Tuesday December 06, 2016
Latest Updates

മടങ്ങി വരണമെന്ന് പാര്‍ട്ടി ,മടക്കമില്ലെന്ന് വി എസ്

മടങ്ങി വരണമെന്ന് പാര്‍ട്ടി ,മടക്കമില്ലെന്ന് വി എസ്

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിട്ടു നില്‍ക്കുന്നത് തെറ്റായ നടപടിയാണെന്നതിനാല്‍ അദ്ദേഹം മടങ്ങിവന്നു സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന സിപിഎം പൊളിറ്റ് ബ്യൂറോയുടെ ആവശ്യം വി എസ് തള്ളി.

പാര്‍ട്ടി തീരുമാനമനുസരിച്ച് വി എസ്സുമായി ഫോണില്‍ ബന്ധപ്പെട്ട പ്രകാശ് കാരാട്ടിനോട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തോ എന്ന് അദ്ദേഹം തിരികെ ചോദിച്ചു.പോളിറ്റ് ബ്യൂറോ അത് വിശദമായി ചര്‍ച്ച ചെയ്യാനിരിക്കുന്നതെയുള്ളൂ എന്നറിയിച്ച കാരാട്ടിനോട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമ്മേളനത്തിലേക്ക് ഇല്ലെന്ന് വി എസ് അറിയിക്കുകയായിരുന്നു.

നേരത്തേ പാര്‍ട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വി എസ്സിനെതിരെ പി ബിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു.’ബഹുജനങ്ങളുടെ പ്രതീക്ഷകള്‍ക്കു വിഎസിന്റെ നീക്കം മങ്ങലേല്‍പ്പിച്ചു,വിഎസ് മാറിനില്‍ക്കുന്നതു മൂലം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളിറങ്ങി , പാര്‍ട്ടിയുടെ കൂടെയുള്ളവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടാകും, ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതരല്ല തുടങ്ങിയ പിബിയുടെ നിരീക്ഷണങ്ങളാണ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ വിഎസ് സമ്മേളനത്തിലേക്ക് മടങ്ങിവരണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും കോടിയേരി പറഞ്ഞു.

വിഎസിന്റെ നടപടി അച്ചടക്കലംഘനമാണെന്ന് കാരാട്ട് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തെ ഇക്കാര്യങ്ങള്‍ ബാധിച്ചില്ല. അജണ്ട പ്രകാരം കാര്യങ്ങള്‍ നടന്നു. വിഎസിനു പറയാനുള്ളത് മുഴുവന്‍ പാര്‍ട്ടി കേള്‍ക്കും. വിഎസ് തിരിച്ചുവരണം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടാണ് സമ്മേളനത്തില്‍ വായിച്ചത്. കരട് റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടിന് വിഎസ് അടക്കം ആരും എതിര്‍പ്പുന്നയിച്ചില്ല. വിഎസിന്റെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ആ കുറിപ്പും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വായിച്ചു. ഇവയെക്കുറിച്ചു സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചത്

Scroll To Top