Friday December 09, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് അനധികൃതമായി പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ ഇരച്ചു കയറുന്നു,വരുന്നവരെ ഇറക്കി വിടാനാവാതെ അധികൃതര്‍ 

അയര്‍ലണ്ടിലേയ്ക്ക് അനധികൃതമായി പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ ഇരച്ചു കയറുന്നു,വരുന്നവരെ ഇറക്കി വിടാനാവാതെ അധികൃതര്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലേയ്ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇരച്ചുകയറുന്നതായി ഐറിഷ് നീതിന്യായവകുപ്പ്.യൂ കെ യില്‍ അനധികൃതമായി താമസിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള പാക്കിസ്ഥാനികളാണ് നടപടികളില്‍ നിന്നും രക്ഷനേടി അയര്‍ലണ്ടിലേയ്ക്ക് കടക്കുന്നത്.
അയര്‍ലണ്ടിലേയ്ക്ക് കടന്നുവരാന്‍ സുരക്ഷാ പരിശോധനകള്‍ താരതമ്യേനെ കുറവാണ് എന്നതാണ് ഇങ്ങോട്ടേയ്ക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകാന്‍ കാരണമെന്ന് മന്ത്രാലയം സംശയിക്കുന്നു.
പാക്കിസ്ഥാനില്‍ നിന്നും രാജ്യത്ത് അഭയം അഭ്യര്‍ത്ഥിച്ചുള്ള അപേക്ഷകളില്‍ പത്തുമടങ്ങ് വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ യുകെ ആഭ്യന്തര മന്ത്രാലയവുമായി അയര്‍ലണ്ട് ഇമിഗ്രേഷന്‍ വിഭാഗം ചര്‍ച്ചകള്‍ ആരംഭിച്ചു. അപേക്ഷകരില്‍ വലിയൊരു വിഭാഗം യുകെയില്‍ ഇമിഗ്രേഷന്‍ റെക്കോര്‍ഡുകള്‍ ഉള്ളവരാണ് എന്നതാണ് കാരണം. അപേക്ഷകരില്‍ ഏറെയും യുവാക്കളാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ മാത്രം ഇത്തരത്തില്‍ 550 അപേക്ഷകള്‍ ലഭിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55 മാത്രമായിരുന്നു. അയര്‍ലണ്ടിലെ നിയമമനുസരിച്ച് ഇവര്‍ക്കെല്ലാം തിരികെ യുകെയിലേക്ക് തന്നെ മടങ്ങേണ്ടി വരും. പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നതിനായുള്ള നടപടികള്‍ യുകെയില്‍ തകൃതിയാണ്.
ഇതാണ് അപേക്ഷകരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവിനു കാരണമെന്നാണ് വിലയിരുത്തലുകള്‍.
അതേ സമയം കണ്ടെത്തിയിട്ടുള്ള 550 അപേക്ഷകരുടെ പലമടങ്ങ് പാക്കിസ്ഥാനികള്‍ കഴിഞ്ഞ മാസങ്ങളില്‍ അയര്‍ലണ്ടില്‍ അനധികൃതമായി എത്തിയിട്ടുള്ളതായി മന്ത്രാലയം കരുതുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുസഞ്ചാര ഇടങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് മിനിസ്റ്റര്‍ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കുടിയേറ്റ ദുരുപയോഗം അര്‍ഹരായവരുടെ സാധ്യതയെയാണ് ബാധിക്കുന്നതെന്ന് അധികാരികള്‍ ആശങ്ക രേഖപ്പെടുത്തി.അര്‍ഹരായ അഭയാര്‍ഥികള്‍ക്ക് താമസസ്ഥലം അനുവദിക്കുന്നതിലും, അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലും ഇത് കാലതാമസം വരുത്തും.
വ്യാജ അപേക്ഷകള്‍ തടയുന്നതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള വിസാ അപേക്ഷകളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.പരിശോധനകളില്‍ സംശയിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് റെഫ്യൂജീ ആപ്ലിക്കന്റ്‌സ് കമ്മീഷണറുടെ
ഓഫീസില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം യുകെയിലേക്ക് മടക്കി അയക്കാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാം.ചുരുക്കത്തില്‍ ഇവര്‍ അയര്‍ലണ്ടില്‍ തന്നെ തുടരാനാണ് സാധ്യത.

Scroll To Top