Tuesday May 22, 2018
Latest Updates

സക്കറിയാ ഡബ്ലിന്‍ നഗരത്തെ കേരളത്തിന് പരിചയപ്പെടുത്തുമ്പോള്‍ ….

സക്കറിയാ ഡബ്ലിന്‍ നഗരത്തെ കേരളത്തിന് പരിചയപ്പെടുത്തുമ്പോള്‍ ….

ഡബ്ലിന്‍:മലയാളി സമൂഹത്തിന് ഡബ്ലിന്‍ നഗരത്തെ പരിചയപ്പെടുത്താന്‍ പ്രമുഖ സാഹിത്യകാരന്‍ സക്കറിയയുടെ യാത്രാവിശേഷം പുറത്തിറങ്ങി.മലയാള മനോരമയുടെ വാര്‍ഷിക പതിപ്പിലൂടെ ദേശങ്ങളെ പരിചയപ്പെടുത്തുന്നയിടത്തിലാണ് സക്കറിയ ഡബ്ലിനെ നോക്കികാണുന്നത്.

james_joyce_statueഡബ്ലിനിലെ രാത്ഗറിലാണ് ജനിച്ചതെങ്കിലും ജെയിംസ് ജോയ്സ് അറിയപ്പെട്ടിരുന്നത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാളായാണ്.സക്കറിയായുടെ ഭാഷയില്‍’മദ്യപാനിയും എത്തും പിടിയുമില്ലാത്ത ജീവിതത്തില്‍ വ്യാപൃതനായിരിക്കുന്നവനും.കടം വാങ്ങല്‍ ഒരു യജ്ഞമാക്കിയിരുന്ന പൂര്‍ണ്ണദരിദ്രന്‍.മദ്യപിച്ച് വഴക്കുണ്ടാക്കി വഴിയില്‍ വെച്ച് തല്ലുകൊള്ളുന്നവന്‍’

കഥയും കവിതയും നോവലുകളും പക്ഷേ ഇതിനിടയില്‍ പിറന്നു.ആര്‍ക്കും അവഗണിക്കാനാവാത്ത ആര്‍ജ്ജവമുള്ള ഭാഷയും ആന്തരീക സൗന്ദര്യവും ,കനലെരിയുന്ന ചൂടുമുള്ള ആ എഴുത്തിനെ സാഹിത്യകുതുകികളായ ഐറിഷുകാര്‍ കണ്ടത് പുതു വെളിച്ചമായായിരുന്നു.അത് കൊണ്ട് തന്നെ ജോയ്സിനെ വിമര്‍ശിക്കാന്‍ എത്തിയത് പള്ളിയധികാരികള്‍ മാത്രമായിരുന്നു.എങ്കിലും വിമര്‍ശനത്തിലൂടെ തളരാന്‍ ജെയിംസ് ജോയ്സ് തയ്യാറല്ലായിരുന്നു.

വഴി നടപ്പിനിടയില്‍ കണ്ടു മുട്ടിയ നോറ ബാര്‍നിക്കിള്‍ എന്ന സുന്ദരിയുടെ പിന്തുണ കൂടിയായപ്പോള്‍ ആര്‍ക്കും തടയാനാവാത്ത വിധം വഴിമാറിപ്പോവാന്‍ ആ 22 വയസുകാരന്‍ തീരുമാനിക്കുകയായിരുന്നു.പിന്നീട് യൂറോപ്പിലും അമേരിക്കയിലുമായി അലയുമ്പോഴും ജെയിംസ് ജോയ്സിന്റെ കഥാലോകത്തെ പ്രതലം തന്റെ പ്രിയപ്പെട്ട ഡബ്ലിന്‍ തന്നെയായിരുന്നു.തീവ്രമായ വേദനയോടെയാണ് ഡബ്ലിനെ അദ്ദേഹം ഉപേക്ഷിച്ചത്.

1941 ല്‍ മരിക്കും മുമ്പേ വെറും മൂന്നു പ്രാവശ്യം മാത്രമേ അദ്ദേഹം ഡബ്ലിനില്‍ തിരിച്ചെത്തിയുള്ളൂ.തന്റെ കഥാപാത്രമായ സ്റ്റീവന്‍ ഡെഡാലസിലൂടെ ജെയിംസ് ജോയ്സ് തന്റെ നിലപാട് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.’എനിക്ക് വിശ്വാസമില്ലാത്തതായി തീര്‍ന്നതിനെ ഇനി ഞാന്‍ സേവിക്കില്ല.അതിന്റെ പേര് വീട് എന്നോ പിതൃദേശം എന്നോ സഭ എന്നോ ആകട്ടെ…എന്റെ പ്രതിരോധത്തിന് ഞാന്‍ അനുവദിച്ചിരിക്കുന്നത് മൂന്ന് ആയുധങ്ങളാണ്.മൗനം,നാടുവിടല്‍,സൂത്രശാലിത്വം.’പ്രയോഗികതയോ അതിജീവനപരതയോ വെട്ടിപ്പിടിക്കല്‍ ശേഷിയോ ഇല്ലാത്ത ഒരു കലാകാരന്റെ അവസാനത്തെ കച്ചിതുരുമ്പുകളായാണ് സക്കറിയാ ഇതിനെ വിവരിക്കുന്നത്.

