Friday December 09, 2016
Latest Updates

പാരീസ് ആക്രമണം:അഭയാര്‍ഥികളെ സ്വീകരിക്കുന്നത് അടിയന്തരമായി നിര്‍ത്തിയേക്കും

പാരീസ് ആക്രമണം:അഭയാര്‍ഥികളെ സ്വീകരിക്കുന്നത് അടിയന്തരമായി നിര്‍ത്തിയേക്കും

പാരിസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ ഭീകരാക്രമണം നടത്തിയവരെ തേടി യൂറോപ്പിലുടനീളം തിരച്ചില്‍ ശക്തമാക്കി.ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേര്‍ ബെല്‍ജിയത്തില്‍ പിടിയിലായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.

അക്രമണത്തിനു പിന്നില്‍ മൂന്ന് സംഘങ്ങളാണെന്ന് റിപ്പോര്‍ട്ട്.ഇവര്‍ ഒരേ സമയം പദ്ധതികള്‍ ആസൂത്രണം ചെയ്ത് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു.സംഘത്തില്‍ ഒരു ഫ്രഞ്ച് പൗരനുമുണ്ട്. പാരിസിന് 25 കിലോമീറ്റര്‍ അകലെ കോര്‍കോറോണില്‍ 1985ല്‍ ജനിച്ച ഒരാളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.ഇയാളുടെ വീട്ടില്‍ പോലിസ് തിരച്ചില്‍ നടത്തി. തീവ്രവാദികളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.

ഒരേസമയം മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടന്നതിന് പിന്നില്‍ ഈ സംഘങ്ങളാണ്. ഇതില്‍ ഒരാള്‍ ആക്രമണം നടന്ന ശനിയാഴ്ചയും പാരിസില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കലാഷ്‌നിക്കോവ് റൈഫിളുകളും സ്‌ഫോടക വസ്തുക്കളുമായാണ് ഇവര്‍ എത്തിയത്. ബെല്‍ജിയം രജിസ്‌ട്രേഷനുള്ള രണ്ടു കാറുകളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണ്.

അതേസമയം, സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപത്ത് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തി. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ ഫ്രഞ്ച് സര്‍ക്കാരും ഉത്തരവാദികളാണെന്ന വാദവുമായി സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് രംഗത്തെത്തി. സിറിയന്‍ വിമതരെ സഹായിച്ച ഫ്രഞ്ച് സര്‍ക്കാറിനുള്ള തിരിച്ചടിയാണിതെന്നും അസദ് പറഞ്ഞു.

അതിനിടെ, പാരിസിലെ ഭീകരാക്രമണം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയായി. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അഭയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. സ്‌ഫോടന സ്ഥലത്ത് നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് ലഭിച്ചതു വഴി അഭയാര്‍ഥികളായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രീസ് സ്ഥിരീകരിച്ചു. കൂടാതെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിരലടയാളം അഭയാര്‍ഥികളുടേതുമായി താരതമ്യം ചെയ്യണമെന്ന് ഗ്രീസിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്ന പോളണ്ടും ചെക് റിപ്പബ്ലിക്കും കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. ഇതോടെ മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ നിലപാട് ശക്തമാക്കും. എട്ട് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശനിയാഴ്ച പാരിസില്‍ ആറിടത്തുണ്ടായ ഭീകരാക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടിരുന്നു. 352 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 90 പേരുടെ നില ഗുരുതരമാണ്.

Scroll To Top