Friday December 02, 2016
Latest Updates

പി സി ജോര്‍ജിനെ ഇടതുമുന്നണി കൈവിട്ടു,പൂഞ്ഞാര്‍ ഫ്രാന്‍സീസ് ജോര്‍ജിന്റെ പാര്‍ട്ടിയ്ക്ക്

പി സി ജോര്‍ജിനെ ഇടതുമുന്നണി കൈവിട്ടു,പൂഞ്ഞാര്‍ ഫ്രാന്‍സീസ് ജോര്‍ജിന്റെ പാര്‍ട്ടിയ്ക്ക്

തിരുവനന്തപുരം:പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ ഇടതുമുന്നണി കൈവിട്ടു. പൂഞ്ഞാര്‍ അടക്കം നാല് സീറ്റുകള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി.പി.എം തീരുമാനിച്ചു.ഇന്ന് വൈകിട്ട് മുന്നണി യോഗത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സി.പി.എമ്മില്‍ ഒരു വിഭാഗത്തിന്റെ കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സിറ്റിങ് എം.എല്‍.എയായ പി.സി.ജോര്‍ജിനെ പിന്തുണയ്ക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത്.എന്നാല്‍ സി പി എമ്മിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളും ജോര്‍ജിനെ പിന്തുണച്ചിരുന്നു.
പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് സ്വയം പ്രഖ്യാപിച്ചിരുന്നു. സി.പി.എമ്മിന്റെ പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡല കമ്മറ്റികള്‍ പി.സി.ജോര്‍ജിന് അനുകൂലമായി വന്നെങ്കിലും പിണറായി വിജയന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ജോര്‍ജിനെ ഒഴിവാക്കിയതെന്നറിയുന്നു.

പൂഞ്ഞാര്‍ കൂടാതെ ചങ്ങനാശേരി, ഇടുക്കി, തിരുവനന്തപുരം സീറ്റുകളും ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കും. പൂഞ്ഞാറിലേക്ക് മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, പി.സി. ജോസഫ് എന്നിവരുടെ പേരുകളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്നാണ് സൂചന.പി സി ജോസഫായിരിക്കും സ്ഥാനര്‍ഥിയാവുക.

പൂഞ്ഞാറില്‍ ഇടത് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി. ജോര്‍ജ് മുന്നറിപ്പ് നല്‍കിയിരുന്നു. ഇങ്ങനെ വന്നാല്‍ മണ്ഡലത്തില്‍ വാശിയേറിയ ചതുഷ്‌കോണ മത്സരമാകും നടക്കുക.എസ് എന്‍ ഡി പിയും ബി ജെ പി യും ജോര്‍ജിനെ പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.
അതേ സമയം കേരളാ കോണ്‍ഗ്രസിന്റെ ചങ്കും കരളുമായ പൂഞ്ഞാറും കുട്ടനാടും കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു.

Scroll To Top