Wednesday December 07, 2016
Latest Updates

ഏന്‍ഡ കെന്നി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല; മൈക്കില്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു

ഏന്‍ഡ കെന്നി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല; മൈക്കില്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു

ഡബ്ലിന്‍: പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിനുശേഷം ആദ്യമായി നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 52% ജനങ്ങളും കെന്നി സര്‍ക്കാരിനെതിരെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് ദി പാഡി പവര്‍ റെഡ് സി നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഫിനഗേലിനായി വോട്ട് രേഖപ്പെടുത്തിയ 20% പേരും, സ്വതന്ത്രര്‍ക്ക് വോട്ട് നല്‍കിയ 69% പേരും ഇതില്‍പ്പെടും.

സര്‍വേയില്‍ പങ്കെടുത്ത 45% പേരുടെയും അഭിപ്രായത്തില്‍ പുതിയ സര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം അധികാരത്തിലുണ്ടാകില്ല. ഫിനഗേലിന് വോട്ട് ചെയ്ത മൂന്നിലൊന്നു പേരും (31%) ഇതേ അഭിപ്രായം പങ്കു വയ്ക്കുന്നവരാണ്.

48% പേര്‍ കെന്നി ഫിനഗേല്‍ നേതൃസ്ഥാനത്തു നിന്നും, പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. കൂടാതെ 32% പേര്‍ ലിയോ വരേദ്കര്‍ കെന്നിയുടെ പിന്‍ഗാമിയാകണമെന്നും അഭിപ്രായപ്പെടുന്നു.

ഇതിനിടെ രസകരമായ ഒരു വോട്ടെടുപ്പും നടന്നു. യു.എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകണോ എന്നതായിരുന്നു ചോദ്യം. വെറും 6% പേരാണ് വേണം എന്ന് അഭിപ്രായപ്പെട്ടത്.

പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ നല്‍കിയ പിന്തുണ ഇങ്ങനെ: ഫിനഗേല്‍ 27%, ഫിയനാഫാള്‍ 25%, ഷിന്‍ ഫെന്‍ 16% (2% വര്‍ദ്ധന), ലേബര്‍ 2% (5% വീഴ്ച). പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സ്വതന്ത്രര്‍ക്കുള്ള ജനപിന്തുണ 13%ല്‍ നിന്നും 9% ആയി കുറഞ്ഞിട്ടുമുണ്ട്.

അതേസമയം ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവ് മൈക്കല്‍ മാര്‍ട്ടിനാണ്. എങ്കിലും ഇലക്ഷന്‍ കാലത്തേക്കാള്‍ പിന്തുണ അദ്ദേഹത്തിന് കുറഞ്ഞിട്ടുണ്ട്. എന്‍ഡ കെന്നിക്കുള്ള പിന്തുണ കുറഞ്ഞു.

വോട്ടെടപ്പില്‍ പങ്കെടുത്ത 61% പേരും ഐറിഷ് വാട്ടര്‍ നിര്‍ത്തലാക്കണം എന്ന അഭിപ്രായവും പങ്കുവച്ചു.

 

Scroll To Top