Saturday December 03, 2016
Latest Updates

പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടു 

പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടു 

പാല : പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് സിസ്റ്റര്‍ അമല (69)യുടെ മൃതദേഹം കണ്ടെത്തിയത്. പനിബാധിതയായ സിസ്റ്ററെ രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നത് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. നെറ്റിയിലെ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.മുറിയിലെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു .കൊലപാതകമാണോ എന്നും പൊലീസിനു സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.പാലാ കെ.എസ്.ആര്‍.ടി.സി ബസ്റ്റ് സ്റ്റാന്‍ഡിന് സമീപമാണ് മഠം. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു സിസ്റ്റര്‍ അമല. ഇപ്പോള്‍ വിശ്രമജീവിതത്തിലായിരുന്നു.

കോണ്‍വെന്റിന് സമീപത്തെ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോണ്‍വെന്റില്‍ താമസക്കാരായുണ്ട്. രാത്രി കാലങ്ങളില്‍ പലരും ആസ്പത്രിയിലേക്കും തിരിച്ചും കോണ്‍വെന്റില്‍ നിന്ന് പോകാറുണ്ടെന്നും അതിനാല്‍ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതര്‍ പറയുന്നത്.ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി. മണം പിടിച്ച പൊലീസ് നായ മഠത്തിലെ പിന്‍വാതില്‍ വഴി പുറത്തേക്കിറങ്ങി സമീപത്തെ ചെറുപുഷ്പം ആശുപത്രിക്കരികിലുടെ കെഎസ്ആര്‍ടിസി സ്റ്റാര്‍ഡിലെത്തിയാണ് നിന്നത്.താമരശ്ശേരി ബിഷപ്പിന്റെ പിതൃസഹോദരിയുടെ മകളാണ് സിസ്റ്റര്‍ അമല.

കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തിയുടേയും ഏലിയുടേയും മകളാണ് സി.അമല. കര്‍മലീത്ത സന്യാസമൂഹത്തിന്റെ പാലാ പ്രൊവിന്‍ഷ്യല്‍ സി. ലൂസി മരിയ, അസീസി സന്യാസ സഭാംഗം സി.ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.

അതേ സമയം പാലാ ലിസ്യു കര്‍മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് കോട്ടയം എസ്.പി സതീഷ് ബിനോ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 

Scroll To Top