സക്കറിയായുടെ ഡബ്ലിന്‍ കാഴ്ചകള്‍ ബ്‌ളാക്ക് റോക്കിനടുത്തുള്ള സാന്‍ഡികോവിലെ ജെയിംസ് ജോയ്സ് ടവര്‍ ആന്‍ഡ് മ്യൂസിയത്തില്‍ നിന്നാണ് തുടങ്ങുന്നത്.ജോയ്സിന്റെ പ്രശസ്തമായ യൂളിസസ് എന്ന നോവലിന്റെ പണിപ്പുരയായ ഇവിടം ഡബ്ലിനില്‍ എത്തുന്ന ഏതൊരു പുരോഗമനസാഹിത്യകാരന്റെയും ഒരു തീര്‍ത്ഥകേന്ദ്രമാണ് അവിടം.ജെയിംസ് ജോയ്സിന്റെ ഡബ്ലിനിലെ ദീര്‍ഘകാലതാമസ കേന്ദ്രം കൂടിയായിരുന്ന ആ സായുധകോട്ടയിയെ (പീരങ്കികോട്ട)ആ മഹാ കലാകാരനെ അനുസ്മരിക്കാനുള്ള അവശേഷിപ്പുകളുടെ കേന്ദ്രം കൂടിയായാണ് ഐറിഷ് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ജെയിംസ് ജോയ്സിന്റെ ഉറക്കമുറിയില്‍ സക്കറിയ

ഡബ്ലിനിലെ ജെയിംസ് ജോയ്സിന്റെ ഉറക്കമുറിയില്‍ സക്കറിയ

പ്രവാസിയാകാനുള്ള തീരുമാനം സ്വയം കൈക്കൊള്ളുകയായിരുന്നു ജോയ്സ്.ഭാര്യ നോറയ്ക്കെഴുതിയ കത്തില്‍ അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ് ‘അയര്‍ലണ്ടിലെ മത സാമൂഹിക ശക്തികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞാന്‍ ഒറ്റയ്ക്കാണ്.സത്യസന്ധതയോ സ്വാഭാവികതയോ യഥാര്‍ഥ ജീവിതമോ ഇല്ലാത്ത ഒരു സമൂഹമാണ് അയര്‍ലണ്ടിലേത്.’

ജെയിംസ് ജോയ്സിന്റെ ഈ വാക്കുകള്‍ ഇന്നും അന്വര്‍ഥമാണെന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമരജീവിതം അയര്‍ലണ്ടിനെ എങ്ങനെ രക്ഷിച്ചു എന്ന് സക്കറിയാ പറയുന്നില്ല.അത് കൊണ്ട് തന്നെ ജെയിംസ് ജോയ്സിനെ ഡബ്ലിന്റെ പര്യായമാക്കാനാവുകയുമില്ല.എങ്കിലും പ്രവാസിയായിട്ടും ജന്മ നാടിനെ ജീവിതാന്ത്യം വരെ ഹൃദയത്തില്‍ സൂക്ഷിച്ച്,ലോകത്തിന് പുതു ദര്‍ശനം നല്‍കിയയാള്‍ എന്ന നിലയില്‍ ഒരു പക്ഷെ ഡബ്ലിന്റെ മറ്റു സന്താനങ്ങളായ ജോര്‍ജ് ബര്‍ണാഡ് ഷായേക്കാള്‍,ഓസ്‌ക്കാര്‍ വൈല്‍ഡിനെക്കാള്‍,ഡബ്‌ള്യൂ ബി യീറ്റ്സിനേക്കാള്‍ ജെയിംസ് ജോയ്സ് കൂടുതല്‍ സ്വീകാര്യനാവുന്നു എന്നതാണ് ശരി.

-റെജി സി ജേക്കബ്

സാന്‍ഡികോവിലെ ജെയിംസ് ജോയ്സ് ടവര്‍ ആന്‍ഡ് മ്യൂസിയം 

സാന്‍ഡികോവിലെ ജെയിംസ് ജോയ്സ് ടവര്‍ ആന്‍ഡ് മ്യൂസിയം

 

Scroll To Top