാനും കക്ഷിരാഷ്ട്രീയക്കാര്‍ക്ക് അവസരം കൊടുക്കില്ലെന്നതിന്റെ വ്യക്തമായ പ്രതിഫലനവുമായി പി സി ജോര്‍ജിന്റെ വിജയം.

 

Scroll To Top