Thursday December 08, 2016
Latest Updates

സവിത ഹാലപ്പനവറുടെ മരണം:എച്ച് എസ് ഇ യ്‌ക്കെതിരെയുള്ള നഷ്ടപരിഹാരകേസ് മാര്‍ച്ച് 10 ന് ഹൈക്കോടതി പരിഗണിക്കും 

സവിത ഹാലപ്പനവറുടെ മരണം:എച്ച് എസ് ഇ യ്‌ക്കെതിരെയുള്ള നഷ്ടപരിഹാരകേസ് മാര്‍ച്ച് 10 ന് ഹൈക്കോടതി പരിഗണിക്കും 

ഗാല്‍വേ:ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വച്ച് മരണമടഞ്ഞ ഇന്ത്യക്കാരി സവിത ഹാലപ്പനവറിന്റെ ഭര്‍ത്താവ് പ്രവീണ്‍ എച്ച് എസ് ഇ യ്‌ക്കെതിരെ സമര്‍പ്പിച്ച നഷ്ട്പരിഹാരഹര്‍ജി മാര്‍ച്ച് മാസത്തില്‍ ഡബ്ലിന്‍ ഹൈക്കോടതി പരിഗണിയ്ക്കും.മൂന്ന് ദിവസമെങ്കിലും നീണ്ടു നിന്നേക്കാവുന്ന വാദങ്ങള്‍ മാര്‍ച്ച് 10 നാണ് കോടതി മുമ്പാകെയെത്തുന്നത്. ഇപ്പോള്‍ അമേരിക്കയിലായിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് മടങ്ങിയെത്തുമെന്ന് സോളിസിറ്റര്‍ ജറാല്‍ദ് ഓ ഡോണല്‍ അറിയിച്ചു.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ കേസിന്റെ നഷ്ടപരിഹാരവും റിക്കോര്‍ഡ് കടക്കുമെന്നാണ് നിയമവിദഗ്ദര്‍ നല്‍കുന്ന സൂചന.അത് കൊണ്ട് തന്നെ മാധ്യമങ്ങളടക്കമുള്ളവര്‍ ഇതിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.

എഞ്ചിനീയറായ പ്രവീണ്‍ ഹാലപ്പനവര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ബോസ്റ്റന്‍ സൈന്റിഫിക്കിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ജോലി സംബന്ധമായി കാലിഫോര്‍ണിയയിലെ ലോസ് ഗറ്റൊസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവീണ്‍ അയര്‍ലണ്ട് വിട്ടത്.ഇതിനിടെ പ്രവീണ്‍ മറ്റൊരു വിവാഹം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മറ്റൊരു ജീവിതം ആരംഭിച്ചെങ്കിലും പ്രിയതമയുടെ ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്ന ഗാള്‍വേയില്‍ തുടര്‍ന്ന് ജീവിക്കാന്‍ താത്പര്യം ഇല്ലാതിരുന്ന പ്രവീണിനെ കമ്പനി കൂടി ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നുവത്രേ.

ഇന്ത്യക്കാരിയായ സവിത ഹാലപ്പനവറിന് ഗര്‍ഭഛിദ്രം ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ മരണമടഞ്ഞത് ഏറെ വിവാദമാകുകയും ലോകരാജ്യങ്ങളിലെങ്ങും ചര്‍ച്ചയാകുകയും ചെയ്തു. 2012 ഒക്ടോബര്‍ 28 ന് ഗാല്‍വെയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചാണ് സവിത മരണമടഞ്ഞത്. ഗര്‍ഭധാരണത്തെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള മൂലം സവിതയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭഛിദ്രം ആവശ്യമായിരുന്നു.

എന്നാല്‍ മതപരമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗാല്‍വെ ആശുപത്രി അധികൃതര്‍ സവിതയ്ക്ക് ഗര്‍ഭഛിദ്രം ചെയ്യാന്‍ വിസമ്മതിക്കുകയും ഇതേതുടര്‍ന്ന് സവിത മരണമടയുകയുമായിരുന്നു. സവിതയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ അമ്മയുടെ ജീവന് ഭീഷണി ഉണ്ടെങ്കില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് അയര്‍ലണ്ട് നിയമം പാസാക്കുകയും ചെയ്തു.

സവിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പ്രവീണ്‍ അമേരിക്കയിലേക്ക് കുടിയേറിയത്.എച്ച്എസ്ഇ അധികൃതര്‍ക്കെതിരെയും സവിതയെ പരിശോധിച്ച കാതറിന്‍ അസ്റ്റ്ബറി എന്ന ഡോക്ടര്‍ക്കെതിരെയുമാണ് പ്രവീണ്‍ കേസ് കൊടുത്തിരിക്കുന്നത്. ആശുപത്രി അധികൃതരുടെയും ഡോക്ടറുടെയും ഭാഗത്ത് നിന്നുള്ള അവഗണനയാണ് സവിതയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപോരാട്ടം. ഇത് ന്യായീകരിക്കുന്ന മുപ്പതോളം കാരണങ്ങള്‍ പ്രവീണ്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിയിരുന്നു.

കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള പ്രവീണ്‍ 2008 ലാണ് സവിതയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് അയര്‍ലണ്ടില്‍ കുടിയേറി. അയര്‍ലണ്ടില്‍ ദന്ത ഡോക്ടറായി ജോലിചെയ്തു വരികയായിരുന്നു സവിത ഹാലപ്പനവര്‍.


Scroll To Top